ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയെ തുടർന്ന് നടന്റെ സാമ്പത്തിക നില തകർന്നിരുന്നു. നടന്റെ ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പെടെ നിരവധി പേർ അഭിനയ് കിങ്ങർ സഹായവുമായി എത്തിയിരുന്നു.
2014 ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനം പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിനു പുറമെ ഡബ്ബിങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്. മാതാവ് രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു.
കുടുംബാംഗങ്ങൾ ആരുമില്ലാത്തതിനാൽ നടന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാനുള്ള നടപടികൾ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്.
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു. പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates