തന്റെ ഗാനത്തെ റീമിക്‌സ് ചെയ്യുന്നതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് എ.ആര്‍ റഹ്മാന്‍. 'ഈശ്വര്‍ അള്ളാ' എന്ന തന്റെ ഇഷ്ടഗാനത്തെ റീമിക്‌സ് ചെയ്തതിന് എതിരെയാണ് റഹ്മാന്‍ രംഗത്തെത്തിയത്. തന്റെ ഗാനത്തെ റീമിക്‌സ് ചെയ്തു കൊന്നുകളഞ്ഞെന്നാണ് താരം പറയുന്നത്. റീമിക്‌സ് ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുവാദം വാങ്ങണമെന്ന് റഹ്മാന്‍ വ്യക്തമാക്കി. '99 സോങ്‌സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്.
'റീമിക്‌സുകള്‍ ഒരിക്കലും യഥാര്‍തഥ ഗാനത്തിന് പകരമാകുന്നില്ല. എന്നിരുന്നാലും റീമിക്‌സുള്‍ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ലക്ഷക്കണക്കിനാളുകള്‍ തുടര്‍ച്ചയായി ഇതു തന്നെ ചെയ്യുമ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു. ജാവേദ് അക്തര്‍ രചിച്ച എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് 'ഈശ്വര്‍ അള്ളാ'. റീമിക്‌സ് ചെയ്ത് അവര്‍ അതിന്റെ സംഗീതത്തെ കൊന്നുകളഞ്ഞു. നശിപ്പിച്ചു കളഞ്ഞെന്ന് തന്നെ പറയാം. അതിന് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
റീമിക്‌സ് ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുവാദം വാങ്ങണമെന്ന് എ.ആര്‍ റഹ്മാന്‍ പറയുന്നു. വലിയ തോതില്‍ അധ്വാധിച്ചിട്ടാണ് ഒരോ സംഗീത സംവിധായകനും ഒരു ഗാനം പുറത്തിറക്കുന്നത്. സംഗീത സംവിധായകന്റെ മാത്രമല്ല വരികള്‍ എഴുതുന്നവരുടെയും വാദ്യകലാകാരന്‍മാരുടെയും അഭിനയിക്കുന്നവരുടെയും... ആങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ടാകും. ആ പരിശുദ്ധ സംഗീതത്തെയാണ് റീമിക്‌സുകളിലൂടെ ഇല്ലാതാക്കുന്നത്. ചിലപ്പോഴൊക്കെ യഥാര്‍ത്ഥ സംഗീത സംവിധായകന്റെ പേരുപോലും അവര്‍ ക്രെഡിറ്റ് ആയി നല്‍കാറില്ല. അതത്ര നല്ല പ്രവണതയല്ല.
ഇന്ത്യയിലെ സംഗീത മേഖല വലിയ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. അതിന്റെ ഭാഗമായി ധാരാളം റീമിക്‌സുകളും റാപ്പ് മ്യൂസിക്കുമെല്ലാം ഉണ്ടാകുന്നുണ്ട്. എന്നാല്‍ പലപ്പോഴും അത് യഥാര്‍ഥ സംഗീതത്തെ കൊല്ലുകയല്ലേ എന്ന് തോന്നാറുണ്ട്. പണ്ടത്തെ കാലത്തെ പോലെ എന്തുകൊണ്ട് യഥാര്‍ഥ സംഗീതം ഉണ്ടാകുന്നില്ല എന്ന് പ്രേക്ഷകര്‍ വിചാരിക്കുന്നുണ്ടാകും.' റഹ്മാന്‍ പറഞ്ഞു.
ദീപ മേത്ത സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ '1948 എര്‍ത്ത്' എന്ന ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ ഗാനമായിരുന്നു 'ഈശ്വര്‍ അള്ളാ'. സുജാതയും അനുരാധ ശ്രീരാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നന്ദിത ദാസും ആമീര്‍ ഖാനുമായിരുന്നു സ്‌ക്രീനില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates