സീനത്ത്, മോഹന്‍ലാലും മമ്മൂട്ടിയും ഫെയ്സ്ബുക്ക്
Entertainment

'ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനും; മിണ്ടാതിരുന്നത് പേടിച്ചിട്ട്'

'മമ്മൂക്കയോ മോഹൻലാലോ നേതൃത്വം വഹിക്കാത്ത ഒരു ‘അമ്മ’ ചിന്തിക്കാന്‍ പോലും പറ്റില്ല'

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് മോഹൻലാൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നടി സീനത്ത്. മമ്മൂക്കയോ മോഹൻലാലോ നേതൃത്വം വഹിക്കാത്ത ഒരു ‘അമ്മ’ ചിന്തിക്കാന്‍ പോലും പറ്റില്ല എന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സീനത്ത് പറയുന്നത്. നമ്മളെല്ലാവരും സ്‌നേഹിക്കുന്നവരെ ഒരു പരിധിയില്‍ കൂടുതല്‍ കുറ്റപ്പെടുത്തുകയും വാക്കുകള്‍കൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ പ്രതികരിക്കാന്‍ ഭയം ആയിരുന്നു. ഇനിയും പ്രതികരിക്കാതിരുന്നാൽ അത് മമ്മൂട്ടിയോടും മോഹൻലാലിനോടും ചെയ്യുന്ന നന്ദികേടാകും എന്നാണ് സീനത്ത് കുറിച്ചത്.

ആരൊക്കെയോ ചേര്‍ന്ന് ‘അമ്മ’യെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നല്‍, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു, ഭയം ഉണ്ടാക്കുന്നു. ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോല്‍പ്പിക്കാന്‍?- സീനത്ത് കുറിച്ചു.

സീനത്തിന്റെ കുറിപ്പ് വായിക്കാം

മമ്മൂക്കയ്ക്കും, ലാല്‍ജിക്കും, ഒരു തുറന്ന കത്ത്. എന്തിനാണ് സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം, എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും അറിയണം എന്നു തോന്നി. നമ്മളെല്ലാവരും സ്‌നേഹിക്കുന്നവരെ ഒരു പരിധിയില്‍ കൂടുതല്‍ കുറ്റപ്പെടുത്തുകയും വാക്കുകള്‍കൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ പ്രതികരിക്കാന്‍ ഭയം ആയിരുന്നു, ഏതു രീതിയില്‍ പ്രതികരിച്ചാലും അതിനു താഴെ വരുന്ന സൈബര്‍ ആക്രമണം അത് താങ്ങാന്‍ എല്ലാവര്‍ക്കും പറ്റില്ലല്ലോ. പക്ഷേ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകും. ആരെന്ത് ചെയ്താലും ആവശ്യത്തിനും അനാവശ്യത്തിനും പഴി കേള്‍ക്കേണ്ടി വരുന്ന ഞങ്ങളുടെയൊക്കെ ശക്തിയായ മമ്മൂട്ടി, മോഹന്‍ലാല്‍, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദികേട്. ‘അമ്മ’ എന്ന സഘടനയ്ക്കു വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പര്‍മാരോട് കാണിക്കുന്ന നന്ദികേട്.

1994ല്‍ രൂപം കൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതല്‍ ആ സംഘടനയില്‍ ഒരു അംഗം ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ‘അമ്മ’ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലിയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. എത്രയോ വീടില്ലാത്തവര്‍ക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകള്‍ക്ക് 5000 രൂപ വീതം ഒന്നാം തിയതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്പര്‍മാര്‍ക്കും അഞ്ചു ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് ‘അമ്മ’. പുതിയ കമിറ്റി രൂപം കൊണ്ടപ്പോള്‍ മരുന്ന് വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് 5000 രൂപയ്ക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യന്‍ സിനിമയില്‍ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്? ചിലപ്പോള്‍ എന്റെ അറിവിന്റെ പരിമിതി ആവാം.

‘അമ്മ’യുടെ തുടക്കത്തില്‍ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് ‘അമ്മ’ എന്ന് ഒരിക്കലും കരുതിയില്ല. വര്‍ഷങ്ങള്‍ കൂടുംതോറും ‘അമ്മ’യുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ‘അമ്മ’യെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നല്‍, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു, ഭയം ഉണ്ടാക്കുന്നു. ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോല്‍പ്പിക്കാന്‍? ‘അമ്മ’ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനും അല്ല, ഒന്നാം തിയതി ആകാന്‍ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്.

ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങള്‍ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായും തണലായും ‘അമ്മ’യിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടുമ്പോള്‍ ആശ്വസിക്കുന്ന മുഖങ്ങള്‍ ഉണ്ട്. നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവേണമെന്നില്ല, മനസിലാവാണമെങ്കില്‍ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപെടുന്നവരാണ് ഈ കലാകാരമാര്‍. എല്ലാവരും കൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോള്‍ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞു ഇറങ്ങി മോഹന്‍ലാല്‍ എന്ന ആ വലിയ മനുഷ്യന്‍. പക്ഷേ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണ്. ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു.

പ്രിയപ്പെട്ട മമ്മൂക്കാ, ലാല്‍ജി, മമ്മൂക്കയ്ക്കും ലാലിനും ജനങ്ങളിലേക്ക് എത്താന്‍ ‘അമ്മ’ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറിയ ജീവിതത്തില്‍ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങള്‍ നേടിക്കഴിഞ്ഞു. പക്ഷേ ‘അമ്മ’ എന്ന സഘടനയ്ക്ക് നിങ്ങളെ ആവശ്യമാണ്, ‘അമ്മ’യിലെ ഓരോ വ്യക്തികള്‍ക്കും നിങ്ങളെ ആവശ്യമാണ്, നിങ്ങളുടെ സേവനം ആവശ്യമാണ്. വലിയ ശിഖരങ്ങള്‍ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങള്‍, അതിനു താഴെ തണല്‍ പറ്റി ഇരിക്കാന്‍ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുകൊണ്ട് ‘അമ്മ’ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാല്‍ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മൂക്കയും. മമ്മൂക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു ‘അമ്മ’ ചിന്തിക്കാന്‍ പോലും പറ്റില്ല. തിരിച്ചു വരൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT