സ്പില്‍ബര്‍ഗിന്റെ ഭീമന്‍ സ്രാവ് ലോകത്തിന്റെ ഉറക്കം കെടുത്തുയിട്ട് ഇന്നേക്ക് 50 വര്‍ഷമാവുകയാണ്. അരനൂറ്റാണ്ടിനിപ്പുറവും മോണ്‍സ്റ്റര്‍ സിനിമകളുടേയും ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടേയും വാര്‍പ്പ് മാതൃകയായി തുടരുകയാണ് 'ജോസ്'. 'ഡുവല്‍' എന്ന ചിത്രത്തിലൂടെ വരവറിയിച്ച സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു 'ജോസ്'. എന്നാല്‍ ഹോളിവുഡിന്റേയും അതിലൂടെ ലോക സിനിമയുടേയും തന്നെ ഭൂമിശാസ്ത്രം മാറ്റി മറിക്കാനുള്ള കരുത്തുണ്ടായിരുന്നു ജോസിന്.
1975 ജൂണ്‍ 20 ന് പുറത്തിറങ്ങിയ സിനിമ പീറ്റര്‍ ബെഞ്ച്‌ലിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. പീറ്റര്‍ ബെഞ്ച്‌ലിനൊപ്പം കാള്‍ ഗോട്ടിലെബും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
മോണ്‍സ്റ്റര്‍ സിനിമകള്‍ അതിനു മുമ്പും ഹോളിവുഡില്‍ നിന്നും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ജോസ് പോലെ വലിയ ബജറ്റില്‍ ഒരുക്കുകയും, വൈഡ് റിലീസ് ചെയ്യപ്പെടുകയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് വിജയം കൈവരിക്കുകയും ചെയ്ത സിനിമയില്ല. മോണ്‍സ്റ്റര്‍ ചിത്രം-ബിഗ് ബജറ്റ് വാണിജ്യ സിനിമ എങ്ങനെ ഒരുക്കണം എന്നതിന്റെ പാഠപുസ്തകമാണ് ലോക സിനിമയ്ക്ക് ജോസ്. സാങ്കേതികവിദ്യ ഇത്രയൊന്നും വളരാത്ത കാലത്ത് ജോസിനുണ്ടായിരുന്ന സാങ്കേതിക മികവ് പകരം വെക്കാനില്ലാത്തതാണ്. അതോടൊപ്പം സ്പില്‍ബര്‍ഗ് എന്ന സംവിധായകന്റെ കഥ പറച്ചിലും കൂടെ ചേരുന്നിടത്താണ് ജോസ് അസാധ്യ സിനിമയായി, കാലത്തിനിപ്പുറവും അത്ഭപ്പെടുത്തുന്നത്.
ചിത്രീകരണത്തിനിടെ സിനിമയ്ക്കായി നിര്‍മ്മിച്ച യന്ത്ര സ്രാവിനെ സാങ്കേതിക കാരണങ്ങളാല്‍ അധിക നേരം ഉപയോഗിക്കാന്‍ സാധിക്കാതെ സാഹചര്യമുണ്ടായി. പക്ഷെ സംവിധായകന്‍ അതിനെ മറി കടന്നത് മറ്റൊരു രീതിയിലാണ്. 'മോണ്‍സ്റ്ററിനെ' ഒളിപ്പിച്ചു വച്ച്, ഭയം എന്ന വികാരത്തെ പരാമവധി ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. സാങ്കേതികമായി തങ്ങള്‍ക്കുണ്ടായിരുന്ന ദൗര്‍ബല്യത്തെ തന്റെ സ്റ്റോറി ടെല്ലിംഗ് ടൂളാക്കി മാറ്റുകയായിരുന്നു സ്പില്‍ബര്‍ഗിലെ സംവിധായകന്‍.
1975 ല്‍ റിലീസ് ചെയ്ത ചിത്രം ഹോളിവുഡിലെ അക്കാലത്തെ ഏറ്റവും പണംവാരിപ്പടം ആകുന്നുണ്ട്. പിന്നിലാക്കിയത് ദ ഗോഡ്ഫാദറിനെയാണ്. യുഎസില്‍ നൂറ് മില്യണ്‍ മാന്ത്രിക സംഖ്യ തൊടുന്ന ആദ്യ ചിത്രമായിരുന്നു ജോസ്. ചിത്രം ആദ്യ റിലീസില്‍ മാത്രം നേടയത് 123.1 മില്യണ്‍ ഡോളര്‍ ആണ്. 1976 ലും 1979 ലും റീ റീലിസ് ചെയ്ത ചിത്രം 133.4 മില്യണ്‍ ഡോളറാണ് ആകെ നേടുന്നത്. ഇന്നത് വലിയൊരു തുകയല്ലെങ്കിലും ഹോളിവുഡിന് ലോകസിനിമയുടെ വിപണി തുറന്നു കൊടുക്കുന്നതില്‍ ജോസ് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
അതിന് ശേഷം പുറത്തിറങ്ങിയ പല സിനിമകളും ജോസിന്റെ മാതൃക പിന്തുടര്‍ന്ന് സമാനമായൊരു ലോകം ഒരുക്കാന്‍ ശ്രമിക്കുന്നത് കാണാം. പക്ഷെ പലപ്പോഴും അവര്‍ക്കൊന്നും സ്പില്‍ബര്‍ഗിനെപ്പോലെ ഭയം ജനിപ്പിക്കാന്‍ സാധിക്കുന്നില്ല. ഭയം എന്നതൊരു യൂണിവേഴ്‌സല്‍ ഇമോഷന്‍ ആയതിനാല്‍ ചിത്രം ദേശത്തിന്റേയും കാലത്തിന്റേയും അതിരുകളെ മായ്ച്ച് കളഞ്ഞു. വലിയ ബജറ്റും സാങ്കേതിക സഹായവുമൊക്കെ ഉണ്ടായിരിക്കുമ്പോഴും തന്റെ പിന്മുറക്കാരില്‍ നിന്നും ജോസിനെ വ്യത്യസ്തമാക്കുന്നത് അതാണ്.
Steven Spielberg movie Jaws turns 50. and it still guides mass cinema.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates