നിലപാടുകൾ തുറന്നു പറയുന്ന നടനാണ് ഷൈൻ ടോം ചാക്കോ. ജാതീയതയെക്കുറിച്ചുള്ള താരത്തിന്റെ പരാമർശമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പേരിന്റെയറ്റത്തു നിന്നു ജാതി വാൽ എടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളിൽ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാൻ പറ്റാത്തവരാണ് നമുക്കു ചുറ്റും ഉള്ളതെന്നാണ് ഷൈൻ പറഞ്ഞത്. കഴിഞ്ഞ ദിവസം റിലീസിന് എത്തിയ ഭാരത് സർക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഇന്നത്തെ തലമുറയ്ക്ക് ജാതി സംബന്ധമായ വിഷയങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഒരു സ്ത്രീയുടെ അഭിപ്രായം. എങ്കിൽ എല്ലാവരും മിണ്ടാണ്ടിരിക്കേണ്ടി വരില്ലേ? മാത്രമല്ല, വിപ്ലവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുമെല്ലാം ഓർമിപ്പിക്കേണ്ടതില്ലല്ലോ. കുറേ കാര്യങ്ങളൊക്കെ നമ്മൾ അറിഞ്ഞിട്ട് ഇല്ലാതാക്കേണ്ടതാണ്. ആ സ്ത്രീ അത്രയെങ്കിലും ചിന്തിച്ചല്ലോ എന്നോർത്ത് നമുക്ക് സന്തോഷിക്കാം. ഒരു സിനിമ കൊണ്ടൊന്നും ജാതീയത ഇല്ലാതാകുന്നില്ല, ഇതോരോർമപ്പെടുത്തലാണ്.- ഷൈൻ പറഞ്ഞു.
ഒരു സിനിമ കണ്ടതിനു ശേഷം അതിന്മേൽ ചർച്ചകളുണ്ടാകുന്നു എന്നത് തന്നെ വലിയ നേട്ടമായി കരുതുന്നുവെന്നും താരം പറഞ്ഞു. ആ സിനിമയിൽ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത്. മിക്കവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. എതിരഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. പടം കണ്ടിട്ടാണ് അത്തരം കമന്റുകൾ വരുന്നതും അവർ തുറന്നു സംസാരിക്കുന്നതും. അതു വളരെയധികം സന്തോഷം തരുന്നുണ്ടെന്നും താരം വ്യക്തമാക്കി.
പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ഭാരത് സർക്കസ് നടൻ സോഹൻ സിനുലാലാണ് സംവിധാനം ചെയ്തത്. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയതയെക്കുറിച്ചാണ് ചിത്രം പറഞ്ഞത്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ഷൈൻ എത്തിയത്. ബിനു പപ്പുവാണ് പ്രധാന വേഷത്തിലെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates