71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞിരിക്കുകയാണ്. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാരായപ്പോള്‍ റാണി മുഖര്‍ജി മികച്ച നടിയുമായി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത് ഫെയില്‍ ആണ് മികച്ച സിനിമ. മലയാളത്തിന് അഭിമാനമായി വിജയരാഘവനും ഉര്‍വശിയും മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങളും നേടി. എന്നാല്‍ ഈ അവാര്‍ഡ് പ്രഖ്യാപനം മലയാളികള്‍ ഓര്‍ത്തുവെക്കുക മറ്റൊന്നിന്റെ പേരിലാകും. 'ദ കേരള സ്‌റ്റോറി' എന്ന ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങളുടെ പേരില്‍.
കേരളത്തെ മോശമായി ചിത്രീകരിക്കുന്ന, മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രൊപ്പഗാണ്ട സിനിമ എന്ന വിമര്‍ശനം റിലീസ് സമയത്ത് തന്നെ നേരിട്ട ചിത്രമാണ് ദ കേരള സ്റ്റോറി. ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍ മികച്ച സംവിധായകനും ക്യാമറാമാന്‍ പ്രശാന്തനു മൊഹപത്ര മികച്ച ഛായാഗ്രാഹകനും ആകുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ നിന്നും ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവര്‍ അവാര്‍ഡ് നല്‍കിയതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ കേരള സ്റ്റോറിയ്ക്ക് എന്തുകൊണ്ട് പുരസ്‌കാരം ലഭിച്ചുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജൂറി അംഗവും മലയാളിയുമായ സംവിധായകന്‍ പ്രദീപ് നായര്‍. സാമൂഹിക പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന സിനിമ എന്നതാണ് അവാര്‍ഡിന് കേരള സ്റ്റോറിയെ പരിഗണിക്കാന്‍ ജൂറി കണ്ടെത്തിയ കാരണം എന്നാണ് പ്രദീപ് പറയുന്നത്. ഓണ്‍ മനോരമയോടായിരുന്നു പ്രദീപിന്റെ പ്രതികരണം.
''പാനലിലെ മലയാളി എന്ന നിലയില്‍ ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കേരളം പോലൊരു സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രൊപ്പഗാണ്ട സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നതിനെ ഞാന്‍ ചോദ്യം ചെയ്തിരുന്നു. എന്റെ ആശങ്കകള്‍ ചെയര്‍പേഴ്‌സനെ നേരിട്ട് തന്നെ അറിയിച്ചിരുന്നു. പക്ഷെ ചിത്രത്തെ പ്രൊപ്പഗാണ്ടയായി കണ്ടത് ഞാന്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ വിവാദ ചിത്രമാണെങ്കിലും പ്രാധാന്യമുള്ളൊരു സാമൂഹിക പ്രശ്‌നം അവതരിപ്പിക്കുന്ന സിനിമ എന്നാണ് വാദിച്ചത്'' പ്രദീപ് പറയുന്നു.
കേരള സ്റ്റോറിയ്‌ക്കൊപ്പം മികച്ച സംവിധാനത്തിനായി മത്സരിച്ച ചിത്രം മലയാള സിനിമ ഉള്ളൊഴുക്കാണ്. എന്നാല്‍ ഉള്ളൊഴുക്ക് കുടുംബ കഥ മാത്രമാണെന്നും കേരള സ്റ്റോറി സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്തതെന്നായിരുന്നു വാദമെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരള സ്‌റ്റോറി'യ്ക്ക് അവാര്‍ഡ് നല്‍കിയത് പോലെ തന്നെ വിവാദമായി മാറിയിരിക്കുകയാണ് മലയാള സിനിമ ആടുജീവിതത്തിനോടുള്ള അവഗണന. രാജ്യാന്തര ശ്രദ്ധ നേടിയ, ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവലിനെ സിനിമയാക്കിയത് ബ്ലെസിയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കണ്ട സിനിമ. എന്നാല്‍ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതത്തെ പൂര്‍ണമായി തഴയുകയായിരുന്നു. അതേക്കുറിച്ചും പ്രദീപ് സംസാരിക്കുന്നുണ്ട്.
''ജൂറി ചെയര്‍പേഴ്‌സണ്‍ ആശുതോഷ് ഗവാരിക്കര്‍ ആടുജീവിതം ഗോവ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കണ്ടിരുന്നു. അദ്ദേഹത്തിന് സിനിമയുടെ അഡാപ്‌റ്റേഷനിലും എക്‌സിക്യൂഷനിലും ആശങ്കകളുണ്ടായിരുന്നു. ഗവാരിക്കറും ജൂറിയിലെ മറ്റുള്ളവരും ആടുജീവിതത്തിന് നാച്യുറാലിറ്റിയില്ലെന്നും പ്രകടനങ്ങളില്‍ സ്വാഭാവികതയില്ലെന്നുമാണ് വാദിച്ചത്'' എന്നാണ് ആടുജീവിതത്തെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രദീപ് പറയുന്നത്.
മികച്ച ഗായകന്‍, മികച്ച വരികള്‍ എന്നീ വിഭാഗങ്ങളിലും ആടുജീവിതം പരിഗണിക്കപ്പെട്ടിരുന്നുവെന്നും പ്രദീപ് പറയുന്നുണ്ട്. മലയാളം വരികളുടെ കൃത്യമായ ഇംഗ്ലീഷ് തര്‍ജ്ജമ സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയത് സിനിമയ്ക്ക് തിരിച്ചടിയായെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിലെ കെആര്‍ ഗോകുലിന്റെ പ്രകടനം ജൂറിയൂടെ പ്രശംസ നേടിയെങ്കിലും പുരസ്‌കാരമൊന്നും ലഭിക്കാതെ പോയെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്.
ആടുജീവിതം മത്സരിച്ച മറ്റൊരു വിഭാഗം മേക്കപ്പ് ആയിരുന്നു. പൂക്കാലവും ആടുജീവിതത്തിനൊപ്പമുണ്ടായിരുന്നു. വിജയരാഘവന്റെ കഥാപാത്രത്തില്‍ മാത്രം ശ്രദ്ധിച്ചുവെന്നതായിരുന്നു പൂക്കാലത്തെ ഒഴിവാക്കാനുണ്ടായ കാരണം. ആടുജീവിതത്തിലും ജൂറി തൃപ്തരായില്ല. ഹിന്ദി ചിത്രം സാം ബഹദൂറിനാണ് ഒടുവില്‍ പുരസ്‌കാരം ലഭിച്ചത്.
മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ഉള്ളൊഴുക്കും പല വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നതായാണ് പ്രദീപ് പറയുന്നത്. ക്രിസ്റ്റോ ടോമിയെ മികച്ച പുതുമുഖ സംവിധായകനായും പാര്‍വതി തിരുവോത്തിനെ മികച്ച നടിയായും പരിഗണിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാലും അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ സംഗീതത്തിന് സുഷിന്‍ ശ്യാമിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഈ അവാര്‍ഡുകളെല്ലാം ഉള്ളൊഴുക്കിന് നഷ്ടമാവുകയായിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ഉള്ളൊഴുക്കിന് നഷ്ടമായതിലുണ്ടെന്നാണ് പ്രദീപ് നായര്‍ ചൂണ്ടിക്കാണിക്കുന്നത്.
കേരളം വിറങ്ങലിച്ചുപോയ പ്രളയത്തിന്റെ കഥ പറഞ്ഞ 2018 എവരിവണ്‍ ഈസ് എ ഹിറോയും ദേശീയ പുരസ്‌കാരത്തില്‍ പല വിഭാഗത്തിലും മത്സരിച്ചിരുന്നു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനില്‍ 2018 മത്സരിച്ചത് ഉള്ളൊഴുക്കിനോടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ മികച്ച ഛായാഗ്രഹണം, ജനപ്രീയ സിനിമ എന്നീ വിഭാഗങ്ങളിലും 2018 നെ പരിഗണിച്ചതായാണ് പ്രദീപ് നായര്‍ പറയുന്നത്. എന്നാല്‍ രണ്ട് പുരസ്‌കാരങ്ങളും നഷ്ടമായി. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ജനപ്രീയ സിനിമയായത്.
''ശക്തമെങ്കിലും മുഖ്യധാര എന്റര്‍ടെയ്ന്‍മെന്റ് എലമെന്റുകളായ പാട്ടും തമാശ നിമിഷങ്ങളും ഇല്ലെന്നാണ് ജൂറിയ്ക്ക് തോന്നിയത്. അതോടൊപ്പം 2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് മാത്രമേ സിനിമ റിലേറ്റബിള്‍ ആവുകയുള്ളൂവെന്നും ജൂറി നിരീക്ഷിച്ചു'' എന്നാണ് പ്രദീപ് നായര്‍ പറയുന്നത്. എഡിറ്റിങ്, വസ്ത്രാലങ്കാരം, ആക്ഷന്‍ ഡയറക്ഷന്‍ എന്നി വിഭാഗങ്ങളില്‍ രഞ്ജന്‍ പ്രമോദിന്റെ ഒ.ബേബിയും പരിഗണിക്കപ്പെട്ടതായാണ് പ്രദീപ് പറയുന്നത്. എന്നാല്‍ പുരസ്‌കാരങ്ങളൊന്നും ചിത്രത്തെ തേടിയെത്തിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates