കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. 'അഞ്ചാം പാതിര' എന്ന വൻ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ചോക്ലേറ്റ് ബോയ് എന്ന വിശേഷണത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് എത്താറുള്ളത്. അത്തരത്തിൽ പുതിയൊരു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുകയാണ് താരം.
മലയാളം ത്രില്ലർ സിനിമകളുടെ ബെഞ്ച്മാർക്കായി മാറിയ ചിത്രമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'അഞ്ചാം പാതിര'. കുഞ്ചാക്കോ ബോബന്റെ കരിയറിലും ഏറെ സ്വാധീനം ചിത്രത്തിനുണ്ട്. അതിനാൽ തന്നെ ചിത്രത്തിന്റെ നിർമാതാവായ ആഷിഖ് ഉസ്മാനുമായി താരം കൈകോർക്കുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
ജോർജ് ജേക്കബ് ആദ്യമായി സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്തുമസ് റിലീസായ മോഹൻലാൽ - തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന്റെ റിലീസിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates