ഇന്നലെ അപ്രതീക്ഷിതമായി പെയ്ത മഴ തിരുവനന്തപുരം നഗരത്തെ മുക്കിയിരുന്നു. ജില്ലയിലെ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. വീടുകളിൽ വെള്ളം കയറിയതോടെ നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കി 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖിൽ പി ധർമജനും വെള്ളക്കെട്ടിൽ കുടുങ്ങി. മാറാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന് പാമ്പു കടിയേൽക്കുകയും ചെയ്തു.
പുതിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നതിന്റെ ഭാഗമായാണ് അഖിൽ വെള്ളായണിയിൽ എത്തുന്നത്. പുലർച്ചെ 4 മണിയോടെയാണ് വീട്ടിലേക്ക് വെള്ളം കയറിയത്. തുടർന്ന് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പു കടിച്ചത്. മൂർഖനാണ് കടിച്ചത്, വെള്ളത്തില്‍ നിന്നായതിനാല്‍ മരകമായില്ല. ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അഖിൽ. സോഷ്യൽ മീഡിയയിലൂടെ അഖിൽ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
കെഎസ്ഇബിക്കെതിരെ രൂക്ഷ വിമർശനവുമായി അഖിൽ രംഗത്തെത്തിയിരുന്നു. വെള്ളത്തിലൂടെ കറന്റ് പാസ് ചെയ്യുന്ന വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായിരുന്നില്ല എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
അഖിലിന്റെ കുറിപ്പ് വായിക്കാം: ഇപ്പോൾ തിരുവനന്തപുരം വെള്ളായണി എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. രാത്രി 12 മണി കഴിഞ്ഞിട്ടാണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ 4 മണി കഴിഞ്ഞ് പട്ടി കുരയ്ക്കുന്നത് കേട്ട് ഉണർന്നപ്പോൾ താമസിക്കുന്ന വീട് വെള്ളത്തിൽ ഏറെക്കുറെ മുങ്ങിയ അവസ്ഥയാണെന്ന് മനസ്സിലാക്കി. അടുത്തുള്ള ആളുകൾ ഭൂരിഭാഗവും ക്യാമ്പിലേക്ക് പോയിക്കഴിഞ്ഞു. പോയ വഴിക്ക് വെള്ളത്തിൽ കറന്റ് പാസ്സ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കിയ കുറച്ചുപേർ ഞങ്ങളെ അത് അറിയിച്ചതിനാൽ ഞങ്ങൾ നേരിട്ട് വെള്ളത്തിൽ ഇറങ്ങിയില്ല. ഇപ്പോൾ ഏറ്റവും മുകളിലത്തെ പടിയും താണ്ടി വെള്ളം വീണ്ടും മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. അടിയന്തരമായി KSEB യിൽ വിളിച്ചുപറഞ്ഞെങ്കിലും അവർ കറന്റ് ഓഫ് ചെയ്തില്ല. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഇനിയും വെള്ളം ഉയർന്നാൽ കറണ്ടും കൂടെ അകത്തെത്തും. എന്തുചെയ്യും എന്നറിയില്ല. വീടിന്റെ ഒരു ഭാഗത്ത് വെള്ളായണി കായലും മറുഭാഗത്ത് ആറും നിറഞ്ഞൊഴുകുന്നു..!
ഇപ്പോൾ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് അഥവാ എന്റെയും ഒപ്പമുള്ളവരുടെയും ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നീന്താൻ അറിയാത്തത് കൊണ്ടായിരിക്കില്ല. മറിച്ച് വൈദ്യുതി മൂലം ആയിരിക്കും എന്ന് ഇവിടെ അറിയിച്ചുകൊള്ളുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates