എംപുരാൻ വിവാദങ്ങൾ കത്തി നിൽക്കേ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ പിന്തുണ അറിയിച്ചിരിക്കുന്നത്. എംപുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അവർ പൃഥ്വിരാജിന് പിന്തുണയുമായെത്തിയത്.
പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമർശിച്ചു കൊണ്ട് സുപ്രിയ എഴുതിയിരിക്കുന്നത്. പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
തുടർന്ന് മല്ലികയ്ക്കും സുപ്രിയയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ എത്തിയിരുന്നു. സുപ്രിയ അർബൻ നക്സലാണെന്നും ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്നുമായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളടക്കം രംഗത്തത്തിയിരുന്നു. അതേസമയം എംപുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തിയറ്ററുകളിലെത്തും.
പുതിയ പതിപ്പിൽ രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. പ്രധാന വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates