തമിഴ്, മലയാളം സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരീശൻ. ഫഹദ് ഫാസിൽ, വടിവേലു കോമ്പിനേഷൻ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മാമന്നൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം വടിവേലുവും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാരീശൻ. മാത്രമല്ല ചിത്രം സംവിധാനം ചെയ്യുന്നതും ഒരു മലയാളിയാണ്.
മലയാളത്തിൽ നിരവധി ഹിറ്റ് പരമ്പരകളൊരുക്കിയിട്ടുള്ള സുധീഷ് ശങ്കർ ആണ് മാരീശൻ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിൽ ആറ്മനമെ എന്ന ചിത്രവും ഇതിന് മുൻപ് സുധീഷ് ഒരുക്കിയിട്ടുണ്ട്. മലയാളത്തിൽ 2014 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം വില്ലാളി വീരൻ ആണ് സുധീഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
ഇപ്പോഴിതാ എന്തുകൊണ്ടാണ് മാരീശൻ മലയാളത്തിൽ ചെയ്യാതിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധീഷ്. "മാമന്നനിൽ രണ്ട് പേരും അവരവരുടെ വേഷങ്ങൾ ശക്തമായി അവതരിപ്പിച്ചിരുന്നു. മാരീശനിൽ വടിവേലു വ്യത്യസ്തമായ ഒരു വേഷത്തിലാണ് എത്തുന്നത്.
നമ്മളിതുവരെ അങ്ങനെയൊരു വേഷത്തിൽ വടിവേലുവിനെ കണ്ടിട്ടുണ്ടാകില്ല. ആദ്യ പകുതി ത്രില്ലർ മോഡിലായിരിക്കുമെങ്കിലും, രണ്ടാം പകുതി പ്രേക്ഷകർക്ക് പ്രവചനാതീതമായിരിക്കുമെന്ന് ഞാൻ ഉറപ്പ് പറയുന്നു. ഴോണർ നോക്കുകയാണെങ്കിൽ ത്രില്ലർ ആണെന്നും" സുധീഷ് കൂട്ടിച്ചേർത്തു.
മാരീശൻ എന്തുകൊണ്ട് മലയാളത്തിൽ ചെയ്തില്ല എന്ന ചോദ്യത്തോടും സംവിധായകൻ പ്രതികരിച്ചു. "മാമന്നന് ശേഷം, അവരെ വ്യത്യസ്തമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കണമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. ഇരുവർക്കും തമിഴിൽ ശക്തമായ പിടിയുണ്ട്. അതുകൊണ്ട് തന്നെ തമിഴ് സംസ്കാരത്തിൽ വിഷയം അവതരിപ്പിച്ചാൽ കുറച്ചു കൂടി മികച്ചതായിരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി".- സുധീഷ് പറഞ്ഞു.
അതോടൊപ്പം വടിവേലു ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് സിനിമാ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായി ചിത്രത്തിലേക്ക് മനപൂർവം താനൊന്നും ചെയ്തിട്ടില്ലെന്നും സുധീഷ് പറഞ്ഞു. ഏത് നാട്ടിലാണെങ്കിലും വികാരങ്ങളെല്ലാം ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയാണ് ചിത്രം നിർമിക്കുന്നത്. ഓമനത്തിങ്കൾ പക്ഷി, എന്റെ മാനസപുത്രി, പരസ്പരം തുടങ്ങി നിരവധി സീരിയലുകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സുധീഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates