'രാമായണ' സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിൽ സീതയായെത്തുന്ന സായ് പല്ലവിക്കെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുമൊക്കെ ഉയർന്നിരുന്നു. സായ് പല്ലവിയുടെ ലുക്കിനെ വച്ചു കൊണ്ടായിരുന്നു വിമർശനങ്ങളേറെയും. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ നടി സുരഭി ദാസ്. ശത്രുഘ്നന്റെ ഭാര്യ ശ്രുതകീർത്തിയുടെ വേഷത്തിലാണ് സുരഭി ചിത്രത്തിലെത്തുന്നത്.
എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ കഴിയില്ലെന്ന് സുരഭി പറഞ്ഞു. സൂം- എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരഭി. "ആളുകൾക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ സീതയ്ക്ക് ബ്ലൗസ് ധരിപ്പിച്ചില്ലായിരുന്നുവെങ്കിലും ആളുകൾ വിമർശിക്കുമായിരുന്നു. ഇപ്പോൾ ബ്ലൗസ് ധരിപ്പിച്ചപ്പോഴും പ്രശ്‌നമാണ്.
ആളുകൾ എപ്പോഴും കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കും. രാമായണം പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ എല്ലാവരും നമ്മളോട് യോജിക്കണമെന്ന് പ്രതീക്ഷിക്കാനാവില്ല. എല്ലാം പൂർണമാണെന്ന് ഞാൻ പറയുന്നില്ല, എങ്കിലും ദയവായി ചിത്രം തിയറ്ററുകളിൽ വരുന്നത് വരെ കാത്തിരിക്കൂ. അപ്പോഴേ അണിയറപ്രവർത്തകർ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാകൂ".- സുരഭി പറഞ്ഞു.
"പിന്നെ ഈ സിനിമ വലിയ സ്കെയിലിൽ നിർമിച്ചിരിക്കുന്നതിനാൽ ആളുകൾക്ക് ഇതൊന്നും ശ്രദ്ധിക്കാൻ പോലും കഴിയില്ല. ഇതിന് മുൻപും രാമായണത്തെക്കുറിച്ച് ധാരാളം സിനിമകൾ വന്നിട്ടുണ്ട്. ആളുകൾക്ക് എന്തെങ്കിലും പറയാനുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അവർക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും, അത് സംഭവിക്കുക തന്നെ ചെയ്യും. എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. ഇപ്പോൾ, അവർ ബ്ലൗസ് ധരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്നമാണ്".- സുരഭി കൂട്ടിച്ചേർത്തു.
നേരത്തെ, ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർമാരായ റിംപിൾ, ഹർപ്രീത് നരൂള എന്നിവരും വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. ചിത്രം കണ്ടതിനുശേഷം മാത്രം അഭിപ്രായം പറയണമെന്നായിരുന്നു ഇരുവരും പറഞ്ഞത്.
'രാമായണ' ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ, സായ് പല്ലവിയുടെ സീത, ലാറ ദത്തയുടെ കൈകേയി തുടങ്ങിയ കഥാപാത്രങ്ങളുടെ വസ്ത്രധാരണം 'മോഡേൺ' ആണെന്നും ത്രേതായുഗത്തിലെ കഥയ്ക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടിയും വിമർശനങ്ങൾ ഉയർന്നിരുന്നു.
രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ യഷ് രാവണനെ അവതരിപ്പിക്കുന്നു. 4000 കോടി രൂപയോളം ബജറ്റിൽ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates