വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് ലിയോ. വിക്രം നേടിയ വന്‍ വിജയത്തിന് ശേഷം ലോക്കിയൊരുക്കിയ ചിത്രമായിരുന്നു ലിയോ. വിജയ് രണ്ട് ഗെറ്റപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയും ഇന്‍ഡസ്ട്രി ഹിറ്റാവുകയും ചെയ്തു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു ലിയോ. എല്‍സിയുവില്‍ ലിയോയുടെ തുടര്‍ന്നുള്ള യാത്ര കാണാന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
എന്നാല്‍ ലിയോ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത ചില വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്തു നിന്നും വരുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായ ലിയോയുടെ കളക്ഷനുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നതാണ്.
വന്‍ വിജയമാണ് ലിയോ ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്. 600 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 12 ദിവസത്തില്‍ ചിത്രം 540 കോടി നേടിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട കണക്ക്. എന്നാല്‍ അഞ്ഞൂറും അറുനൂറും കോടികളെന്നത് വ്യാജകണക്കാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്‍കംടാക്‌സിന് നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. സിനിമയുട മൊത്തം റവന്യുവായി നിര്‍മാതാക്കള്‍ സര്‍മപ്പിച്ച രേഖയില്‍ പറയുന്നത് 404 കോടിയാണ്. തിയേറ്ററില്‍ നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതാണ് യഥാര്‍ത്ഥ കണക്ക് എങ്കില്‍ ലിയോയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് പറഞ്ഞത് കള്ളക്കണക്കാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ നേരത്തെ വിജയ് ചിത്രം വാരിസിന്റെ കളക്ഷനെ സംബന്ധിച്ചും സമാനമായൊരു ആരോപണം ഉണ്ടായിരുന്നുവെന്നാണ്. വാരിസ് 300 കോടിയലധികം നേടിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാലിത് ശരിയല്ലെന്ന് പിന്നീട് നിര്‍മാതാവ് തന്നെ തുറന്നു പറയുകയായിരുന്നു.
ലിയോയുടെ കളക്ഷനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും വിജയ്ക്ക് ക്ഷീണമുണ്ടാക്കുന്നതാണ്. ജനനായകനോടെ സിനിമ വിട്ട് പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തകനായി മാറാനുള്ള ഒരുക്കത്തിലാണ് വിജയ് ഇപ്പോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates