സണ്ണി വെയിൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനവേഷത്തിൽ രണ്ടു പട്ടികളുമുണ്ടായിരുന്നു. തിയറ്ററിലും പിന്നീട് ആമസോൺ പ്രൈമിലൂടെയും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ ആനുഗ്രഹീതൻ ആന്റണിയിലെ ഒരു കള്ളത്തരത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ ചെറിയ വേഷത്തിലെത്തിയ ഉണ്ണി കെ കാർത്തികേയൻ. റൂബി, റോണി എന്നീ രണ്ട് ഗോൾഡൻ റിട്രീവർ നായകളാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ സിനിമയിൽ മുഴുവൻ നിങ്ങൾ കണ്ടത് ഈ നായകളെ അല്ല. കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ നായകളെ തിരിച്ചുകൊടുക്കേണ്ടിവന്നു. പകരം ഇവയോട് സാമ്യമുള്ള മറ്റു രണ്ടു നായ്ക്കളെ സംഘടിപ്പിക്കുകയായിരുന്നു എന്നാണ് ഉണ്ണി കുറിക്കുന്നത്. അണിയറപ്രവർത്തകർക്ക് ഗതികേടുകൊണ്ടു ചെയ്യേണ്ടി വന്ന ഒരു കള്ളത്തരമാണ് ഇത്. എന്നാൽ ചിത്രം റിലീസ് ചെയ്ത അഞ്ച് മാസം കഴിഞ്ഞിട്ടും നായകളെക്കുറിച്ചുള്ള സത്യം ആരും അറിഞ്ഞില്ലെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഉണ്ണിയുടെ പോസ്റ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രിൻസ് ഷെയർ ചെയ്തിട്ടുണ്ട്.
കുറിപ്പ് വായിക്കാം
A Dog story...
True story.....
അനുഗ്രഹീതൻ ആന്റണി
            ആദ്യമായി എനിക്കു ഒരു നായക്ക് ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് 2019 ജൂലൈ മാസം ആണ്.
അനുഗ്രഹീതൻ ആന്റണിയിൽ.... എന്നേക്കാൾ നന്നായി അഭിനയം അറിയുന്ന ഒരു ശ്വാന സുന്ദരൻ.
             പുതിയ ആളുകൾ സിനിമ ചെയ്യുമ്പോൾ ഉള്ള കഷ്ടപ്പാടുകളെകുറിച്ചുള്ള പതിവ് പറച്ചിൽ അല്ല ഇത്.
പറയുന്നത് ഗതികേടുകൊണ്ടു ചെയ്യേണ്ടി വന്ന ഒരു കള്ളത്തരത്തെ കുറിച്ചാണ്.
 എനിക്കു ഒരൊറ്റ സീനേ ഉണ്ടായിരുന്നുള്ളു.
 ചായക്കടയിൽ വെച്ച് പട്ടിക്ക് ഫുഡ് കൊടുക്കുന്ന രംഗം.
 എന്റെ ഷൂട്ട് കഴിഞ്ഞു ഞാൻ പിറ്റേന്നു തന്നെ തിരികെ പോന്നു.
 പിന്നെ പോയത് pack-up ആകുന്ന ദിവസം ആണ്.
 അന്ന് എടുക്കുന്ന 4 സീനിലും പട്ടി ഉണ്ട്.
 പാലത്തിലെ ആക്‌സിഡന്റ് സീൻ ഷൂട്ട് നടക്കുന്നു.
 പട്ടിയെ കണ്ടപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നി.
 എന്തോ രൂപമാറ്റം.
 ഇത് റോണി അല്ലേ????
 ആരും അപ്പോൾ മറുപടി പറഞ്ഞില്ല.
 പട്ടിയെ വെച്ച് എടുത്ത സീനുകൾ ഒന്നും ഉദ്ദേശിച്ചത് പോലെ ഭംഗിയാക്കാൻ കഴിയാഞ്ഞതിന്റെ നിരാശ എല്ലാവരിലും ഉണ്ടായിരുന്നു.
പട്ടികളെ 12 ദിവസത്തേക്കാണ് പറഞ്ഞിരുന്നത്.
അത്രയും ദിവസം കഴിഞ്ഞപ്പോൾ ഉടമകൾ കൂടുതൽ തുക ആവശ്യപ്പെട്ടു.
അതിനെ തുടർന്ന് ഉണ്ടായ തർക്കം മൂലം അവർ പട്ടികളെ തിരികെ കൊണ്ടുപോയി.
അവയെ മടക്കി കൊണ്ടുവരാൻ വീണ്ടും വലിയ സാമ്പത്തിക ചിലവുണ്ട്.
ഗതികേടുകൊണ്ട് 
അതിന് പകരം അവർ അവയോട് രൂപസാമ്യമുള്ള രണ്ട് പട്ടികളെ ഏറെ പണിപ്പെട്ടു എവിടെ നിന്നോ കൊണ്ടുവന്നതാണ്.
1 ഇന്റർവെൽ രംഗത്തിൽ പട്ടി ഓടിവരുന്ന സീൻ.
2 ആന്റണിയുടെ ഫോട്ടോ നായികയുടെ മുന്നിൽ കൊണ്ടുപോയി നിലത്ത് വയ്ക്കുന്ന രംഗം.
3 സണ്ണിക്കൊപ്പം ഡോഗ് ഷോ നടക്കുന്ന സ്ഥലത്തേക്ക് നായ പോകുന്ന സീൻ.
4 ഡോഗ് ഷോയിൽ രണ്ട് പട്ടികളും കണ്ടുമുട്ടുന്ന സീൻ.
ഇത്രയുമാണ് എടുക്കേണ്ടിയിരുന്നത്.
പുതിയ നായകൾ ആകട്ടെ പഴയവയെപോലെ പ്രത്യേകം പരിശീലനം ലഭിച്ചവയും അല്ല.
നായികയ്ക്ക് ഒപ്പമുള്ള രംഗം ഉച്ചക്ക് മുൻപേ എടുത്തിരുന്നു.
ഇന്റർവെൽ സീൻ,
 അതും ഒരു വിധം ഒപ്പിച്ചു.
മൂന്നാം സീനും ഓക്കേ.
നാലാം സീൻ (ഡോഗ് ഷോ)
വളരെ പ്രധാനപ്പെട്ട രംഗം.
പലയാവർത്തി ശ്രമിച്ചിട്ടും 
ഉദ്ദേശിച്ചതുപോലെ ചെയ്യാൻ കഴിയാതെ
ഉപേക്ഷിക്കേണ്ടിവന്നു.
ഒടുവിൽ രണ്ട് പട്ടികളും ഒരുമിച്ച്  ഡോഗ് ഷോയ്ക്ക് പുറത്തേക്ക് ഓടി വരുന്ന രംഗം മാത്രം എടുത്തുവെച്ചു.
ഒപ്പിച്ചു...
നായകൾ സിദ്ധിക്കിനൊപ്പമുള്ള ക്ലൈമാക്സ് സീൻ  നേരത്തെ എടുത്ത് വച്ചിരുന്നത് ഭാഗ്യമായി.
തീയേറ്ററിൽ സിനിമ കണ്ടിറങ്ങിയ പരിചയക്കാരോട് പട്ടികൾ തമ്മിൽ എന്തെങ്കിലും മിസ്സ് മാച്ച് ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അവർക്ക് എന്റെ ചോദ്യം പോലും മനസിലായില്ല എന്ന് കണ്ടപ്പോൾ സന്തോഷമായി.
ആരുടെ അനുഗ്രഹംകൊണ്ടോ, ഭാഗ്യത്തിന് പടം ഇറങ്ങി അഞ്ചു മാസമായി ഇന്നേ നിമിഷം വരെ ആരും അങ്ങനെ ഒരു പിഴവ് കണ്ടുപിടിച്ചു പറഞ്ഞില്ല.  ഇപ്പറഞ്ഞതൊന്നും കഷ്ട്ടപ്പാട് പറഞ്ഞു കയ്യടി വാങ്ങി കൊടുക്കാനല്ല.
അന്ന് അതിന്റെ പേരിൽ അവർ കുറെ തീ തിന്നെങ്കിലും ഇന്ന് അത് നല്ല ഒരു ഓർമ്മയാണ്.
നല്ലത് പറഞ്ഞവരോട്, അനുഗ്രഹിച്ചവരോട്
വിമർശിച്ചവരോട് 
നന്ദി അറിയിക്കുന്നു.....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates