Why This Kolaveri Di Youtube
Entertainment

15 വർഷം പിന്നിട്ട് 'വൈ ദിസ് കൊലവെറി ഡി'; ധനുഷും അനിരുദ്ധും ചേർന്ന് സൃഷ്ടിച്ച വൈറൽ ഗാനത്തിന് പിന്നിലെ കഥ

യാദൃച്ഛികമായി രൂപപ്പെട്ട ഒരു ഗാനമാണ് പിന്നീട് ഇന്റർനെറ്റിലെ ആദ്യകാല വൈറൽ ഹിറ്റുകളിലൊന്നായി മാറിയത്. 622 മില്യൺ കാഴ്ചക്കാരാണ് പാട്ടിനുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ഇന്ത്യൻ സംഗീതലോകത്ത് വലിയ ചർച്ചയായ 'വൈ ദിസ് കൊലവെറി ഡി' (Why This Kolaveri Di) പുറത്തിറങ്ങിയിട്ട് 15 വർഷം. 2011 നവംബർ 16നാണ് ധനുഷ് ആലപിച്ച ഈ ഗാനം യൂട്യൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ധനുഷിന്റെ വരികളും ചേർന്ന ഗാനം ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടി. യാദൃച്ഛികമായി രൂപപ്പെട്ട ഒരു ഗാനമാണ് പിന്നീട് ഇന്റർനെറ്റിലെ ആദ്യകാല വൈറൽ ഹിറ്റുകളിലൊന്നായി മാറിയത്. 622 മില്യൺ കാഴ്ചക്കാരെയാണ് പാട്ട് സമ്പാദിച്ചത്.

ഐശ്വര്യ ആർ. ധനുഷ് സംവിധാനം ചെയ്ത '3' എന്ന ചിത്രത്തിനു വേണ്ടിയാണ് ഗാനം ഒരുക്കിയത്. അന്ന് വെറും 21 വയസ്സ് മാത്രമുണ്ടായിരുന്ന അനിരുദ്ധിന്റെ സംഗീതസംവിധായകനായുള്ള അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. ഒരു സാധാരണ സ്റ്റുഡിയോ സെഷനിടെയാണ് ഗാനത്തിന്റെ ഈണം രൂപപ്പെട്ടത്. ഏകദേശം അഞ്ച് മിനിറ്റുകൊണ്ട് അനിരുദ്ധ് ഈണം തയ്യാറാക്കി. ഇത് കേട്ട ധനുഷ് സ്വാഭാവികമായി പാടിത്തുടങ്ങിയതോടെയാണ് 'വൈ ദിസ് കൊലവെറി ഡി' എന്ന ഹിറ്റ് ലൈൻ രൂപപ്പെടുന്നത്.

ഗാനത്തിന്റെ വരികൾ എഴുതാൻ ധനുഷിന് വേണ്ടിവന്നത് വെറും ആറു മിനിറ്റാണെന്ന് അദ്ദേഹം ഒരു പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സാധാരണക്കാർ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ലളിതമായ വാക്കുകളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയതെന്നും അതായിരുന്നു അതിന്റെ പ്രത്യേകതയെന്നും ധനുഷ് പറഞ്ഞിരുന്നു. വരികളിൽ ഇംഗ്ലീഷ് വാക്കുകൾ കൂടുതലുണ്ടെങ്കിലും ആലാപനത്തിൽ തമിഴ് ശൈലി നിലനിർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ ഗാനത്തെ സിംഗിളായി പുറത്തിറക്കാൻ അണിയറപ്രവർത്തകർക്ക് പദ്ധതിയുണ്ടായിരുന്നില്ല. എന്നാൽ ഗാനത്തിന്റെ ഒരു റോ വേർഷൻ പരിചയക്കാരിലൊരാൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ ഗാനം പൂർത്തിയാക്കി ഔദ്യോഗികമായി പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. അനിരുദ്ധിനോട് ഉടൻതന്നെ ഗാനം പൂർത്തിയാക്കാൻ ധനുഷ് ആവശ്യപ്പെടുകയായിരുന്നു.

2011 നവംബർ 16ന് സോണി മ്യൂസിക് ഗാനത്തിന്റെ ഔദ്യോഗിക വീഡിയോ യൂട്യൂബിൽ പുറത്തിറക്കി. ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് വ്യൂസ് നേടിയ ഗാനം ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചു. വൈറൽ ഗാനങ്ങൾ പതിവില്ലാതിരുന്ന കാലത്താണ് 'കൊലവെറി' ഈ ശ്രദ്ധ നേടിയത്.

ഗാനത്തിന്റെ വീഡിയോയും ജനപ്രീതിക്ക് കാരണമായി. ഒരു റെക്കോർഡിങ് സ്റ്റുഡിയോയിലെ സുഹൃത്തുക്കളുടെ ഒത്തുചേരൽ പോലെയായിരുന്നു ദൃശ്യാവിഷ്കാരം. ധനുഷ് മൈക്കിന് മുന്നിൽ പാടുമ്പോൾ അനിരുദ്ധ് കീബോർഡ് വായിക്കുന്നതും ഐശ്വര്യ ആർ. ധനുഷും ശ്രുതി ഹാസനും സ്റ്റുഡിയോ സെഷനിൽ പങ്കെടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു. വരികൾ സ്ക്രീനിൽ തെളിഞ്ഞതും പ്രേക്ഷകർക്ക് പാട്ടിനൊപ്പം പാടാൻ സഹായകമായി.

പിന്നീട് നിരവധി പേർ ഗാനത്തിന്റെ കവർ പതിപ്പുകളും പാരഡികളും പുറത്തിറക്കി. ബോളിവുഡ് താരം അമിതാഭ് ബച്ചനും ഗാനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. അതേസമയം, ഗാനത്തിന്റെ വരികൾ, ഈണം, ആലാപനം എന്നിവയെക്കുറിച്ച് ഗാനരചയിതാവ് ജാവേദ് അക്തർ വിമർശനം ഉന്നയിച്ചതും അന്ന് ചർച്ചയായിരുന്നു.

അനിരുദ്ധിന്റെ സംഗീതസംവിധായകനായുള്ള കരിയറിന് വലിയ തുടക്കമാണ് 'കൊലവെറി' സമ്മാനിച്ചത്. ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ ധനുഷിന് കൂടുതൽ ശ്രദ്ധ നേടാനും സാധിച്ചു. എന്നാൽ ഗാനത്തിന്റെ ജനപ്രീതി '3' എന്ന സിനിമയുടെ ബോക്സ് ഓഫീസ് വിജയമായി മാറിയില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ പോപ്പ് കൾച്ചറിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായി 'വൈ ദിസ് കൊലവെറി ഡി' തുടരുകയാണ്. ആസൂത്രിതമായ പ്രമോഷനുകളില്ലാതെ ഒരു സാധാരണ സംഗീത സെഷനിൽ രൂപപ്പെട്ട ഗാനം എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വൈറൽ ഹിറ്റായി മാറി എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

'Why This Kolaveri Di' Turns 15: The Story Behind the Viral Song Created by Dhanush and Anirudh

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

29 പന്തില്‍ 82 റണ്‍സ്, വീണ്ടും 'സ്കൈ വെടിക്കെട്ട്'!

കാവേരിയില്‍ അണ കെട്ടാന്‍ കര്‍ണാടക, എതിര്‍പ്പുമായി തമിഴ്നാട്; വീണ്ടും ജലപ്പോര്; എന്താണ് മേക്കേദാട്ടു തര്‍ക്കം?

കൊല്ലത്ത് വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, എടിഎം മാതൃകയില്‍ 'അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം', 24 മണിക്കൂറും സേവനം