വിജയ്സേതുപതിയുടെ സൂപ്പര്‍ ഡീലക്‌സ് എന്ന തമിഴ് ചിത്രത്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍. ചിത്രത്തില്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് രേവതിയും വേറെ ചില ട്രാന്‍സ്‌ജെന്‍ഡേഴ്‌സും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
വിജയ് സേതുപതി ഫഹദ് ഫാസില്‍, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ ഡിലക്‌സില്‍ ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടി കേരളത്തിലടക്കം പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്. ത്യാഗരാജന്‍ കുമാരരാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു.
തുടക്കത്തില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന വിജയ് സേതുപതിയുടെ കഥാപാത്രം പിന്നീട് സാരി ചുറ്റി വീട്ടിലേക്ക് ചെല്ലുന്ന രംഗത്തെയും അവര്‍ വിമര്‍ശിച്ചു. സിനിമയില്‍ കാണുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നും പണത്തിന് വേണ്ടിയാണെങ്കിലും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞു.
'വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ഞങ്ങള്‍ അളവിലധികം മര്യാദയയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം.
മുംബൈയില്‍ ഏത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. ഞങ്ങള്‍ ആ തൊഴിലാണ് അവിടെ ചെയ്യുന്നതെന്ന് ആര് താങ്കള്‍ക്ക് പറഞ്ഞു തന്നു. രണ്ടാമതൊരു കാര്യം ട്രാന്‍സ്‌ജെന്‍ഡറായതിന് ശേഷം സാരി ധരിച്ച് ആദ്യമായി താങ്കള്‍ വീട്ടിലേക്ക് ചെല്ലുന്ന രംഗമുണ്ട്. അങ്ങനെ ഒരു ട്രാന്‍സ്‌ജെന്‍ഡറും ചെയ്യില്ല. അതത്ര എളുപ്പമുള്ള കാര്യമല്ല.
എന്റെ ആത്മകഥ വായിച്ചു നോക്കൂ. അത് ഒരു രേവതിയുടെ കഥയല്ല. ആയിരക്കണക്കിന് രേവതിമാരുടെ കഥയാണ്. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അച്ഛനായി പിന്നീട് ട്രാന്‍സ്‌ജെന്‍ഡറായി മാറുന്ന കഥാപാത്രമാണ് താങ്കളുടേത്. അതെങ്ങനെ സാധിക്കും. പതിമൂന്നാമത്തെ വയസ്സില്‍ എന്നിലുള്ള സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. ഞാന്‍ സ്ത്രീയായി മാറിയത് അത്രയും യാതനകള്‍ അനുഭവിച്ചതിന് ശേഷമാണ്. ഇങ്ങനെ ഒരു സിനിമയില്‍ താങ്കള്‍ അഭിനയിച്ചത് എന്നെ വേദനിപ്പിക്കുന്നു'- രേവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates