മലയാള സംഗീത രംഗത്തെ മുൻ നിര ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. ഇതിനോടകം മലയാളികൾ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങൾ സിത്താര സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സിത്താരയുടെ വളർച്ചയെക്കുറിച്ച് പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. കുട്ടിക്കാലത്ത് സിത്താരയെ കണ്ടതു മുതൽ മികച്ച ഗായികയായുള്ള വളർച്ചവരെയുള്ള കാര്യങ്ങളാണ് ഷഹബാസ് കുറിക്കുന്നത്. ചെറുപ്പത്തിൽ എല്ലാത്തിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു സിത്താര. എന്നാൽ 'കേവലം മൽസരക്കാരി' ആയിരിക്കാം എന്നാണ് താൻ കരുതിയത് എന്നാണ് ഷഹബാസ് കുറിക്കുന്നത്. അതിനിടെ പലവട്ടം കണ്ടുമുട്ടിയെങ്കിലും 2020 തുടക്കത്തിൽ സച്ചിൻ ബാലുവിന്റെ പാട്ടിലൂടെയാണ് സിത്താരയുമായി കൂടുതൽ അടുപ്പിച്ചത് എന്നാണ് ഷഹബാസ് പറയുന്നത്. സ്മരണകൾ കാടായ് എന്ന പാട്ടു കേട്ടപ്പോഴാണ് അവൾ എത്രത്തോളം വളർന്ന് കഴിഞ്ഞിരിക്കുന്നു എന്ന് കൃത്യമായി ബോധ്യപ്പെട്ടത്. കഠിനാധ്വാനത്തിലൂടെയാണ് സിത്താരയുടെ വളർച്ചയെന്നും ഷഹബാസ് അമൻ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ഷഹബാസിന്റെ 'മനസ്സിന്റെ മദ്‌റസ' എന്ന ഗാനം സിത്താരയാണ് ആലപിച്ചത്. പ്രതിസന്ധിക്കിടയിൽ മനസിന്റെ മദ്‌റസ പാടിയതിന് സിത്താരയോട് നന്ദി പറയാനും മറന്നില്ല.
ചെന്നിടം തന്നിടം എന്ന ഒരു കാലമുണ്ടായിരുന്നു.കുറേ പണ്ടൊന്നുമല്ല.
ഒറ്റ രാത്രി വെച്ചും മാസങ്ങൾ വെച്ചുമൊക്കെ അപരിചിതമായ പല ഇടങ്ങളിൽ കഴിഞ്ഞ കാലം. കുറഞ്ഞ ആയുസ്സ് കൊണ്ട് കുറേ ജീവിതം ജീവിക്കാൻ പറ്റിയത് പോലെ ഒരു തോന്നലാണു !കറണ്ടില്ലാത്ത കാലം തൊട്ട് ആപ്പിൾ പ്രോ ലെവൻ ഉപയോഗിക്കുന്നത് വരെയുള്ള ഒരു സ്പാൻ. ഒരു ഹെർസ്സോഗിയൻ സിനിമ കണക്കെ സംഭവ ബഹുലമൊന്നുമല്ലെങ്കിലും ബെർഗ്ഗ്മാൻ മൂവികളിലെ മാനസിക അന്തർധാരാ നിലവാരത്തിൽ നോക്കിയാൽ ഡെപ്ത് കൊണ്ട് ടോപ്പ് തന്നെ! വമ്പിച്ച നാലു ജനറേഷനിടയിലൂടെയാണു കടന്ന് പോകേണ്ടി വന്നത്! ഒരു മൂച്ചിനു മുഅദ്ദിനായും വേറൊരു മൂച്ചിനു പിരാന്തനായും ജീവിക്കുക അത്ര എളുപ്പമൊന്നുമല്ല.ഒക്കെ പിന്നെ പറയാം!
അങ്ങനെയിരിക്കെ തേഞ്ഞിപ്പാലത്തെ കോഹിനൂർകാലത്താണു ചേലുള്ള മൂക്കിൻ തുമ്പിലും കണ്ണിണകളിലും ഭംഗിയുള്ള 'അഹങ്കാരം' റിംഗ് എന്ന പോലെ അണിഞ്ഞ ആ കുട്ടിയെ ഒരു നോട്ടം കാണുന്നത്! -പൊട്ട ആണുങ്ങൾ അസൂയ കൊണ്ട് 'അഹങ്കാരം' എന്ന് വിളിച്ചുപോരുന്ന ആ സംഗതി പെൺകുട്ടികളെ സംബന്ധിച്ച്, തങ്ങളുടെ സെൽഫ്കോൺഫിഡൻസിന്റെ പല താക്കോലുകളിൽ ഒന്ന് (മാത്രം)ആണെന്ന് പിന്നീട് മനസ്സിലാക്കുന്നുണ്ട്.ആ ശ്വാസബലം എങ്ങാനും ചെറുതായിട്ട് ഒന്ന് അയച്ച്കൊടുത്താൽ അവിടെക്കേറി 'അവന്മാർ' ഞരങ്ങുമെന്ന കാര്യം അവളേക്കാൾ അവനാണോ നന്നായറിയുക?ഒരിക്കലുമല്ല - അങ്ങനെ നിൽക്കുമ്പോൾ ഒറ്റക്ക് നടന്ന് പോകുന്ന ആ പെൺകുട്ടിയെ ചൂണ്ടി കൂട്ടുകാരൻ പറഞ്ഞു . അറിയില്ലേ? എല്ലാറ്റിലും ഒന്നാം സ്ഥാനക്കാരിയാണു.മിടുമിടുക്കി!യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിന്റെയും സെന്റ് പോൾസിന്റെയുമൊക്കെ നക്ഷത്രം ! വെറും നക്ഷത്രമല്ല. സിതാര! സിതാര കൃഷ്ണകുമാർ!
മനസ്സിൽ കുറിച്ച് വെച്ചെങ്കിലും 'കേവലം മൽസരക്കാരി' ആയിരിക്കാം എന്ന അനാവശ്യ ഊഹം കാരണം അത്ര ഉള്ളിലേക്കെടുത്തില്ല. വളരെ വളരെ കാലങ്ങൾക്ക് ശേഷമാണു ഞങ്ങളുടെ ആദ്യ സംഗമം ഉണ്ടാകുന്നത്.കൂട്ടുകാർ വഴി പരിചിതനായിക്കഴിഞ്ഞ ഡോക്ടർ സജീഷ്, സിതാരയുടെ ജീവിതസഖാവായിത്തീരുന്നതോടെയാണത്! പണ്ടത്തെ ആ അലച്ചിലുകാരൻ അപ്പോഴേക്കും തന്റെ ഇണയോടൊപ്പം ഒരു ശാന്ത ജീവിതം തുടങ്ങിയിരുന്നല്ലൊ.ഞങ്ങൾ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഗൃഹസന്ദർശ്ശനം നടത്തി! മൂന്ന് ലൈവ് പ്രോഗ്രാമുകളിൽ ഒരുമിച്ചിരുന്ന് പാടി.ഒന്ന് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് എല്ലാം കഴിഞ്ഞു!
പിന്നീട് പരസ്പരം കണ്ടതേയില്ല! ലോങ്ങ് ടൈം.അതിനിടയിൽ സിതാര അമ്മയാകുന്നുണ്ട്.ആർട്ട്‌ഫീൽഡിൽ അവൾക്ക് ഒരു ഇടവേളയുണ്ടാകുന്നുണ്ട്.രണ്ടാം വരവിൽ അവൾ ഒരു പൊളി പൊളിക്കുന്നുമുണ്ട്! സംസ്ഥാനത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെടുന്നതടക്കം പല തരം മുന്നേറ്റങ്ങൾ! എല്ലാം ദൂരെ നിന്ന് നോക്കിക്കാണുന്നുണ്ടായിരുന്നു.സന്തോഷത്തോടെ....
പിന്നെയും വർഷങ്ങൾ കഴിഞ്ഞാണു അടുത്ത സംഗമം.2017 ലെ മികച്ച ഗായികക്കും ഗായകനുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാങ്ങാൻ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്ന രണ്ട് മലപ്പൊറത്തേര് ആയിട്ട്! ഒന്ന് ഓർത്താൽ അത് വേറെ ലെവൽ നിമിഷങ്ങൾ തന്നെ ആയിരുന്നു രണ്ടാളെ സംബന്ധിച്ചും! പക്ഷേ ഒന്നും ഓർക്കാൻ പോയില്ല!
പിന്നെയും രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്ത 'കൂടിച്ചേരൽ'.അതായിരുന്നു കെ.എം.എഫ് 'കരുണ'.സിതാരയുടെ സംഘാടന മികവും കഠിനാധ്വാന സന്നദ്ധതയും കമ്മിറ്റ്മെന്റും അടുത്ത് നിന്ന് നോക്കിക്കാണാൻ കഴിഞ്ഞ ആദ്യത്തെ സന്ദർഭം!
അടുത്ത സമാഗമം 2020 ന്റെ തുടക്കത്തിൽ ! പരസ്പരം കാണാതെത്തന്നെ ഞങ്ങളിരുവരും ജീവിതത്തിൽ ആദ്യമായി വൈകാരികമായി ആഴത്തിൽ 'സംഗമിച്ച' സന്ദർഭം ! അതായിരുന്നു "സ്മരണകൾ കാടായ്" എന്ന ഗാനം! പ്രിയപ്പെട്ട സച്ചിൻ ബാലുവിന്റെ പാട്ട്! ഞങ്ങളെ ശരിക്കും പരസ്പരം 'പരിചയപ്പെടുത്തിയത്' സച്ചിൻ ആണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.'സ്മരണകൾ' പാടാൻ വേണ്ടി സ്റ്റുഡിയോയിലെത്തുമ്പോൾ സിതാരയുടെ ഭാഗം അവൾ പാടിക്കഴിഞ്ഞിരുന്നു! ഓട്ടോ ബയോഗ്രഫിക്കൽ എന്ന് പറയാവുന്ന വിധം ആഴത്തിലുള്ള ഒരു ആലാപനമായിരുന്നു അതിൽ അവളുടെ! സത്യത്തിൽ അത് കേട്ടപ്പോഴാണു അവൾ എത്രത്തോളം വളർന്ന് കഴിഞ്ഞിരിക്കുന്നു എന്ന് കൃത്യമായി ബോധ്യപ്പെട്ടത്! പ്രകോപനപരമായ പ്രചോദനം എന്ന ഒരു വാക്ക് ഉണ്ടാക്കി പ്രയോഗിക്കാമോ എന്നറിയില്ല! അതനുഭവിക്കുകയായിരുന്നു സിതാരയുടെ അസാന്നിധ്യത്തിൽ ആ പാട്ടു കേൾക്കുമ്പോൾ! ഞങ്ങൾക്കിടയിലുണ്ടായിരുന്ന സഞ്ചാര ദൂരങ്ങളെ അവൾ കൃത്യമായി വരച്ചു കാണിച്ചു പട്ദീപ് രാഗത്തിന്റെ വേരുകളിലൂടെ താഴേക്കും ചില കൊമ്പുകളിലൂടെ വശങ്ങളിലേക്കും പൊയ്ക്കൊണ്ട്! ഏതാനും ചില ശിഖരങ്ങളും ഇലകളും മാത്രമാണു മുകൾപ്പരപ്പിൽ ബാക്കിയായത്! അതിലൂടെ ആകാശത്തേക്ക് പിടിച്ച് കയറുക അത്ര എളുപ്പമായിരുന്നില്ല.
സിതാരയുടെ വളർച്ച നല്ല കഠിനാദ്ധ്വാനത്തിലൂടെത്തന്നെയായിരുന്നു എന്ന് കാണാം.പഠനമായാലും പരിശീലനമായാലും! എത്രയെത്രയോ വേദികൾ! ഒരേ പാട്ടിന്റെ എത്ര കുറി ആവർത്തനങ്ങൾ?! തൊണ്ടക്കെന്തും വഴങ്ങുന്ന നില അവളിൽ വന്ന് ചേർന്നത് പഠിക്കാനുള്ള സ്ഥിര സന്നദ്ധതയാലും പിന്നെയാ കർമ്മനൈരന്തര്യത്താലും തന്നെ!ഒരു പക്ഷേ തനിക്ക് ഓർമ്മ വെച്ച നാളിനും മുൻപ് തൊട്ട് ഈ നിമിഷം വരെ ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കുന്നുണ്ട്, സിതാര! പാട്ട് പാടാൻ മാത്രമല്ല,അത് ഈണപ്പെടുത്താനുള്ള അറിവുമുണ്ട്.കവിതയെ ഉയിരറിഞ്ഞ് സമീപിക്കാനുള്ള വായനാ ശീലം തന്നെ കാരണം. അതോടൊപ്പം ഡാൻസിലുള്ള പ്രാവീണ്യവും മലയാളം ഇംഗ്ലീഷ് ലിറ്ററേച്ചറിലുള്ള അക്കാഡമിക ഗ്രിപ്പും ഗായിക എന്ന നിലക്കുള്ള പ്രൊഫഷണലിസവും അതേ സമയം ഇരുവശം നോക്കാത്ത സുഹൃദ് ത്യാഗവും വേണ്ട സമയത്ത് നന്നായി മിണ്ടാനുള്ള കഴിവും തന്റേതായ കൃത്യം രാഷ്ട്രീയ നിലപാട് എടുക്കാനും അത് തുറന്ന് പ്രഖ്യാപിക്കുവാനുള്ള സ്ഥൈര്യവുമൊക്കെ സിതാരയെ മറ്റുള്ള ആരിൽ നിന്നും വേറിട്ട് നിർത്തുന്നുണ്ട്.
പ്രിയ സിതാര! കേരളത്തിൽ മാത്രമായല്ല പാൻ ഇൻഡ്യൻ ലെവലിലേക്ക് തന്നെ കരിയർ വ്യാപിപ്പിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. (കർമ്മം ചെയ്യുന്നതധികവും മാതൃഭാഷയായ മലയാളത്തിലായത് കൊണ്ട്) ഇനി അഥവാ അതിനെന്തെങ്കിലും ഏറ്റക്കുറച്ചിൽ വന്നാൽത്തന്നെ,അറിയുക, കലയിലെ ഏതൊരു വിശ്വ പൗര(ൻ)മാരിൽ ഒരാളെപ്പോലെത്തന്നെയാണു ആള്രെഡി നീയും! പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും!
ഇക്കഴിഞ്ഞ നിന്റെ പിറന്നാൾ ദിനത്തിൽ അതിന്റേതായ പല തിരക്കുകൾക്കിടയിലും അതും കൂടാതെ കോവിഡ് കാല ഭയവിഹ്വലതകൾ നിലലിൽക്കേയും അതൊന്നും പ്രശ്നമാക്കാതെ മാസ്കും കയ്യുറയുമൊക്കെ ധരിച്ച് കൊച്ചിയിലെ മൈസ്റ്റുഡിയോയിൽ ചെന്ന് അതിമനോഹരമായി,ജീവിതത്തോടാകെയുള്ള പ്രേമഭാവത്തോടെ, 'മനസ്സിന്റെ മദ്‌റസ' പാടി അയച്ച് തന്നതിനു ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു വെളിച്ചം നന്ദി!
പാടിത്തന്നതിനുള്ള പ്രത്യുപകാരമായിട്ടല്ലട്ടൊ ഇപ്പോൾ ഈ നല്ല വാക്കുകൾ! ഇപ്പോഴുമല്ലെങ്കിൽ ഇനിയെപ്പോൾ?
മനസ്സിന്റെ മദ്‌റസയുടെ ചിത്രീകരണം നീ ശ്രദ്ധിച്ചില്ലേ? ആരും പറയാതെത്തന്നെ ചിത്രകാരൻ നീയിരുന്ന ഭാഗത്താണു ഏറിയ ജീവികളെയും ചേർത്ത് വെച്ചത് എന്ന കാര്യം പിന്നീടാണു ശ്രദ്ധിച്ചത് ! ആടും മയിലും കോഴിയും പൊന്മയും സൂചിമുഖിയും ഒച്ചും ചരിത്ര പ്രസിദ്ധമായ എട്ടുകാലിവലയും പച്ചിലപ്പാമ്പും വേഴാമ്പലും...
അവരോടൊപ്പം ആ വള്ളിപ്പടർപ്പിനടുത്തിരുന്ന് "ഇപ്പൊ എങ്ങനെയുണ്ട്" എന്ന് നീ മുത്ത് പോലെ ചിരിക്കുന്നുണ്ട്! ഒരു പക്ഷേ നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ ! അത് ഇഷ്ടപ്പെട്ടു ! നിന്റെ ജീവിതനൃത്തത്തിന്റെ പല വൃത്തങ്ങളിൽ ഒരു വൃത്തം അവിടെ മനോഹരമായി പൂർത്തിയാകുന്നുണ്ടെന്ന് തോന്നുന്നു! അറിയില്ല.അഥവാ അങ്ങനെയെങ്കിൽ അതിനു നിമിത്തമായതിൽ ആത്മാർത്ഥമായിത്തന്നെ സന്തോഷിക്കുന്നു!
ഇനി അടുത്തതിലേക്ക് പോകൂ...റൂമി പറഞ്ഞു :
"Don’t grieve. Anything you lose comes round in another form"
നിറയേ സ്നേഹം.....
ഇമേജ് ഒന്ന്:തന്റെ പിറന്നാൾ ദിനത്തിൽ, 'മനസ്സിന്റെ മദ്‌റസ' പാടാൻ സിതാര കൊച്ചി മൈ സ്റ്റുഡിയോയിൽ.
രണ്ട്: മനു മോഹൻ പള്ളിവാതുക്കൽ പാട്ടിന്റെ ലിറിക്കൽ വീഡിയോക്ക് വേണ്ടി വരച്ച ചിത്രം.
എല്ലാവരോടും സ്നേഹം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates