കല കാലാതീതമാണ്...ശ്രീനിവാസന്‍ എന്ന അപൂര്‍വ പ്രതിഭ നമ്മളെ വിട്ടു പിരിയുമ്പോള്‍ അതൊന്നു കൂടെ ഊട്ടിയുറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമകളിലൂടെ... സംശയ രോഗം ഇന്ന് സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും അവബോധമുണ്ടാവുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഇല്ലാത്ത കാലത്ത് സംശയ രോഗം (ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍) പ്രമേയമാക്കി സമൂഹത്തെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞു ശ്രീനിവാസനെന്ന അത്ഭുത പ്രതിഭയ്ക്ക്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷകളും മാനസിക പ്രശ്‌നങ്ങളും ഒക്കെ ഒരു ചര്‍ച്ചയ്ക്ക് അപ്പുറത്തേയ്ക്ക് എല്ലാ കാലത്തും സമൂഹത്തില്‍ ഉണ്ട് എന്നതാണ് വാസ്തവം.
1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചതും സിനിമയിലെ പ്രധാന കഥാപാത്രമായ തളത്തില്‍ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസന്‍ ആയിരുന്നു. ശോഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാര്‍വതിയും. ഒരു വ്യക്തിയിലുണ്ടാകുന്ന അപകര്‍ഷതാ ബോധം എങ്ങനെയൊക്കെ സ്വന്തം ജീവിതത്തെയും ചുറ്റും നില്‍ക്കുന്നവരുടേയും ജീവിതത്തെ ബാധിക്കുമെന്ന് അണുവിട വെള്ളം ചേര്‍ക്കാതെ പറഞ്ഞു വെക്കുകയായിരുന്നു ചിത്രത്തില്‍. ഇന്നും നമ്മുടെ ചുറ്റും തളത്തില്‍ ദിനേശന്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ഉണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോള്‍ അവരുടെ മാനസിക പ്രശ്‌നങ്ങളും സ്വഭാവ വൈകല്യങ്ങളും ഇത്ര സൂക്ഷ്മമായി പഠിച്ച് അതിനെ സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ചേര്‍ത്ത് വെക്കാന്‍ കഴിഞ്ഞ മറ്റൊരു പ്രതിഭ ഇല്ലെന്ന് നിസംശയം പറയാം.
ഭാര്യയുമായി ഫോട്ടോ എടുക്കാന്‍ പോകുന്ന ദിനേശന്‍, ക്ലിക് ചെയ്യുന്ന വേളയില്‍ ശോഭയെ ഇടംകണ്ണിട്ട് നോക്കുന്ന തളത്തില്‍ ദിനേശന്‍, ഉയരത്തില്‍ ഒപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന തളത്തില്‍ ദിനേശന്‍, ശോഭയെ ഇംപ്രസ് ചെയ്യാന്‍ വാഴത്തോട്ടത്തില്‍ നിന്നും ചാടി വീണ് കട്ടിങും ഷേവിങും പറയുന്ന തളത്തില്‍ ദിനേശന്‍...ആദ്യമൊക്കെ തമാശയെന്ന മട്ടില്‍ പറയുന്ന സിനിമ അമ്മായിയച്ഛനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് 'അച്ഛനെപ്പോ വന്നു' എന്ന് ചോദിക്കുമ്പോള്‍ രോഗാവസ്ഥയുടെ പീക്കിലേയ്ക്ക് എത്തിക്കുകയാണ്. രോഗാവസ്ഥയെക്കുറിച്ച് വെറുതെ പറഞ്ഞ് പോകാതെ പങ്കാളിയെ സംശയിക്കുന്ന എല്ലാ തളത്തില്‍ ദിനേശന്‍മാരുടേയും മുഖത്തേയ്ക്കാണ് ക്ലൈമാക്‌സില്‍ ടോര്‍ച്ച് വെളിച്ചം വീഴുന്നത്. സംശയ രോഗം എത്ര ചികിത്സിച്ചാലും മാറ്റാന്‍ കഴിയാത്തതാണെന്ന് ആ ഒറ്റ ദൃശ്യം മതി അദ്ദേഹത്തിന്റെ ക്ലാസിക്കല്‍ ടച്ച് എത്ര വിസ്മയമാണെന്ന് മനസിലാക്കാന്‍.
സിനിമ മുന്നോട്ട് വെക്കുന്ന ഡെല്യൂഷണല്‍ ഡിസോര്‍ഡറുമായി എത്തുന്ന വ്യക്തികളുടെ ഭാര്യമാരോട് തളത്തില്‍ ദിനേശനല്ലേ നിങ്ങളുടെ ഭര്‍ത്താവ് എന്നു ചോദിക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കാട്രിസ്റ്റ് വിഭാഗം മേധാവി മോഹന്‍ റോയ് പറയുന്നു.'' ശ്രീനിവാസന്റെ സിനിമയുടെ പ്രത്യേകത പോലെ തന്നെ പഠിക്കേണ്ട ഒന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളും മാനസിക പ്രശ്‌നങ്ങളും. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ എന്റെ അച്ഛന് നല്ലത് വരുത്തണേ എന്ന് പറയുന്ന അടുത്ത നിമിഷം 'സാമദ്രോഹി എനിക്ക് ഒരു സ്വത്തും തന്നില്ല' എന്ന് പറയുന്നുണ്ട്. തനിക്ക് ചുറ്റുമുള്ള ആളുകളെ നിരന്തരം സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ ഡയലോഗുകള്‍ കൊണ്ടുവരാന്‍ കഴിയൂ. 80കളിലും 90കളിലുമാണ് മനഃശാസ്ത്ര അവബോധം തുടങ്ങുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവര്‍ മനഃശാസ്ത്രജ്ഞരോട് ചോദിക്കാം എന്ന പംക്തിയില്‍ ചോദ്യം എഴുതി അതിന്റെ ഉത്തരം കൊണ്ട് ചികിത്സ നടത്താമെന്നു പോലും ആളുകള്‍ വിശ്വസിച്ചിരുന്നു. ആ കാലഘടത്തിലാണ് വടക്കു നോക്കിയന്ത്രവും വരുന്നത്. വടക്കുനോക്കിയന്ത്രത്തില്‍ ഡോക്ടര്‍ വിലയേറിയ ഉപദേശം തന്ന് എന്നെ രക്ഷിക്കണമെന്ന് പറയുന്ന ഒരു സന്ദര്‍ഭത്തിലൂടെയാണ് സിനിമ തുടങ്ങുന്നത് തന്നെ. എന്റെ അടുത്ത് വരുന്ന രോഗികളോട് തളത്തില്‍ ദിനേശനാണോ നിങ്ങളുടെ ഭര്‍ത്താവ് എന്ന് ചോദിക്കുമ്പോള്‍ അതെ ഡോക്ടര്‍ എന്ന് പറയുന്ന ഭാര്യമാരെ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. ഞാന്‍ ക്ലാസെടുക്കുമ്പോള്‍ സംശയ രോഗത്തിന് തളത്തില്‍ ദിനേശന്‍ സിന്‍ഡ്രോം എന്നാണ് പറയുന്നത്. രഹസ്യ കാമുകനെ അന്വേഷിച്ച് വീട്ടില്‍ പോകുന്നതൊക്കെ യഥാര്‍ഥത്തില്‍ രോഗികള്‍ ചെയ്യുന്ന കാര്യങ്ങളാണ്. സൗന്ദര്യ ശാസ്ത്രത്തിനപ്പുറത്ത് നില്‍ക്കുന്ന നായകനായിരുന്നു ശ്രീനിവാസന്‍ എന്നാണ് ഇപ്പോഴും ആളുകള്‍ പറയുന്നത്. ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കുള്ള മറുപടി അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ തന്നെ നല്‍കിയിരുന്നു. ബോഡി ഷെയിമിങിനെപ്പറ്റി ചര്‍ച്ച നടത്തുന്ന കാലത്തും ശ്രീനിവാസന്‍ സിനിമകളുടെ മാനസിക പ്രശ്‌നങ്ങള്‍ പ്രസക്തമാകുന്നതങ്ങനെയാണ്. സ്വന്തം കുറ്റങ്ങളും കുറവുകളും സ്വന്തം കളിയാക്കി തന്നിലൂടെ തന്നെ ചിരിപ്പിക്കുകയായിരുന്നു ശ്രീനിവാസന്‍ ചെയ്തത്. ഇക്കാലങ്ങളില്‍ ഈ വിഷയം ചര്‍ച്ചയാവുന്നതുകൊണ്ട് പലര്‍ക്കും അറിയാം. അക്കാലത്ത് അതൊന്നുമില്ലായിരുന്നു. കോഴിക്കോടുള്ള ഒരു യുവജനപ്രസ്ഥാനത്തിന്റെ നേതാവിന്റെ ജീവിതമാണ് എന്ന രീതിയില്‍ ചര്‍ച്ചയൊക്കെ മുന്നേ വന്നിട്ടുണ്ടല്ലോ. തളത്തില്‍ ദിനേശന്‍ ഒരിക്കലും തമാശയല്ല. ചിരിച്ചു തള്ളേണ്ട സിനിമയും അല്ല'', മോഹന്‍ റോയ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates