തനിക്ക് അർബുദം സ്ഥിരീകരിച്ച നാളുകളെക്കുറിച്ച് പറഞ്ഞ് നടൻ ശിവ രാജ്കുമാർ. യഥാർത്ഥ സ്നേഹം അനുഭവിച്ച ദിനങ്ങളായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും മരണം തൊട്ടടുത്ത് നിൽക്കുന്നതു പോലെ തോന്നി. ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വന്നപ്പോൾ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നു.
ആ ഊർജം എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നും ശിവ രാജ്കുമാർ പറഞ്ഞു. 45 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ്‌വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗാവസ്ഥയിൽ കുടുംബവും ആരാധകരും ഉൾപ്പെടെ എല്ലാവരും പിന്തുണച്ചെന്ന് ശിവ രാജ്കുമാർ പറഞ്ഞു.
ആരാധകരിൽ പലരും തന്റെ നേർക്ക് സങ്കടം അടക്കിപ്പിടിച്ച് നോക്കുകയായിരുന്നു. പക്ഷേ അവരുടെ കണ്ണുകളിൽ എന്തായിരുന്നെന്ന് തനിക്ക് മനസിലാവും. മേക്കപ്പ് മിററിൽ നോക്കുമ്പോൾ ഇത് അവസാനമായിരിക്കുമോ എന്ന് തോന്നിയിട്ടുണ്ട്. ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവുമൊന്നും പണത്തിന് വേണ്ടിയായിരുന്നില്ല.
എല്ലാം സ്നേഹത്തിനു വേണ്ടി മാത്രമായിരുന്നെന്നും താരം പറഞ്ഞു. "എനിക്കെന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കണമായിരുന്നു. പാതിവഴിയിൽ നിർത്തിപ്പോയി എന്ന് ആർക്കും തോന്നാൻ ഇട വരരുത്. അതുകൊണ്ടാണ് ജോലിയെല്ലാം തീർത്ത ശേഷം മാത്രം ചികിത്സയ്ക്ക് പോയത്. ദൈവം സഹായിച്ച് കീമോ ചെയ്തതിനു ശേഷം മുടി കൊഴിഞ്ഞില്ല.
എനിക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. ആ ഊർജം എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. ഷൂട്ടിങ് കഴിഞ്ഞ് ചികിത്സയ്ക്ക് പോകുമ്പോൾ ചുറ്റുമുള്ളവർ കരയുന്നത് കണ്ടു. യഥാർത്ഥ സ്നേഹം ഞാനവിടെ കണ്ടു." ശിവ രാജ്കുമാർ പറഞ്ഞു. അങ്ങനെയൊക്കെ തോന്നാൻ താൻ അവർക്ക് ആരായിരുന്നുവെന്ന് ശിവ രാജ്കുമാർ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
ഒരു നടൻ മാത്രമായിരുന്നോ? അതോ അതിനും മേലെ എന്തെങ്കിലുമായിരുന്നോ? ഇതിലുപരി ജീവിതത്തിൽ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ വർഷമാണ് ശിവ രാജ്കുമാറിന് മൂത്രാശയത്തിൽ അർബുദം സ്ഥിരീകരിച്ചത്. 2024 ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് (എംസിഐ) അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഈ വർഷം ജനുവരി ഒന്നിന് താൻ രോഗമുക്തനായെന്ന് താരം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates