സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരായ ദമ്പതിമാരാണ് ഗ്രീഷ്മ ബോസും അഖില്‍ വിദ്യാധറും. ഇരുവരുടേയും റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നതാണ്. വീട്ടിലെ രസകരമായ സംഭവങ്ങളും സാമൂഹത്തിലെ ചര്‍ച്ചാ വിഷയങ്ങളുമൊക്കെ അവതരിപ്പിച്ച് ഇരുവരും കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഗ്രീഷ്മയും അഖിലും നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഒരു നടനോട് കഥ പറയാന്‍ ചെന്നപ്പോഴുണ്ടായ മോശം അനുഭവമാണ് വൈറലാകുന്ന വിഡിയോയില്‍ അഖില്‍ പങ്കുവെക്കുന്നത്. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. അഖില്‍ പറയുന്നത് ഇങ്ങനെയാണ്:
''ഇന്‍ഡസ്ട്രിയിലെ വലിയൊരു നടനുണ്ട്. അദ്ദേഹത്തെ ഞാനിങ്ങനെ ഇടയ്ക്ക് വിളിക്കും, ചേട്ടാ സബ്ജക്ട് ഒന്ന് കേട്ട് നോക്കൂവെന്ന് പറയും. മോനെ ഞാന്‍ ഭയങ്കര തിരക്കാണെന്ന് പറയും. ലാല്‍ സാറല്ല, അതുപോലെ അനുകരിക്കുന്ന ആളാണ്. പ്രശസ്തനായൊരു സംവിധായകന്‍ ക്രിട്ടിക്കലായി ആശുപത്രിയിലായിരുന്ന സമയം. അദ്ദേഹം മരിച്ചു പോയി. അടുത്ത സുഹൃത്താണ്. തൃശ്ശൂര്‍ ഒരു ആശുപത്രിയില്‍ അദ്ദേഹം ക്രിട്ടിക്കലായി കിടക്കുന്ന സമയത്താണ് ഞാന്‍ ഈ നടനെ വിളിക്കുന്നത്. എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞു.
ഞാന്‍ എറണാകുളത്താണ്. കാശ് എന്ന് പറയുന്ന സാധനമേയില്ല. സുഹൃത്തിന്റെ ബൈക്കുണ്ട്. ചില്ലറയൊക്കെ നുള്ളിപ്പെറുക്കി പെട്രോളടിച്ച് പോയി.ചെറുതായി മഴയൊക്കെ കൊണ്ടു. കഥ പറയാന്‍ റെഡിയായി ഞാന്‍ അവിടേക്ക് ചെന്നു. എന്തിനാണ് ആശുപത്രിയിലേക്ക് വിളിപ്പിച്ചതെന്ന് എനിക്ക് മനസിലായിട്ടില്ല. ആ ടൈമില്‍ അദ്ദേഹത്തിന് പ്രത്യേക കളറിലൊരു ബെന്‍സുണ്ട്. ഡ്രൈവറെ കണ്ടപ്പോള്‍ ചേട്ടന്‍ മുകളില്‍ ഐസിയുവിന്റെ മുന്നിലുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വിഷമിച്ച് ഇരിക്കുകയാണ്. അടിച്ചുണ്ടായിരുന്നു.
അഖിലല്ലേ, താഴെ നില്‍ക്കൂവെന്ന് പറഞ്ഞു. ഞാന്‍ താഴെ വന്ന് കാത്തു നിന്നു. താഴെ വന്ന ശേഷം കാറില്‍ കയറി. ഡ്രൈവറോട് മാറി നില്‍ക്കൂ, അഖിലിനോട് സംസാരിക്കണമെന്ന് പറഞ്ഞു. അദ്ദേഹം കാറില്‍ വിഷമിച്ച് ഇരിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് അകത്ത് കിടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ എന്നെ എന്തിനാണ് വിളിച്ചു വരുത്തിയത് എന്ന് ഞാന്‍ ചിന്തിച്ചു. ചേട്ടന്‍ ഒക്കെയല്ലെങ്കില്‍ പിന്നെ വരാം എന്ന് ഞാന്‍ പറഞ്ഞു.
നോ അഖില്‍, എനിക്ക് പറ്റുന്നില്ല. വിഷമം സഹിക്കാനാകുന്നില്ല, എന്റെ ജീവനാണ്, എനിക്ക് ഇന്ന് കേള്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഇയാള്‍ക്കിത് അറിയാം, എന്നിട്ടും പുള്ളി എന്നെ എറണാകുളത്തു നിന്നും തൃശ്ശൂര്‍ക്ക് വിളിച്ചു വരുത്തി. എനിക്ക് ഭയങ്കരമായി സങ്കടം വന്നു. അതിന് ശേഷം ഞാന്‍ അയാളെ വിളിച്ചാല്‍ ഫോണെടുക്കില്ല. പിന്നീട് വേറൊരു സെറ്റില്‍ വച്ച് സംസാരിക്കവെ ഈ നടനെക്കുറിച്ചുള്ള സംസാരമുണ്ടായി.
അവിടെ അഭിനയിക്കാന്‍ വന്നൊരു സ്ത്രീയുണ്ടായിരുന്നു. അവരോട് അദ്ദേഹം വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന് പറഞ്ഞു. ഏയ് അങ്ങനൊന്നുമല്ല ഞാന്‍ വിളിച്ചാല്‍ ഫോണെടുക്കുമെന്ന് പറഞ്ഞ് അവര്‍ ഫോണ്‍ ചെയ്തു. ഉടനെ എടുത്തു, ആ മോളൂ പറഞ്ഞോ എന്ന് അവിടെ നിന്നും അദ്ദേഹം മറുപടി നല്‍കി. അങ്ങനൊരു വ്യക്തി. അതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടില്ല. ഓര്‍ക്കുന്നത് പോലും വെറുപ്പാണ്.''
പിന്നാലെ ആരാണ് ആ നടന്‍ എന്ന് തേടുകയാണ് സോഷ്യല്‍ മീഡിയ. സുഖമില്ലാതെ ആശുപത്രിയിലായിരുന്ന, മരിച്ചു പോയ ആ സംവിധായകന്‍ സച്ചിയാണെന്നും, ആ നടന്‍ പൃഥ്വിരാജാണെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അഖിലിന്റെ അനുകരണത്തില്‍ നിന്നും മനസിലാകുന്നത് ജയസൂര്യയാണെന്ന് ചിലര്‍ പറയുന്നത്. അഖില്‍ പരാമര്‍ശിച്ചത് പോലൊരു ബെന്‍സ് കാര്‍ ജയസൂര്യയ്ക്ക് ഉണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയ നടന്മാരുടെ പേരും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. നടന്‍ ആരെന്ന് വ്യക്തമായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ് അഖിലിന്റെ വെളിപ്പെടുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates