Sholay, Javed Akhtar ഇൻസ്റ്റ​ഗ്രാം, എക്സ്
Entertainment

Sholay@50 'ബസന്തിയും രാധയുമൊന്നുമില്ല, തുടക്കത്തില്‍ ഒരു കൊള്ളക്കാരനും രണ്ടു പട്ടാളക്കാരും മാത്രം'

ആ സമയത്ത്, ഞങ്ങൾ ബസന്തിയെക്കുറിച്ചോ രാധയെക്കുറിച്ചോ ചിന്തിച്ചില്ല,

സമകാലിക മലയാളം ഡെസ്ക്

അടിയന്തരാവസ്ഥ അമ്പതു ദിവസം പിന്നിട്ട ഘട്ടത്തിൽ 1975ലെ സ്വാതന്ത്ര്യദിനത്തിൽ ഷോലെ പ്രദർശനത്തിനെത്തി. കാര്യമായ ചലനങ്ങളൊന്നും റിലീസ് ദിനത്തിൽ ഷോലെ സൃഷ്ടിച്ചിരുന്നില്ല. നെ​ഗറ്റീവ് റിവ്യൂകൾ തലങ്ങും വിലങ്ങും പാഞ്ഞു. എന്നാൽ കണ്ണടച്ചു തുറക്കും മുൻപേ ഷോലെയുടെ തലവര തന്നെ മാറി, ഒപ്പം ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെയും. വെറും വാമൊഴി കൊണ്ട് മാത്രമായിരുന്നില്ല, ചിത്രത്തിലെ ഡയലോഗുകളുടെ അകമ്പടിയോടെയായിരുന്നു പ്രേക്ഷകർ ചിത്രത്തിന് പ്രചാരണം നൽകിയത്.

അഭിനേതാക്കളായ സഞ്ജീവ് കുമാർ, ധർമേന്ദ്ര, ഹേമ മാലിനി, അമിതാഭ് ബച്ചൻ, പുതുമുഖം അംജദ് ഖാൻ തുടങ്ങിയവർ ഹിന്ദി സിനിമയിൽ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പ്രതിനായക സങ്കൽപ്പങ്ങൾ തകർത്ത വില്ലനെ ജനം നെഞ്ചിലേറ്റി. സോഷ്യൽ മീഡിയ എന്താണെന്ന് പോലും അറിയാത്ത കാലത്ത് 'ജോ ഡർ ​ഗയാ, സംഝോ മർ‌ ​ഗയാ...' തുടങ്ങിയ ഡയലോ​ഗുകൾ കൊച്ചു കുട്ടികൾ പോലും പറഞ്ഞു നടന്നു.

രാജ്യത്തെ അറുപതിലധികം കേന്ദ്രങ്ങളിൽ ഒരു വർഷത്തിലധികം ഹൗസ് ഫുള്ളായി പ്രദർശിപ്പിച്ചു. സെവൻ സമുറായ്, വൺസ് അപോൺ എ ടൈം ഇൻ ദ് വെസ്റ്റ് തുടങ്ങിയ വിദേശ ചലച്ചിത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യൻ സിനിമയിലും ഒരു പരീക്ഷണത്തിന് സിപ്പി ഫിലിംസ് തയ്യാറായത്.

ബോളിവുഡില്‍ പ്രദര്‍ശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചിത്രം കൂടിയാണ് ഷോലെ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം- ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഷോലെയുടെ 50-ാം വർഷത്തിൽ ജാവേദ് അക്തർ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്.

തുടക്കത്തിൽ തങ്ങളുടെ മനസിൽ രാധയോ ബസന്തിയോ ഇല്ലായിരുന്നുവെന്നും ആ സമയത്ത് തങ്ങളുടെ മനസിൽ ഒരു കൊള്ളക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.

"റിട്ടയർ ആയ ഒരു മേജറെയും അച്ചടക്കമില്ലായ്മ കാരണം പുറത്താക്കപ്പെട്ട രണ്ട് സൈനികരെയും കുറിച്ച് ഒരു സിനിമ ചെയ്യണമെന്നത് സലിം സാഹിബിന്റെ ആശയമായിരുന്നു. അതുകൊണ്ട് തന്നെ കഥ അവരെക്കുറിച്ചായിരുന്നു. പക്ഷേ ആർമിയിൽ നിന്നുള്ള ചില പരിമിതികൾ കാരണം നമുക്ക് സ്വാതന്ത്ര്യത്തോടെ അത് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങൾ കഥാപാത്രങ്ങളെ പൊലീസുകാരനും ​ഗുണ്ടകളുമാക്കി മാറ്റി".- അദ്ദേഹം പറഞ്ഞു.

"ആ സമയത്ത്, ഞങ്ങൾ ബസന്തിയെക്കുറിച്ചോ രാധയെക്കുറിച്ചോ ചിന്തിച്ചില്ല, ഞങ്ങളുടെ മനസിൽ ഒരു കൊള്ളക്കാരൻ മാത്രമായിരുന്നു. എന്നാൽ ക്രമേണ കഥ വികസിച്ചപ്പോൾ ധാരാളം കഥാപാത്രങ്ങൾ ചിത്രത്തിലേക്ക് വന്നു ചേർന്നു. അതൊരു മികച്ച മൾട്ടിസ്റ്റാർ ചിത്രമാകുമെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ഇതൊരു മൾട്ടിസ്റ്റാർ ചിത്രമായിട്ടോ ​ഗംഭീര കാഴ്ചാനുഭവം ആകുമെന്നോ ഒന്നും വിചാരിച്ചല്ല പ്ലാൻ ചെയ്തത്. കാലാതീതമായ ഒരു ക്ലാസിക് ആണ് സൃഷ്ടിക്കുന്നതെന്ന് തങ്ങൾക്കൊരു ധാരണയുമില്ലായിരുന്നുവെന്ന്" അക്തർ പറഞ്ഞു.

"സിനിമയുടെ ക്യാൻവാസ് കാലാതീതമായി മാറിയെന്നാണ് എന്റെ വിശ്വാസം. അത് മനഃപൂർവ്വം ചെയ്തതല്ല. കാലാതീതമാക്കാനായി ബോധപൂർവമായ ഒരു ശ്രമവും ഞങ്ങൾ നടത്തിയിട്ടില്ല. അതിൽ മനുഷ്യ വികാരങ്ങളുടെ ഒരു കൂടിച്ചേരലുണ്ടായിരുന്നു.

പ്രതികാരം, പറഞ്ഞതോ പറയാതെ പോയതോ ആയ സ്നേഹം, സൗഹൃദം, ഗ്രാമത്തിന്റെ ലാളിത്യം, ന​ഗരത്തിലെ രണ്ട് ​ഗുണ്ടകളുടെ സ്മാർട്ടനസ് അങ്ങനെയെല്ലാം. എല്ലാ മനുഷ്യ വികാരങ്ങളുടെയും ഒരു സിംഫണി ആയിരുന്നു അത്. അങ്ങനെ ആ സിനിമ സംഭവിച്ചു. ബോധപൂർവമായ ഒരു ശ്രമവും ഉണ്ടായില്ല". -അക്തർ വ്യക്തമാക്കി.

"ഏത് കലാസൃഷ്ടിയാണെങ്കിലും ആ കാലത്തും വരും കാലത്തും പ്രസക്തമാണെങ്കിൽ, വർഷങ്ങളായി ആ ഇൻഡസ്ട്രിയിൽ വരുന്ന മാറ്റങ്ങളൊന്നും ബാധിക്കാതെ കാലാതീതമായി തുടരുന്നുണ്ടെങ്കിൽ ആ കലാസൃഷ്ടി ഇപ്പോഴും പ്രസക്തമാണ്".- അക്തർ പറഞ്ഞു.

തങ്ങളുടെ വ്യക്തി ജീവിതവും കരിയറും ആ വർഷം മാറ്റി മറിച്ചുവെന്നും ജാവേദ് അക്തർ ചൂണ്ടിക്കാട്ടി. ദീവാർ, ഷോലെ എന്നീ ചിത്രങ്ങൾ ഞങ്ങൾക്ക് പണവും പേരും പ്രശസ്തിയുമൊക്കെ നേടിത്തന്നു. അങ്ങനെ 1975 ഞങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന വർഷമായിരുന്നു," അദ്ദേഹം പറഞ്ഞു.

'ഷോലെ' ഇന്ന് മാറ്റിയെഴുതിയാൽ, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമോ? എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "ഷോലെ ഒരിക്കലും മാറ്റിയെഴുതില്ല. ഞങ്ങൾ അത് അങ്ങനെയാണ് ചെയ്തിരിക്കുന്നത്. ഒരുപാട് ആളുകൾ സിനിമയെ അഭിനന്ദിച്ചെത്തി, ഇപ്പോഴും അതിനെക്കുറിച്ച് സ്നേഹത്തോടെ സംസാരിക്കുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്". - ജാവേദ് അക്തർ പറഞ്ഞു.

Cinema News: Screenwriter Javed Akhtar on Sholay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT