ഡ്രൈവർ ആയെത്തി പിൽക്കാലത്ത് മോഹൻലാലിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ആളാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സിനിമാ ജീവിതം ഇത്രത്തോളം ശക്തമായതിന്റെ കാരണക്കാരിൽ ഒരാളും ആന്റണി പെരുമ്പാവൂർ തന്നെയാണ്. എല്ലാ കാര്യത്തിലും മോഹൻലാലിന് പിന്തുണയുമായി ആന്റണി കൂടെത്തന്നെ ഉണ്ടാകാറുണ്ട്.
ആന്റണി തനിക്കൊരു സഹോദരനെപ്പോലെ തന്നെയാണെന്ന് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് സുചിത്ര മോഹൻലാൽ. "ഞാനും ആന്റണിയുമാണ് ഒരേ വർഷം ചേട്ടന്റെ ജീവിതത്തിലേക്ക് കയറി വന്ന ആൾക്കാർ.
കല്യാണം കഴിഞ്ഞ് 'മൂന്നാം മുറ'യുടെ ഷൂട്ടിങ്ങിന്റെ സമയത്ത് എന്നെ പിക്ക് അപ് ചെയ്യാൻ ചേട്ടൻ ആന്റണിയെ ആണ് അയച്ചത്. അന്നാണ് ഞങ്ങളാദ്യം കാണുന്നത്. അപ്പോൾ തിരിച്ചുവരുന്ന സമയത്ത് ഞാൻ പാട്ട് എന്തോ ഇടാൻ പറഞ്ഞു. അല്ലാതെ ഞാൻ മിണ്ടിയിട്ടൊന്നുമില്ല. അതുകഴിഞ്ഞ് ചേട്ടൻ എന്നോട് പറഞ്ഞു, നമുക്ക് ആന്റണിയെ കൂടെ കൂട്ടാമെന്ന്. ഞാൻ ഓക്കെ പറഞ്ഞു.
അങ്ങനെ ആ വർഷം തന്നെയാണ് ഞങ്ങൾ രണ്ടു പേരും ചേട്ടന്റെ വീട്ടിലേക്ക് കാലുകുത്തിയത്. ആന്റണി ഒരു സഹോദരനെപ്പോലെയാണെന്ന് ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. ചേട്ടന്റെ പ്രൊഫഷണൽ ജീവിതത്തിൽ ആന്റണിക്ക് വലിയൊരു പങ്കുണ്ട്. എന്റെ വീട്ടിൽ എന്റെ സഹോദരനൊക്കെ എപ്പോഴും പറയും, 'ശിവന്റെ കഴുത്തിലുള്ള പാമ്പിനെ പോലെയാണ് ആന്റണി' എന്ന്.
ചേട്ടന് നോ പറയാൻ പറ്റാത്ത സ്ഥലത്ത് ആന്റണി ആയിരിക്കും നോ പറയുന്നത്. പക്ഷേ അത് ആൾക്കാർക്ക് അറിയില്ല. എന്നും പാമ്പ് ഇറങ്ങി പോകുന്നുണ്ട് ആൾക്കാരെ അടിക്കാനായിട്ട്. പാവം ആന്റണിക്ക് അങ്ങനെയൊരിതായി പോയി. പക്ഷേ ആന്റണി ഇല്ലാതെ ചേട്ടന് ഒന്നും പറ്റില്ല. അത്രയും അദ്ദേഹം ചേട്ടന്റെ പിറകിലുണ്ട്".- കാൻ ചാനൽ മീഡിയയോട് സുചിത്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates