ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നടന്‍ വിജയ് സേതുപതി. കുട്ടിക്കാലം മുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആ പ്രതിസന്ധികളാണ് തന്നെ കരുത്തനാക്കിയതെന്നും വിജയ് സേതുപതി പറയുന്നു. ട്രൂലി റാമിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്.
''ജീവിതത്തില്‍ കരുത്തനാക്കി മാറ്റിയത് സാമ്പത്തിക പ്രതിസന്ധികളാണ്. എന്തിനെങ്കിലും ആഗ്രഹിക്കുമ്പോള്‍ ഇത്രയേ ആഗ്രഹിക്കാന്‍ പാടുള്ളൂവെന്ന് തീരുമാനിക്കുന്നത് സാമ്പത്തിക ശേഷിയാണ്. ആശ്രയിക്കേണ്ടി വരുന്നതിനേക്കാള്‍ അത് നമ്മളെ തന്നെ ഞെരുക്കിക്കളയും. അതിനെ മറി കടക്കുവാന്‍ എല്ലാവരേയും പോലെ ഞാനും ശ്രമിച്ചു'' എന്നാണ് വിജയ് സേതുപതി പറഞ്ഞത്.
''ചെറിയ പ്രായം മുതലേ ആ ചോദ്യം ഉണ്ടായിരുന്നു. വീട്ടില്‍ കടക്കാര്‍ വരുമ്പോള്‍ ഞാനായിരിക്കും അച്ഛന്റെ കൂടെയിരിക്കുക. വളരെ ചെറിയ പ്രായം മുതല്‍ തന്നെ ഞാന്‍ അതെല്ലാം ഫേസ് ചെയ്തിട്ടുണ്ട്. ഭയന്നു ഓടുന്ന ശീലം എനിക്കില്ല. ഇതാണ് ജീവിതം, ഇതാണ് നമ്മുടെ വിധി എന്ന് ചിന്തിച്ചിരിക്കില്ല. അതെങ്ങനെ വിധിയാകും? എന്റെ ജീവിതം ആരാണ് തീരുമാനിക്കുന്നത്? അങ്ങനെയെങ്കില്‍ ആശയും അളന്നല്ലേ കൊടുക്കേണ്ടത്? എന്നൊക്കെ സ്വയം ചോദിക്കുമായിരുന്നു'' എന്നും താരം പറയുന്നു.
അതിനായി ഓരോന്നും ശ്രമിച്ചു നോക്കി. ബിസിനസ്മാന്‍ ആകാനായിരുന്നു ശ്രമം. അതിനായി കുറേ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ ഇവിടെയെത്തി. ഇപ്പോഴും ബിസിനസുകാരന്‍ ആകാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതലും പരാജയമാണ്. എന്നാലും എനിക്കിഷ്ടം ആയതിനാല്‍ ശ്രമം തുടരും എന്നും സേതുപതി പറയുന്നു. തന്റെ കുട്ടിക്കാലത്തെ മറക്കാത്ത ഓര്‍മയും അദ്ദേഹം പറയുന്നുണ്ട്.
''എല്ലാ ദിവസവും അച്ഛന്‍ രാത്രി ഒമ്പതരയോടെ ബുള്ളറ്റ് ബൈക്കില്‍ വീട്ടിലെത്തും. വഴിയില്‍ നിന്നും ഒരു പാക്കറ്റ് ഫ്രൈഡ് റൈസ് വാങ്ങിയിട്ടുണ്ടാകും. അത് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിക്കും. ആ ഓര്‍മ ഇന്നും മനസില്‍ അതുപോലെയുണ്ട്'' എന്നാണ് താരം പറയുന്നത്.
പഠിക്കാന്‍ വലിയ മിടുക്കനായിരുന്നില്ല. സ്‌പോര്‍ട്‌സിലും കലയിലും താല്‍പര്യമുണ്ടായിരുന്നില്ല. സെയില്‍സ്മാനായും തട്ടുകടയിലെ കാഷ്യറായും ഫോണ്‍ ബൂത്തിലും ജോലി ചെയ്തുവെന്നും സേതുപതി പറയുന്നു. പിന്നീട് ബിക്കോമില്‍ ബിരുദം നേടിയാണ് ദുബായില്‍ അക്കൗണ്ടന്റാകുന്നത്. തിരികെ വന്ന ശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നതെന്നും, ചെറുപ്പത്തില്‍ നടനാകാണം എന്ന ആഗ്രഹമുണ്ടായിരുന്നില്ലെന്നും സേതുപതി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates