സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് രഞ്ജന്‍ പ്രമോദ്. ലാല്‍ ജോസ്-ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന മീശ മാധവന്‍ എന്ന ചിത്രവും രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിലാണ് പിറന്നത്. ചിത്രം ദീലിപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. രഞ്ജന്റെ കരിയറിലേയും ഏറ്റവും വലിയ ഹിറ്റാണ് മീശ മാധവന്‍.
അതേസമയം മീശ മാധവനിലെ അരഞ്ഞാണ മോഷണം രംഗവും അതില്‍ ദിലീപ് പറയുന്ന ഡയലോഗും പിന്നീട് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചര്‍ച്ചകളില്‍ പലപ്പോഴും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതാണ് ദിലീപ് പറയുന്ന 'ഒറ്റ റേപ്പങ്ങ് വെച്ച് തരും' എന്ന ഡയലോഗ്. ഈ ഡയലോഗ് താന്‍ എഴുതിയതല്ലെന്നും തന്റെ സമ്മതമില്ലാതെ ചേര്‍ത്തതില്‍ അതൃപ്തിയുണ്ടെന്നുമാണ് രഞ്ജന്‍ പ്രമോദ് പറയുന്നത്.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജന്‍ പ്രമോദിന്റെ പ്രതികരണം. എന്നാല്‍ തന്നെ അലട്ടുന്ന കാരണം ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് അല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. രഞ്ജന്‍ പ്രമോദ് മീശ മാധവനില്‍ പൂര്‍ണ തൃപ്തനല്ലെന്ന മുമ്പ് ലാല്‍ ജോസ് തന്നെ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''മീശമാധവന്റെ ഔട്ടില്‍ തൃപ്തനല്ലാത്തതിന്റെ കാരണം അതിന്റെ ഔട്ടില്‍ എനിക്ക് തീരെ താല്‍പര്യമില്ലാത്തൊരു കാര്യമുണ്ട്. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ അന്നൊരു സംസാരം ഉണ്ടായിട്ടുണ്ട്. ഒരു സീനിലെ ഡയലോഗുമായി ബന്ധപ്പെട്ടാണത്. അരഞ്ഞാണ മോഷണ സീനുമായി ബന്ധപ്പെട്ട കാര്യമാണ്. അന്ന് അദ്ദേഹം എനിക്ക് തന്ന വാക്ക്, എഡിറ്റില്‍ പോകും എന്നായിരുന്നു. പക്ഷെ ആ ഐഡിറ്റ് കാണാന്‍ മതിയായ സമയം തന്ന് എന്നെ വിളിച്ചില്ല. എറണാകുളത്തു നിന്നും വരാനുള്ളവര്‍ക്കെല്ലാം വരാനുള്ള സമയം കിട്ടി. ചെന്നൈയിലുള്ള എനിക്ക് സമയം കിട്ടിയില്ല. ചിലപ്പോള്‍ അറിയിക്കാന്‍ പറ്റാതെ പോയതുമാകാം. അതൃപ്തി ആ ഒരു കാര്യത്തിലാണ്'' എന്നാണ് രഞ്ജന്‍ പ്രമോദ് പറയുന്നത്.
''പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വിഷയമല്ല. മാധവന്‍ പിന്നീട് പ്രണയിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണത്. അവളോട് മാധവന്‍ എന്ന കഥാപാത്രത്തിന്റെ മനസില്‍ അങ്ങനെ തോന്നുന്നത് വൈകൃതമാണ്. അവളെ കാണുമ്പോള്‍ റേപ്പ് ചെയ്യണം എന്നാണോ അവന് തോന്നേണ്ടത്? അതാണ് പ്രശ്‌നം. അല്ലാതെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് അല്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ ഞാന്‍ ഇപ്പോഴും കാര്യമാക്കുന്നില്ല. നീ പറയുന്നത് പോലെ ജീവിക്കാന്‍ എനിക്ക് സൗകര്യമില്ല. ഞാന്‍ പറയുന്നത് നിനക്ക് സൗകര്യമുണ്ടേല്‍ കേട്ടാല്‍ മതി'' എന്നും അദ്ദേഹം പറയുന്നു.
''ആ കഥാപാത്ര രൂപീകരണത്തിന്റെ പ്രശ്‌നമാണ്. അതിനകത്ത് പറയാവുന്ന അശ്ലീലം ഞാന്‍ തന്നെ എഴുതി വച്ചിട്ടുണ്ട്. ഡബിള്‍ മീനിങ് ഉള്ളൊരു സാധനം ഞാന്‍ നേരത്തെ തന്നെ എഴുതി വച്ചിട്ടുണ്ട്. അതിന്റെ മുകളില്‍ പോയി ഇത്തരം അശ്ലീലം കലര്‍ത്തേണ്ടതില്ല. ഞാന്‍ തന്നെ വൃത്തികേടാക്കിയിട്ടുണ്ട്. അതൊരു റൊമാന്റിക് സീനാണ്. അരഞ്ഞാണത്തിന്റെ വലിപ്പം അടക്കമുള്ള കാര്യങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസിന്റെ വിഷനും ഉത്തരവാദിത്തങ്ങളും വേറെയാണ്. അത്തരം എതിര്‍ അഭിപ്രായങ്ങളൊന്നും വിഷയമല്ല. ഞാന്‍ കാണുന്ന ആങ്കിളിലാകില്ല അദ്ദേഹം കാണുന്നത്.'' എന്നും രഞ്ജന്‍ പ്രമോദ് പറയുന്നു.
ആ സംഭവം തങ്ങളുടെ സൗഹൃദത്തെ ബാധിച്ചു. അതുകൊണ്ടാണ് ഞാന്‍ തൃപ്തനായിരുന്നില്ലെന്ന് ലാല്‍ ജോസ് പറഞ്ഞതെന്നും രഞ്ജന്‍ പറയുന്നു. അതേസമയം, മീശ മാധവന്‍ പോലൊരു സിനിമ ഉണ്ടാക്കാന്‍ പറ്റില്ല എന്ന് ഞാന്‍ വിചാരിക്കുന്നില്ല. അങ്ങനെ വിചാരിച്ചാല്‍ ഞാന്‍ തീര്‍ന്നു. അങ്ങനെ വിചാരിക്കാന്‍ പാടില്ല. ഞാനത് തിരുത്തിപ്പോവുകയാണെന്നും അദ്ദേഹം പറയുന്നു. രണ്ടാം ഭാവം, മീശ മാധവന്‍ എന്നിവയാണ് രഞ്ജന്‍ പ്രമോദ് ലാല്‍ ജോസിനായി എഴുതിയ സിനിമകള്‍. മീശ മാധവന് ശേഷം പിന്നീട് ഇരുവരും ഒരുമിച്ചിട്ടില്ല. ഒ.ബേബിയാണ് രഞ്ജന്‍ ഒടുവിലായി എഴുതി സംവിധാനം ചെയ്ത ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates