ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

"വേദനയുടെ ചിരിയാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി; അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്, ഇന്നസെന്റ് പിറകെയെത്തി"

ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു  ഇന്നസെന്റ്. "കാൻസർ വാർഡിലെ ചിരി " ആ കടത്തലിന്റെ ബാക്കിപത്രമാണ്

സമകാലിക മലയാളം ഡെസ്ക്


 
കാൻസർ എന്ന വേദനയുടെ ചിരിയാണ് തന്നെയും ഇന്നസെന്റിനേയും കൂട്ടിയിണക്കിയ കണ്ണിയെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. ഇന്നസെന്റിന്റെ വിയോ​ഗത്തിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് ദീദി ഇരുവർക്കുമിടയിലെ ബന്ധത്തെക്കുറിച്ച് തുറന്നെഴുതിയത്. "കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി. അതാണ്  ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്. ഇന്നസെന്റ് പിറകെയെത്തി. ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്. അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം. കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ", ദീദി കുറിച്ചു

ദീദി ഫേയ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് . സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്" നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി. എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു . പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു. അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം  വീട്ടിലെത്തി. അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്. 
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ. അതൊരു വേദനയുടെ ചിരിയാണ്. കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി. 
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്. ഇന്നസെന്റ് പിറകെയെത്തി. ചിരി നിലച്ച ഇടമായിരുന്നു അത്. അടക്കിപ്പിടിച്ച കരച്ചിലിന്റെ  മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു  ഇന്നസെന്റ്. "കാൻസർ വാർഡിലെ ചിരി " ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് - 
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്. എന്നാൽ അതിനെ അതിജീവനത്തിന്റെ  ചിരിയാക്കി മാറ്റി ഇന്നസെന്റ്. അതൊരു ആയുധമായിരുന്നു. മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി. ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും  പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.  
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്. അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം. കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ. ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന്  എന്നെ ഉപദേശിച്ചത് ജെയിമാണ്. വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല. നേരത്തെ കാൻസർ നേരിട്ട  ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്. 
ആ ഫോൺ വിളികൾ തുടർന്നു. ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ  അദ്ദേഹം അറീയിച്ചു. സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും പ്രകാശനവേദി  പങ്കിട്ടു.  അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ. കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി. 
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല. 
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല. അത് പ്രതിഷേധാർഹമായിരുന്നു. ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല. അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി. അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. 
ആ ഇന്നസെന്റിന് മാപ്പില്ല. ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് , 
പ്രിയ സഖാവിന് വിട . 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കണ്ണ് നിറയാതെ എങ്ങനെ ഉള്ളി അരിയാം

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

SCROLL FOR NEXT