റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നോട്ട്ബുക്ക്.' വർഷങ്ങൾക്കിപ്പുറവും ആ സിനിമ നൽകിയ നോവ് സിനിമാ പ്രേക്ഷകർ മറന്നിട്ടില്ല. സിനിമയുടെ കഥാഗതിയും ക്ലൈമാക്സും അന്ന് പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു. ബോബി- സഞ്ജയ് കൂട്ടുകെട്ടിന്റേതായിരുന്നു തിരക്കഥ.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസത്തേക്കുറിച്ച് ഓർത്തെടുക്കുകയാണ് സഞ്ജയ്. ചിത്രത്തിന്റെ റിലീസ് ദിവസം തിയറ്ററിൽ ഭയങ്കര കൂവലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. പോർട്രയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.
"നോട്ട്ബുക്കിന്റെ റിലീസ് ദിവസം ഭയങ്കര കൂവൽ ആയിരുന്നു. ആ കൂവൽ എന്ന് പറഞ്ഞാൽ, തിയറ്ററിൽ നിന്ന് ഒരു ഡയലോഗ് പോലും കേൾക്കാൻ പോലും പറ്റാത്ത തരത്തിലുള്ള കൂവലായിരുന്നു. മാമ്പഴത്തെ കുറിച്ച് പറയുന്ന സീനിലൊക്കെ നിർത്താതെ കൂവലായിരുന്നു. എന്താണ് കാര്യം എന്നുള്ളത് ഞങ്ങൾക്കറിയില്ല. ഇത്രത്തോളം കൂവൽ കിട്ടിയ ഒരു സിനിമ, ഞങ്ങളുടെ എന്നല്ല, നിങ്ങൾ പുറത്തു പോലും കണ്ടിട്ടുണ്ടാകില്ല.
ആദ്യത്തെ ദിവസത്തെക്കുറിച്ചാണ് പറയുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അത് മാറി. ആദ്യത്തെ രണ്ട് ദിവസം തിയറ്ററിൽ ഭയങ്കര അപശബ്ദങ്ങൾ ആയിരുന്നു. വളരെ മോശം റിവ്യൂസും ആയിരുന്നു. പക്ഷേ ആളുകൾ എഴുതിയ റിവ്യൂകൾ പലതും നല്ലതായിരുന്നു. പക്ഷേ തിയറ്ററിലിരുന്ന് നമ്മൾ ആ ഷോ കാണുമ്പോൾ ഈ സിനിമ ഒരു വൻ പരാജയമാണെന്ന് നമുക്ക് തോന്നും. കാരണം മനുഷ്യർ കൂവൽ നിർത്തണ്ടേ.
അങ്ങനെയൊരു അവസ്ഥയായിരുന്നു അതിന്റെ തുടക്കം. എറണാകുളം കവിത തിയറ്ററിലായിരുന്നു അതിന്റെ റിലീസ്. അതിന്റെ തൊട്ടടുത്ത് ഒരു ഹോട്ടലുണ്ട്. അവിടെയായിരുന്നു ഞാൻ താമസിച്ചിരുന്നത്. താഴെ നിന്ന് നോക്കിയാൽ ഈ തിയറ്റർ കാണാം. ആളുകൾ വരുന്നതും പോകുന്നതുമൊക്കെ കാണാം. അപ്പോൾ റോഷനുമുണ്ട് നമ്മുടെയൊപ്പം.
പടം പരാജയമാണെന്ന് ഒരു വാർത്ത വരുന്നു. മൂന്നാമത്തെ ദിവസം സെക്കന്റ് ഷോ കഴിഞ്ഞ് ഒരു പറ്റം ചെറുപ്പക്കാർ പുറത്തേക്ക് ഇറങ്ങുകയാണ്. ഞങ്ങൾ മുകളിൽ ഇരിക്കുകയാണ്. ലൈറ്റ് ഓൺ ചെയ്തതിന് പിന്നാലെ ഇവർ ഞങ്ങളെ കാണുകയും ഞങ്ങളെ മനസിലാക്കുകയും ചെയ്തു.
അവർ ഞങ്ങളെ നോക്കി തംപ്സ് അപ് തന്നു. അവിടെ ഞങ്ങൾക്ക് തോന്നി. ഈ സിനിമ വീഴാൻ പോകുന്നില്ല എന്ന്. കാരണം ഞങ്ങളുടെ ടാർഗറ്റ് ഓഡിയൻസ് ആയിരുന്നു അത്. അവിടെയാണ് ഈ സിനിമ അങ്ങനെ പോകില്ല എന്ന് തോന്നിയത്". - സഞ്ജയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates