ഈ അടുത്തകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ ചർച്ചയാക്കിയ ചിത്രമാണ് ജന നായകൻ. ദളപതി വിജയ് നായകനായെത്തുന്നു എന്നതിലുപരി നടന്റെ കരിയറിലെ അവസാന ചിത്രമെന്ന നിലയിലാണ് ജന നായകൻ സിനിമാ പ്രേക്ഷകരിലേക്കെത്തിയത്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള ചിത്രമെന്ന നിലയിൽ ജന നായകന് ലഭിച്ചു കൊണ്ടിരിക്കുന്ന ഹൈപ്പും വളരെ വലുതാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകാൻ സാധ്യതയുണ്ടെന്നത് തെല്ലൊന്നുമല്ല വിജയ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കൂടി ചിത്രത്തിന്റെ റിലീസ് അനുമതി നിഷേധിച്ചതോടെ ജന നായകന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ജസ്റ്റിസ് പി ടി ആശയുടെ ഉത്തരവിനെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സമര്‍പ്പിച്ച റിട്ട് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്വാഭാവിക നീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി കേസ് സിംഗിള്‍ ബെഞ്ചിന് വിട്ടു. മദ്രാസ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് വിജയ് ആരാധകരും.
"ഇതൊക്കെ മനഃപൂർവം ഇങ്ങേർക്ക് എതിരെ ചില ടീമുകൾ പണിയുന്നതാണ്" എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളിലധികവും. "അണ്ണൻ മാസ്റ്ററിൽ പറഞ്ഞ പോലെ അണ്ണനെ പുടിച്ച കോടി കണക്കിന് ആളുകൾ പുറത്ത് ഉണ്ട്"- എന്ന ഡയലോഗും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. "സിനിമ ഇപ്പോൾ റിലീസ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. 2026 ൽ വിജയ് അണ്ണൻ മുഖ്യമന്ത്രിയാകണം.
നമ്മൾ മുഖ്യമന്ത്രി ടൈറ്റിൽ കാർഡിൽ സിനിമ കാണണം. ദയവായി നെഗറ്റീവ് ആയി ചിന്തിക്കരുത്"- എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. "ജന നായകൻ റിലീസ് ചെയ്യാൻ അനുമതി ഇല്ല. എന്തൊരു തിരിച്ചടി ആണ് ഇങ്ങേർക്ക് എതിരെ. ഒരു വിജയ് പടം ഇറങ്ങുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് സ്വാഭാവികം. പക്ഷേ ഇത്.
ഇതൊക്കെ മനഃപൂർവം ഇങ്ങേർക്ക് എതിരെ ചില ടീമുകളുടെ പണിയൽ തന്നെ ആണ്. ലാസ്റ്റ് മൂവിയും കൂടി അല്ലെ. ഇനി ഇങ്ങനെ കിട്ടില്ല എന്ന് അറിയാം...ഇത്രയും വലിയ ജനപ്രീതി ഒക്കെ ഉള്ള വിജയ്ക്ക് പോലും ഈ അവസ്ഥ. അപ്പോൾ ഇങ്ങേരുടെ എതിരെ നൽകുന്നവൻമാർ ചില്ലറകാര് അല്ല. ഇവരുടെ ഉദ്ദേശ്യം ഇലക്ഷന് മുൻപ് ഈ പടം ഇറാങ്ങാതെ ഇരിക്കാൻ നോക്കുക".- എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
"ഈ പടത്തിൻ്റെ തന്നെ ഉദ്ദേശ്യം കളക്ഷൻ അല്ല ഇലക്ഷൻ ബൂസ്റ്റ് ആണ്...അതിനി നടക്കുമെന്ന് തോന്നുന്നില്ല. എന്തായലും അണ്ണനും വിട്ട് കൊടുക്കുമെന്ന് തോന്നുന്നില്ല. ഇലക്ഷന് മുൻപ് റിലീസ് ചെയ്യാൻ അണ്ണൻ പരമാവധി ശ്രമിക്കും". - എന്നൊക്കെ എക്സിൽ കുറിക്കുന്നവരും കുറവല്ല.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 നാണ് റിലീസ് ചെയ്യാനിരുന്നത്. വിജയ്ക്ക് പുറമേ മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്ഡെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates