ഗായകൻ അർജിത് സിങ്ങിന്റെ വിരമിക്കൽ തെല്ലൊന്നുമല്ല ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. വിരമിക്കൽ വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. എന്നാൽ സംഗീതം ചെയ്യുന്നത് താൻ നിർത്തില്ലെന്നും ആരാധകരോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അർജിത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ഗായിക ശ്രേയ ഘോഷാൽ.
അർജിത് പങ്കുവച്ച പോസ്റ്റിൽ കമന്റായി കുറിച്ചാണ് ശ്രേയ തന്റെ പിന്തുണ അറിയിച്ചത്. അർജിത്തിന്റെ പുതിയൊരു തുടക്കമാണിതെന്നാണ് ശ്രേയ കുറിച്ചിരിക്കുന്നത്. അർജിത് ഇനി എന്താണ് ഒരുക്കുന്നത് എന്ന് കേൾക്കാനും അനുഭവിക്കാനുമായി താൻ ശരിക്കും ആവേശത്തിലാണെന്നും ശ്രേയ പറഞ്ഞു.
"അർജിത് സിങ്ങിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിത്. ഈ പ്രതിഭയുടെ അടുത്ത സൃഷ്ടി കേൾക്കാനും അനുഭവിക്കാനും എനിക്ക് ശരിക്കും ആവേശമുണ്ട്!! ഇതൊരു യുഗത്തിന്റെ അവസാനമാണെന്ന് ഒരിക്കലും പറയാനാകില്ല.
പരമ്പരാഗതമായ ഉപാധികളും മാധ്യമങ്ങളും ഉപയോഗിച്ച് ഒരു മികച്ച കലാകാരനെ ഒരിക്കലും നിർവചിക്കാനോ, ഒരു നിശ്ചിത ഫോർമുലയിൽ ഉൾപ്പെടുത്താനോ കഴിയില്ല. എന്റെ പ്രിയപ്പെട്ട അർജിത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ സമയമായി".- ശ്രേയ ഘോഷാൽ കുറിച്ചു. അതേസമയം സിനിമാ മേഖലയിലും സംഗീത ലോകത്തുമുള്ള നിരവധി പ്രമുഖരാണ് അർജിത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്.
"എല്ലായ്പ്പോഴും സ്നേഹവും ബഹുമാനവും. നിങ്ങൾ നൽകിയ എല്ലാത്തിനും നന്ദി"- എന്നാണ് ഗായകൻ അർമാൻ മാലിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതോടൊപ്പം, "നമ്മുടെ ആത്മാവിന് മാറി ചിന്തിക്കേണ്ടത് എപ്പോഴാണെന്ന് അറിയാം. നദി വീണ്ടും കടലിൽ ചേരുന്നത് എവിടെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ ഒഴുക്കിലും അതിനെ നയിക്കുന്ന കൃപയിലും വിശ്വസിക്കുന്നു. പിന്നണി ഗാന രംഗത്ത് നിങ്ങൾ നൽകിയ എല്ലാത്തിനും നന്ദി"- എന്നും അർമാൻ മാലിക് എക്സിൽ കുറിച്ചിട്ടുണ്ട്.
"നിങ്ങളുടെ ശബ്ദമില്ലാത്ത ഒരു ബ്ലോക്ബസ്റ്റർ സിനിമ സങ്കല്പിക്കാൻ പോലും കഴിയില്ല. പക്ഷേ എല്ലാ ആശംസകളും നേരുന്നു സാർ, നിങ്ങളുടെ സോളോ ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു".- എന്നാണ് മലയാളികളുടെ ഉണ്ണിയേട്ടൻ കിലി പോൾ കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates