ദേശീയ പുരസ്കാരം നേടിയ ഗായിക നഞ്ചിയമ്മയ്ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാർ. പുരസ്കാര പ്രഖ്യാപനതിനു ശേഷം ഉയർന്ന ചർച്ചകൾ അനാവശ്യമാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും സിതാര പറഞ്ഞു. നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം വെളിപ്പെടുത്തിയായിരുന്നു സിതാര സംസാരിച്ചത്.
സിതാരയുടെ വാക്കുകൾ
‘നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ ഒരു സ്ഥലത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഈ ചർച്ചകളൊന്നും അവർ അറിയുന്നില്ല. ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായങ്ങൾ ഉണ്ട്. അത് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതിൽ തെറ്റും ശരിയുമില്ല. പക്ഷേ അഭിപ്രായപ്രടനങ്ങൾ പിന്നീട് തർക്കങ്ങളിലേയ്ക്കും വഴക്കുകളിലേയ്ക്കും മാറുന്നു. ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാകുന്നു. ചീത്തവിളികൾ ഉണ്ടാകുന്നു. ഇതിന്റെയൊക്കെ ആവശ്യമെന്താണ്? സംഗീതത്തെക്കുറിച്ചല്ലേ നമ്മൾ ചർച്ച ചെയ്യുന്നത്. സിനിമയിലെ പാട്ടുകൾ സിനിമാ സന്ദർഭങ്ങൾക്കനുസരിച്ചു വരുന്നതാണ്. അതിനെ അങ്ങനെ തന്നെ കണ്ടാൽ പോരെ? അല്ലാതെ ഒരു പുരസ്കാരം പ്രഖ്യാപിച്ച ശേഷം നമ്മൾ അതിനെക്കുറിച്ചു ചർച്ച ചെയ്തു ലഹളകളുണ്ടാക്കുന്നതെന്തിനാണ്. പുരസ്കാരം പ്രഖ്യാപിച്ചതോടെ അത് അവിടെ തീർന്നു. അങ്ങനെ വിചാരിച്ചാൽ പോരെ?
എത്രയോ സംഗീതശാഖകളുണ്ട് നമ്മുടെ രാജ്യത്ത്? ഇവിടെ ജനപ്രിയമായത് സിനിമാഗാനങ്ങൾ ആയതുകൊണ്ടാണ് ആ സംഗീതത്തെക്കുറിച്ചു കൂടുതൽ ചർച്ചകൾ ഉണ്ടാകുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം മാറ്റിവച്ചവരുടെ ലക്ഷ്യം സിനിമയല്ല. അവർക്കു സിനിമയിൽ പാടണമെന്ന് ആഗ്രഹമില്ല. പിന്നണിഗായകരാകാൻ താത്‍പര്യമുള്ളവർ ആ വഴി തിരഞ്ഞെടുക്കട്ടെ. അല്ലാത്തവർ താന്താങ്ങളുടേതായ ലക്ഷ്യത്തിലേയ്ക്കു നീങ്ങട്ടെ.നമുക്കിടയിൽ നിന്നും ഇല്ലാതായിപ്പോകുന്ന ഒരുപാട് സംഗീതശാഖകൾ ഉണ്ട്. അതിനെയൊക്കെ തിരിച്ചുപിടിക്കണം. അത്തരം സംഗീതശാഖകളിൽ ജീവിതം അർപ്പിച്ചിട്ടുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അവരെ പരിഗണിക്കുകയും വേണം. സിനിമയുടെ പുരസ്കാരങ്ങൾ സിനിമയ്ക്കുള്ളതാണ്. അതിനെ ആ രീതിയിൽ തന്നെ കാണുക. പുരസ്കാരങ്ങൾ നിർണയിക്കുന്നത് വ്യക്തികൾ ആണല്ലോ, അപ്പോൾ അതിനെ ആ പ്രാധാന്യത്തിൽ മാത്രം കണ്ടാൽ പോരെ? പുരസ്കാര പട്ടിക പുറത്തു വരുമ്പോൾ അത് വ്യക്തിപരമായ ചീത്തവിളികളിലേയ്ക്കും ബഹളത്തിലേയ്ക്കും പോകാതിരുന്നാൽ നമുക്ക് സമാധാനത്തോടെയിരിക്കാമല്ലോ. നമുക്ക് നല്ല പാട്ടുകൾ ഉണ്ടാക്കാം, കേൾക്കാം, ആസ്വദിക്കാം.
നഞ്ചിയമ്മയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചതിൽ വ്യക്തിപരമായി ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്. അവരുടെ പാട്ടുകൾ നേരെ ഹൃദയത്തിലേയ്ക്കാണു വന്നു പതിക്കുന്നത്. നാം ഇപ്പോൾ കേൾക്കുന്ന പല പാട്ടുകളും പ്രകൃതിയിൽ നിന്നുണ്ടായ ശബ്ദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. ഇത്തവണ നഞ്ചിയമ്മയ്ക്കു പുരസ്കാരം കിട്ടിയപ്പോൾ പ്രകൃതിയോടിണങ്ങിയ ആ സംഗീതശാഖയിലേയ്ക്കു മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്തുന്നു. അന്യം നിന്നു പോകുന്ന പല പാട്ടുകളും സംഗീതശേഖരങ്ങളും നമുക്ക് തിരിച്ചുകിട്ടാനുള്ള ഒരു വഴി ആയിരിക്കാം അത്. വലിയ ഗായകരൊന്നും പുരസ്കാരത്തെക്കുറിച്ചോർത്തു വിഷമിക്കാറില്ല. അവർ സംഗീതത്തോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് ജീവിതം പൂർണമായും സംഗീതത്തിൽ അർപ്പിച്ചിരിക്കുന്നത്’, സിതാര ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates