നടൻ ശ്രീനിവാസന്റെയും മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടി ശോഭന. തന്റെ പ്രിയ സഹപ്രവർത്തകരുടെ നഷ്ടത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് താരം പങ്കുവെച്ചത്. ശ്രീനിവാസനുമായും മോഹൻലാലുമായും അത്രയേറെ ആത്മബന്ധമുള്ള ശോഭന, ആ ഓർമ്മകളുടെ ഭാരത്താലാണ് പ്രതികരിക്കാൻ വൈകിയതെന്നും തന്റെ കുറിപ്പിലൂടെ പറഞ്ഞു.
ശോഭനയുടെ കുറിപ്പ്
‘എന്റെ പ്രിയ സഹപ്രവർത്തകൻ ശ്രീനിവാസന്റെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നായതു കൊണ്ടാണ് ഇത് പരസ്യമായി പങ്കുവെക്കാൻ എനിക്ക് കുറച്ച് സമയമെടുത്തത്; അദ്ദേഹത്തിന്റെ കുടുംബത്തിനും കലാലോകത്തിനും നഷ്ടമായത് ബഹുമുഖ പ്രതിഭയായ ഒരു കലാകാരനെ മാത്രമല്ല, അതിലുപരി തികഞ്ഞൊരു മനുഷ്യ സ്നേഹിയെ കൂടിയാണ്.
പ്രിയപ്പെട്ട ശ്രീനിവാസൻ ചേട്ടന് ആദരാഞ്ജലികൾ, താങ്കളുടെ അനശ്വരമായ സൃഷ്ടികളിലൂടെ താങ്കൾ എന്നും ഓർമ്മിക്കപ്പെടും. അതോടൊപ്പം തന്നെ, ശ്രീ മോഹൻലാലിന്റെ പ്രിയ മാതാവ് ശ്രീമതി ശാന്തകുമാരിയുടെ വിയോഗത്തിൽ അദ്ദേഹത്തിനും കുടുംബത്തിനുമുള്ള എന്റെ ഹൃദയം നിറഞ്ഞ അനുശോചനവും ഈ അവസരത്തിൽ അറിയിക്കുന്നു’. ശോഭന കുറിച്ചു.
മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരു കൂട്ടുകെട്ടിന്റെ ഓർമ്മപ്പെടുത്തലുകൾ കൂടിയായി ശോഭനയുടെ വാക്കുകൾ. 'നാടോടിക്കാറ്റിലെ' ദാസനും വിജയനും രാധയുമായി വന്ന് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സുന്ദരനിമിഷങ്ങൾ മലയാളിക്ക് ഇന്നും മറക്കാനാവാത്തതാണ്.
'വെള്ളാനകളുടെ നാട്', 'തേന്മാവിൻ കൊമ്പത്ത്' തുടങ്ങി അനശ്വരമായ നിരവധി ചിത്രങ്ങളിൽ ശ്രീനിവാസനും മോഹൻലാലിനുമൊപ്പം ശോഭന പങ്കിട്ട സ്ക്രീൻ കെമിസ്ട്രി ഇന്നും സിനിമാ പ്രേമികളുടെ ഹൃദയത്തിലുണ്ട്. ഈ മാസം 20 നായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചി എളമക്കരയിലെ വീട്ടിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വിയോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates