സിനിമാ മേഖലയിലെ ചതിക്കുഴികള്‍ക്കെതിരെ നടി തനുശ്രീ ദത്ത. അഭിനേതാക്കള്‍ ആകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും ആരേയും അന്ധമായി വിശ്വസിക്കരുതെന്നുമാണ് തനുശ്രീ ദത്ത പറയുന്നത്. ഒരു പോഡാകാസ്റ്റില്‍ സംസാരിക്കുകയായിരുന്നു തനുശ്രീ ദത്ത.
പുതുമുഖങ്ങളെ പുകഴ്ത്തിയും പ്രശംസിച്ചും തെറ്റായ കാര്യങ്ങളിലേക്ക് വലിച്ചിടുകയാണെന്നാണ് തനുശ്രീ പറയുന്നത്. 'നീ സുന്ദരനാണ്, സുന്ദരിയാണ്, അങ്ങനൊക്കെ പറഞ്ഞ് പുകഴ്ത്തും. എല്ലാവര്‍ക്കും പുകഴ്ത്തുന്ന ആരെയെങ്കിലുമൊക്കെ കിട്ടും. നീ എന്തായാലും നായികയാകും അതാകും ഇതാകുമെന്നൊക്കെ പറയും'' താരം പറയുന്നു.
''നാല് പേര്‍ നിങ്ങളെ പുകഴ്ത്തിയാല്‍ നാല് പേരെ നിങ്ങളെ പറഞ്ഞ് മയക്കാനും വരും. ആദ്യം പുകഴ്ത്തും. പിന്നെ ഇയാളെ പോയി കാണു, അവിടെ ചെല്ലൂ എന്നൊക്കെ പറയും. അതിനാല്‍ സൂക്ഷിക്കണം'' എന്നാണ് യുവാക്കള്‍ക്ക് തനുശ്രി നല്‍കുന്ന ഉപദേശം. ''അച്ഛനും അമ്മയും കുട്ടിക്കാലത്ത് പഠിപ്പിച്ചത് ഓര്‍മയില്ലേ, അപരിചിതരുടെ കൂടെ പോകരുത്. ആരെങ്കിലും ചോക്ലേറ്റ് കാണിച്ചാല്‍ നിങ്ങള്‍ കൂടെ പോകുമോ?'' എന്നും അവര്‍ ചോദിക്കുന്നു.
''ഇവിടെ ചോക്ലേറ്റ് ഒന്നുമില്ല. ഇവിടെ വേറെ തരം ചോക്ലേറ്റാണുള്ളത്. നിങ്ങളുടെ പ്രതീക്ഷകളേയും സ്വപ്‌നങ്ങളേയും ഉപയോഗിക്കും. അത് വച്ചായിരിക്കും കളിക്കുക. ഇന്ന് ഞാനിത് പറയുന്നത് നാല് ജീവിതം രക്ഷിക്കാനായെങ്കില്‍ അത്രയും എന്ന് കരുതിയാണ്. ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇവിടെ വരുന്നുണ്ട്. അവരെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം വലിച്ചെറിയും'' എന്നും താരം പറയുന്നു.
''ചിലരെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടും. ചിലര്‍ തകര്‍ന്ന് സ്വന്തം നാട്ടിലേക്ക് തിരികെ പോകും. ഈ കഥകളൊന്നും പുറത്ത് വരില്ല. പുറമെ വരുന്നത് വിജയിക്കുന്ന കഥകള്‍ മാത്രമാണ്'' എന്നും താരം പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ ഇത്തരം രീതികളെ ന്യായീകരിച്ച നടിയുമായി താന്‍ സൗഹൃദം നിര്‍ത്തിയിട്ടുണ്ടെന്നും തനുശ്രീ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates