തനിക്കെതിരെ നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സംവിധായകന്‍ പ്രതികരിച്ചത്. ഐഎഫ്എഫ്‌ഐയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങുമ്പോള്‍ സെക്‌സി ദുര്‍ഗ്ഗയെപ്പറ്റി മിണ്ടാത്തതിനെക്കുറിച്ച് സനല്‍ എഴുതിയ കുറിപ്പിന് മറുപടിയായി പാര്‍വതി നടത്തിയ പരാമര്‍ശത്തിനാണ് അദ്ദേഹം മറുപടി എഴുതിയിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ അവര്‍ സനല്‍ കുമാറിനെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല എന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് സംസാരിക്കും എന്നും എന്നാല്‍ സനല്‍ കുമാറിന് ഫേസ്ബുക്കിലൂടെ ആണ് പറയണമെന്ന് തോന്നുന്നതെങ്കില്‍ അതിനെ മാനിക്കുന്നു എന്നുമായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.
ഇതിനെതിരെയാണ് സനല്‍കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. ''പാര്‍വതി നല്ല ബുദ്ധിയുള്ള സ്ത്രീയാണ്. ചോദ്യങ്ങള്‍ക്ക് ബുദ്ധിപൂര്‍വം ഉത്തരം പറയുന്നത് നല്ല കാര്യവുമാണ്. പക്ഷെ അത് മറ്റൊരാളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആവാന്‍ പാടില്ല.''- സനല്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.
സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
പാർവതിയുടെ അഭിമുഖമാണ് ചുവടെയുള്ള കമെന്റിൽ. കാര്യഗൗരവമുള്ള പലകാര്യങ്ങളും പറഞ്ഞിരിക്കുന്നതിനിടയിൽ ഒരു ചോദ്യത്തിനുത്തരമായി അവർ എന്നെക്കുറിച്ചും സംസാരിക്കുന്നു. IFFI യിൽ മികച്ച നടിക്കുള്ള അവാർഡു വാങ്ങുമ്പോൾ സെക്സി ദുർഗയെപറ്റി മിണ്ടാത്തതിനെ കുറിച്ചും മറ്റും ഞാനെഴുതിയ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നിൽ അവർ എന്നെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല എന്നും എന്നെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് സംസാരിക്കും എന്നും പക്ഷെ എനിക്ക് ഫെയ്‌സ് ബുക്കിലൂടെ ആണ് പറയണമെന്ന് തോന്നുന്നതെങ്കിൽ അതിനെ മാനിക്കുന്നു എന്നുമാണ് അവർ പറഞ്ഞത്. ഇത് കേട്ടാൽ തോന്നുക പാർവതിയും ഞാനും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും നേരിട്ട് സംസാരിക്കുന്നത്ര അടുപ്പമുള്ള ആൾക്കാരാണ് എന്നാണ്. പാർവതിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പബ്ലിക് ആയി വിളിച്ചുപറയാതെ എന്നെ നേരിട്ട് വിളിച്ച് പറയുകയാണ് ചെയ്യുക, എന്നിട്ടും ഞാൻ അത് പബ്ലിക്ക് ആയി വിളിച്ചു പറഞ്ഞു എന്നൊരു ധ്വനി അതിലുണ്ട്.
പാർവതി നല്ല ബുദ്ധിയുള്ള സ്ത്രീയാണ്. ചോദ്യങ്ങൾക്ക് ബുദ്ധിപൂർവം ഉത്തരം പറയുന്നത് നല്ല കാര്യവുമാണ്. പക്ഷെ അത് മറ്റൊരാളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയിൽ ആവാൻ പാടില്ല. ഒരുപക്ഷെ അവർ അങ്ങനെ അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല. പക്ഷെ ഫലത്തിൽ അങ്ങനെയാണ് ഉണ്ടായത്. യഥാർത്ഥത്തിൽ പാർവതിയും ഞാനും തമ്മിൽ ഒരുതവണ പോലും സംസാരിച്ചിട്ടില്ല. ഞാൻ അയച്ച മെസേജിന് മറുപടി ലഭിക്കുന്നത് അതേക്കുറിച്ച് ഞാൻ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിനും എത്രയോ ശേഷമാണ്. ആ മെസേജിന് ഞാൻ മറുപടി അയച്ചിട്ടുണ്ട് എന്നല്ലാതെ ഒരാവശ്യം വരാത്തത്കൊണ്ട് വിളിച്ചില്ല.
ഈ അഭിമുഖം നേരത്തെ എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന് കണ്ടിരുന്നു എങ്കിലും അതേക്കുറിച്ച് ഒന്നും പറയേണ്ടതില്ലെന്ന് കരുതിയതാണ്. പക്ഷേ ഇന്നലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിനു കണ്ട രണ്ടു സുഹൃത്തുക്കൾ ഈ വിഷയം സംസാരിച്ചത് കേട്ടപ്പോൾ നിർദ്ദോഷമെന്ന് തോന്നാവുന്ന ആ പരാമർശം എന്നെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന് മനസിലാക്കിയത് കൊണ്ട് ഇത്രയും എഴുതുന്നു. ഇത് പബ്ലിക്ക് ആയി എഴുതുന്നത് അവരെ അപമാനിക്കാനോ അവഹേളിക്കാനോ അല്ല. ആ അഭിമുഖം കൊണ്ട് അറിഞ്ഞോ അറിയാതെയോ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റാൻ മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates