ടെലിവിഷൻ സീരിയലുകളിലെ തന്റെ പ്രകടനം കണ്ട് ഫാൻസായവരെല്ലാം ചതുരം സിനിമ കണ്ടപ്പോൾ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു പോയെന്ന് നടി സ്വാസിക. ഇതുവരെ ചെയ്‌തതെല്ലാം പാവം പിടിച്ച കഥാപാത്രങ്ങളായിരുന്നു. അതിൽ മാറ്റം വന്നത് ചതുരം ചെയ്‌പ്പോഴായിരുന്നു. ക്ലബ് എഫ്എമ്മിന്റെ ചാറ്റ് ഷോയില്‍ ആയിരുന്നു സ്വാസികയുടെ പ്രതികരണം. ചതുരം സിനിമയിലെ തന്റെ പ്രകടനത്തിന് കിട്ടിയ ആദ്യ അഭിനന്ദനം കെപിഎസി ലളിതയിൽ നിന്നായിരുന്നുവെന്നും നടി പറഞ്ഞു.
സിനിമയുടെ പ്രിവ്യു കണ്ടിട്ട് ലളിതാമ്മ വിളിച്ചിരുന്നു. എല്ലാവരും കുറേ സിനിമയൊക്കെ തന്നിട്ട് എന്തായി? എന്റെ മോനല്ലേ അടിപൊളി സിനിമ തന്നത് എന്ന് ചോദിച്ചുവെന്നും സ്വാസിക പറഞ്ഞു. സ്ഥിരം റോളുകളിൽ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകൾക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ടെന്നും നടി പറഞ്ഞു.
'ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ദേവരാഗത്തിൽ ശ്രീദേവി ചെയ്തപോലെ ഒന്നായിരുന്നു ആഗ്രഹിച്ചത്. 13 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകൾ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോൾ യെസ് പറഞ്ഞില്ലെങ്കിൽ വലിയ നഷ്ടമാകുമെന്ന് തോന്നി.'
'ചതുരത്തിന്റെ സെറ്റിൽ നിന്നാണ് റോഷൻ ഡാർലിംഗ്‌സിൽ അഭിനയിക്കാൻ പോയത്. ഷാരൂഖ്, ആലിയ കൂട്ടായ്മയുടെ പ്രോജക്റ്റ് ആണല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരൺ ജോഹറിനെയോ കാണിക്കണമെന്ന് ഞാൻ റോഷനോട് പറഞ്ഞിരുന്നു. എവിടെ? അവൻ ഒന്നും ചെയ്തില്ല. അന്ന് ഒടിടി റിലീസാണ് പ്ലാൻ ചെയ്തത്. പടം കണ്ടിട്ട് ഷാരൂഖ് ഖാൻ വിളിക്കുന്നതൊക്കെ സ്വപ്‌നം കണ്ടിരുന്നു.'
നേരത്തെ ഒരു തമിഴ്‌സിനിമയിൽ അഭിനയിക്കാൻ ഓഡിഷന് പോയപ്പോൾ വലിയ സ്വപ്‌നങ്ങളായിരുന്നു. എന്റെ സിനിമ ഇറങ്ങി ഉടനെ ഹിറ്റാവുന്നു, വിജയിയുടേയും സൂര്യയുടേയും നായികയാവുന്നു, തിരക്കാവുന്നു, നാല്പത് ലക്ഷം പ്രതിഫലം അങ്ങനൊക്കെ കുറെ സ്വപ്‌നം കണ്ടു. പക്ഷേ ഒരു സിനിമയായി, രണ്ട് സിനിമയായി പക്ഷേ അനക്കമില്ല. ഒറ്റയടിക്കൊന്നും കയറാനാവില്ലെന്ന് പതുക്കെ തിരിച്ചറിഞ്ഞുവെന്നും സ്വാസിക പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates