മനാമ: ബഹ്‌റൈനിൽ സർക്കാരുമായി ബന്ധമുള്ള കമ്പനികളിലെ വിദേശ ജീവനക്കാരുടെ തൊഴിൽ വിസകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പൗരന്മാർക്ക് തൊഴിലുറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം തസ്തികകളിൽ സ്വദേശിവത്കരണം വേണമെന്ന ആവശ്യം പാർലമെന്റിൽ ഉയർന്നു. എം പി ഡോ.മുനീർ സറൂർ ആണ് ഇത് സംബന്ധിച്ച നിർദ്ദേശം പാർലമെന്റ് മുന്നിൽ സമർപ്പിച്ചത്.
യോഗ്യരായ ബഹ്റൈൻ പൗരന്മാർക്ക് ഭരണപരവും നേതൃപരവുമായ തസ്തികകളിൽ പരിഗണന നൽകണം. കമ്പനികളിൽ നിലവിലുള്ള വിദേശികൾക്ക് പകരം പൗരന്മാരെ നിയമിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിക്കണം. ഇതിനായി വാർഷിക ലക്ഷ്യങ്ങൾ, നിയമനം, പരിശീലനം എന്നിവയെ സംബന്ധിച്ചുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
വിദേശ ജീവനക്കാരുടെ വിസ പുതുക്കി നൽകുന്നതിന് മുമ്പ് കമ്പനി സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് പരിശോധിക്കണം. യോഗ്യരായ ബഹ്‌റൈൻ പൗരന്മാർ ഇല്ലെങ്കിൽ മാത്രമേ താൽക്കാലിക ഇളവുകൾ അനുവദിക്കാൻ പാടുള്ളൂ. പൗരന്മാരെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതിന് ആവശ്യമായ പരിശീലനം സർവകലാശാലകളും മറ്റു കേന്ദ്രങ്ങളും ചേർന്ന് ആവിഷ്കരിക്കണം.
സ്വദേശിവത്കരണ നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് സാങ്കേതികപരമായി വിദഗ്ധരെ നിയമിക്കാനുള്ള അനുമതിയും സർക്കാർ ഫീസുകളിൽ ഇളവുകളും നൽകണമെന്നും പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates