കൊച്ചി: റിലീസ് ചെയ്യുന്ന എല്ലാ മലയാള സിനിമകളുടെയും കളക്ഷൻ ഓരോ മാസവും പുറത്തുവിടാനൊരുങ്ങുകയാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങാൻ പോകുന്ന യൂട്യൂബ് ചാനൽ ആയ ‘വെള്ളിത്തിര’യിലൂടെയാണ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിടാൻ ആലോചിക്കുന്നത്. “പലരും പറയുന്നു, ചില സിനിമകൾ നൂറ് കോടി നേടിയെന്ന്. എന്നാൽ 100 കോടി രൂപ ഷെയർ നേടിയ ഒരു സിനിമയുടെ പേരെടുത്തു പറയട്ടെ.
അങ്ങനെ ഒരു ചിത്രത്തിന്റെ പേര് പറയാൻ ഞാൻ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ നിർമാതാക്കൾ ഷെയർ ആണ് കൂട്ടാറുള്ളത്, അല്ലാതെ മറ്റൊന്നും അല്ല”. - സുരേഷ് കുമാർ പറഞ്ഞു. നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മാധ്യമങ്ങളോട് പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
മലയാള സിനിമയിൽ താരങ്ങൾ വാങ്ങുന്ന വമ്പൻ പ്രതിഫലത്തെ കുറിച്ചായിരുന്നു യോഗത്തിൽ പ്രധാനമായും ഉന്നയിച്ച വിഷയം. മലയാള സിനിമയ്ക്ക് താങ്ങാൻ ആവുന്നതിന്റെ 10 ഇരട്ടി പ്രതിഫലമാണ് താരങ്ങൾ വാങ്ങുന്നത്. പ്രതിഷേധ സൂചകമായി ജൂൺ ഒന്ന് മുതൽ സിനിമാ സമരം നടത്തുമെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
100 കോടി ക്ലബ്ബുകളുടെ കണക്കൊക്കെ നിർമാതാക്കൾ തന്നെയല്ലേ പറയുന്നത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, അതെല്ലാം താരങ്ങൾ പുറത്തു നിന്നും നിർബന്ധിച്ച് പറയിപ്പിക്കുന്നതെന്നും നിർമാതാവിന് അറിയാം തങ്ങളുടെ ഗതികേടെന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.
100 കോടി ഗ്രോസ് ലഭിക്കുന്ന ഒരു സിനിമയുടെ നിർമാതാവിന് 27 കോടി രൂപ മാത്രമാണ് ലഭിക്കുന്നത്. അതിൽ 30 കോടി രൂപ സർക്കാരിലേക്ക് പോകും. താരങ്ങൾ പ്രതിഫലം കൂടാതെ ചിത്രങ്ങളുടെ ഓവർസീസ് റൈറ്റും പിടിച്ചു വാങ്ങുകയാണെന്നും യോഗത്തിൽ ആരോപണമുയർന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates