വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും (Shine Tom Chacko) കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഷൈനിന്റെ ചികിത്സാർഥം ബംഗളൂരുവിലേക്കുള്ള യാത്രയാണ് കുടുംബത്തെ കണ്ണീരിലാഴിത്തിയത്. അപകടത്തിൽ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു. ഷൈനിനൊപ്പം ഷൂട്ടിങ് ലൊക്കേഷനിലുൾപ്പെടെ പിതാവ് ചാക്കോ പോകാറുണ്ടായിരുന്നു.
തന്റെ ദുശ്ശീലങ്ങള്‍ കുടുംബത്തെ ഒന്നാകെ ബാധിച്ചുവെന്നും അതില്‍നിന്ന് പുറത്തുകടയ്ക്കാനുള്ള ശ്രമത്തിലാണെന്നും അടുത്തിടെ ഷൈന്‍ പറഞ്ഞിരുന്നു. ഒരാളുടെ ജീവിതം പൂര്‍ണമാവുന്നത് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുമ്പോഴാണെന്നും അതിനാല്‍ ഇനിയുള്ള കാലം അച്ഛന്റേയും അമ്മയുടേയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിലേക്കുള്ള യാത്ര പൂര്‍ണമാവുന്നതിന് മുൻപ് ഷൈനിന് അച്ഛനെ നഷ്ടമായി.
ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷൈനിനൊപ്പം നിന്ന വ്യക്തിയാണ് അച്ഛന്‍ സി പി ചാക്കോ. കൊക്കൈന്‍ കേസില്‍ ഷൈന്‍ ജയിലില്‍ പോയപ്പോഴും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായപ്പോഴുമെല്ലാം അച്ഛന്‍ മകന്റെ കൂടെ നിന്നു. അച്ഛനോടൊപ്പം നിര്‍മാണക്കമ്പനി തുടങ്ങിയിരുന്ന ഷൈന്‍ പുതിയ ബാനറില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. കൊക്കൈന്‍ കേസില്‍ ഷൈന്‍ കുറ്റവിമുക്തനായ ശേഷം വികാരനിര്‍ഭരനായാണ് ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
ചെയ്യാത്ത തെറ്റിന് 10 വര്‍ഷത്തോളമായി ഷൈന്‍ പത്മവ്യൂഹത്തില്‍ പെട്ട് കിടക്കുകയായിരുന്നെന്നും ലഹരിക്കേസില്‍ പെട്ട് എന്ന് കരുതി ഷൈനിനെ ആരും മാറ്റി നിര്‍ത്തുകയോ സിനിമകള്‍ ഇല്ലാതാകുകയോ ചെയ്തിട്ടില്ലെന്നും ചാക്കോ പ്രതികരിച്ചിരുന്നു. അവന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും വെറുതേ ഇരിക്കാന്‍ പറ്റാത്തത്ര തിരക്കാണ് മകനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയതിന്റെ സന്തോഷവും ഷൈനിന്റെ അച്ഛന്‍ അന്ന് പങ്കുവെച്ചിരുന്നു. ഷൈനും സഹോദരന്‍ ജോ ജോണുമാണ് ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചതെന്നും റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛനെക്കുറിച്ചും പലപ്പോഴും ഷൈൻ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.
താന്‍ കൊക്കൈന്‍ കേസില്‍ അകപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ താഴെ അച്ഛന്‍ ഇരുന്ന് കരയുന്ന വിഷ്വല്‍ തന്റെ മനസില്‍ നിന്ന് ഒരിക്കലും മായില്ലെന്നും അന്ന് കേസിന്റെ കാര്യം അച്ഛനും അമ്മയും അറിയുന്നത് ചാനല്‍ വഴിയാണെന്നും ഷൈന്‍ പറഞ്ഞിരുന്നു. ആ സമയത്ത് അനിയന്‍ ബാംഗ്ലൂരില്‍ ജോലിക്ക് ആദ്യമായി പോകുന്ന ദിവസമായിരുന്നെന്നും അവന്‍ അത് മാറ്റിവെച്ച് കുടുംബത്തോടൊപ്പം നിന്നുവെന്നും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
'ഈ വക സാധനങ്ങളില്‍ നിന്ന് എനിക്ക് ഒരു പ്ലഷര്‍ കിട്ടുന്നുണ്ട്, ഇപ്പോള്‍ വലിയില്‍ നിന്നാണെങ്കിലും. ആ പ്ലഷര്‍ കൊണ്ട് ബാക്കിയുള്ളവര്‍ക്ക് ഒരു സ്വസ്ഥതയുമുണ്ടാവുന്നില്ല, പ്രഷറില്‍ നിന്ന് പ്രഷറിലേക്കും ടെന്‍ഷനില്‍ നിന്ന് ടെന്‍ഷനിലേക്കും അവരുടെ ജീവിത്തിന്റെ സുരക്ഷിതത്വം ഇല്ലാതാവുകയാണ്. എനിക്കു വേണ്ടിയിട്ടാണെങ്കില്‍ എനിക്കിതൊന്നും ഉപേക്ഷിക്കാന്‍ കഴിയില്ല. ഇവര്‍ക്കു വേണ്ടിയിട്ടാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
അതുകൊണ്ടാണ് ഇനി എനിക്ക് ഇതൊന്നും വേണ്ടെന്ന് തോന്നിയത്. വേറൊരാള്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ്, ചെയ്യണമെന്ന തോന്നല്‍ ആഴത്തില്‍ വരുകയുള്ളൂ. ഉപയോഗിക്കുന്നവരെ കുറ്റം പറയുകയല്ല. ഉപയോഗിക്കാത്തതാണ് നല്ലത് എന്ന് ഞാനൊരിക്കലും പറയുകയില്ല. ഉപയോഗിക്കുന്നത് ഭയങ്കര തെറ്റാണെന്നും ഞാന്‍ പറയില്ല. അത് ഓരോരുത്തരുടെ ശീലങ്ങളാണ്. നമുക്ക് ചുറ്റും നില്‍ക്കുന്നവരുടെ സ്വസ്ഥത കളയുന്നുണ്ടെങ്കില്‍ അത് വിട്ടേക്കുക.'- അന്ന് ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates