കൊച്ചി: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സും ചേര്‍ന്ന് പോപ്, ക്ലാസിക്, ഫോക് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട മ്യൂസിക് വിഡിയോകള്‍ക്കായി ഓണ്‍ലൈന്‍ ചാനലിന് തുടക്കമിടുന്നു. ഏറ്റവും നൂതന പ്രൊഡക്ഷന്‍, പോസ്റ്റ്‌പ്രൊഡക്ഷന്‍ സംവിധാനങ്ങളുടേയും വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച കലാകാരന്മാരുടേയും സാങ്കേതികവിദഗ്ധരുടേയും സഹായത്തോടെ ലോകോത്തരനിലവാരമുള്ള മ്യൂസിക് വിഡോയികള്‍ നിര്‍മിക്കാനാണ് ജോയ് മൂവിയുടെ കീഴിലുള്ള ജോയ് മ്യൂസിക് വിഡിയോസ് ലക്ഷ്യമിടുന്നതെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സ് സിഎംഡി ഡോ. അജിത് ജോയ് കിഴക്കേഭാഗത്തും പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടു ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ മ്യൂസിക് വിഡിയോ ആയിരിക്കും സംരഭത്തിന്റെ ആദ്യ പ്രൊഡക്ഷന്‍. ബോളിവുഡ് മോഡലുകളും ഉന്നത സാങ്കേതികവിദഗ്ധരും ഗായകരും ഒന്നിക്കുന്ന ഈ വിഡിയോ ഉദാത്തമായ സ്‌നേഹത്തിന്റെ ആവിഷ്‌കാരം അവതരിപ്പിക്കുമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. ആദ്യവിഡിയോയെത്തുടര്‍ന്ന് പ്രശസ്ത നാടന്‍പാട്ട് ബാന്‍ഡായ മലപ്പുറം തിരുവാലിയിലെ കനല്‍ അവതരിപ്പിക്കുന്ന ആറ് നാടന്‍ പാട്ടുകളുടെ മ്യൂസിക് വിഡിയോ ഒരുക്കും. നാടന്‍പാട്ടുകളുടെ വൈവിധ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഗായകന്‍ കൂടിയായ അതുല്‍ നറുകരയാണ് കനലിന് നേതൃത്വം നല്‍കുന്നത്.
മാസം തോറും ലോകോത്തര നിലവാരത്തിലുള്ള രണ്ടു മ്യൂസിക് വിഡിയോയെങ്കിലും അവതരിപ്പിക്കാനാണ് ചാനല്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. അജിത് ജോയ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തനത് സംഗീതരൂപങ്ങളായ സോപാന സംഗീതം, വടക്കന്‍ പാട്ടുകള്‍, പാണന്‍ പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവയും വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മറ്റ് ക്ലാസിക്, ഫോക് സംഗീതരൂപങ്ങളും ഇങ്ങനെ മികച്ച മ്യൂസിക് വിഡിയോകളിലൂടെ പുനരാവിഷ്‌കരിക്കും. ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, ടെക്‌നിഷ്യന്‍സ് തുടങ്ങി ഉയര്‍ന്നു വരുന്ന ചെറുപ്പക്കാരായ കലാകാരന്മാര്‍ക്ക് അവസരമൊരുക്കാനും ചാനലിന് പദ്ധതിയുണ്ട്.
കമ്പനി നിര്‍മിക്കുന്ന മ്യൂസിക് വിഡിയോകള്‍ക്കും സിനിമകള്‍ക്കുമായി കേരളത്തിലാദ്യമായി ഒരു പുതിയ ഏറി അലക്‌സ മിനി എല്‍എഫ് ക്യാമറയും സ്വന്തമാക്കിക്കഴിഞ്ഞതായി ഡോ. അജിത് ജോയ് പറഞ്ഞു.
മലയാളത്തിലാദ്യമായി ലോകോത്തര മ്യൂസിക് വിഡിയോകള്‍ നിര്‍മിക്കപ്പെടുമെന്നത് സന്തോഷ് ശിവന്റെ സാന്നിധ്യത്തിലൂടെ ഉറപ്പിക്കാമെന്ന് ഗാനരചയിതാവ് ബി കെ ഹരി നാരായണന്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ ദൃശ്യവല്‍ക്കരണത്തിലൂടെ പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങുന്ന പാട്ടുകളെഴുതാന്‍ എനിയ്ക്ക് ധൃതിയായി,' ഹരി നാരായണന്‍ പറഞ്ഞു. മ്യൂസിക് വിഡിയോകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യാന്‍ താനും തയ്യാറെടുപ്പുകളിലാണെന്ന് നര്‍ത്തകനും ഗുരുവും കൊറിയോഗ്രാഫറുമായ എന്‍. ശ്രീകാന്ത് പറഞ്ഞു.
ഘട്ടങ്ങളായി 2535 കോടി രൂപയുടെ നിക്ഷേപത്തോടെ സമ്പൂര്‍ണ സൗകര്യങ്ങളുള്ള വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ സ്ഥാപിക്കാനാണ് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ പരിപാടിയെന്നും ഡോ. അജിത് വെളിപ്പെടുത്തി. ജോയ് മൂവി പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രദീപ് മേനോനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates