ദുബൈ: റിയൽ എസ്റ്റേറ്റ് വായ്പാ തട്ടിപ്പിലൂടെ ദമ്പതിമാരെ വഞ്ചിച്ച മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷിച്ച് കോടതി. മൂന്ന് അറബ് പൗരന്മാരെയാണ് ആറ് മാസം തടവിനും പിഴയട്ക്കാനും ദുബൈ കോടതി ശിക്ഷിച്ചത്. മൂന്ന് പേരും കൂടി പിഴത്തുക നൽകിയാൽ മതി. പിഴ ഉൾപ്പടെ ഒമ്പത് ലക്ഷം ദിർഹം തിരികെ നൽകാനും ദുബൈ കോടതി ഉത്തരവിട്ടു.
പ്രശസ്തമായ ഒരു പ്രോപ്പർട്ടി ഡെവലപ്പറുടെ പ്രതിനിധികളായി ചമഞ്ഞ്, വ്യാജ കമ്പനി സൃഷ്ടിച്ച് ധനസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, വില്ല പദ്ധതിയുടെ പേരിൽ ദമ്പതികളെ കബളിപ്പിച്ചു പണം തട്ടിയെടുത്തു എന്നതാണ് ഇവർക്ക് മേൽ ചുമത്തിയ കുറ്റം.
ഇവരുടെ തട്ടിപ്പിന് ഇരയായ ദമ്പതികൾ മുൻകൂർ പണമായി 800,000 ദിർഹം കൈമാറി, പക്ഷേ പിന്നീട് കമ്പനിയും രേഖകളും വ്യാജമാണെന്ന് അവർ കണ്ടെത്തി.
കോടതി രേഖകൾ പ്രകാരം, ഭാര്യ ആദ്യം കണ്ടത് ഒരു മോർട്ട്ഗേജ്-ഫണ്ടിങ് സേവനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സോഷ്യൽ മീഡിയ പരസ്യമാണ്. ഇതേ തുടർന്നുള്ള ബന്ധത്തിന് ശേഷം, കമ്പനിയുടെ സെയിൽസ് മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ അവരെ ബന്ധപ്പെട്ടു.
നിരവധി കൂടിക്കാഴ്ചകൾക്ക് ശേഷം, തട്ടിപ്പുകാർ ആധികാരികമെന്ന് തോന്നിക്കുന്ന രേഖകൾ ഹാജരാക്കി, അതിൽ വാണിജ്യ ലൈസൻസ്, ഡെവലപ്പറുടെ പേരിലുള്ള ഒരു വസ്തു വിൽപ്പന കരാർ, സർക്കാർ വകുപ്പുമായുള്ള ഒരു കരാർ എന്നിവ ഉൾപ്പെടുന്നു.
വാഗ്ദാനം സത്യമാണെന്ന് വിശ്വസിച്ച ദമ്പതികൾ ഒരു വില്ല വാങ്ങാൻ സമ്മതിക്കുകയും പണം നൽകുകയും ചെയ്തു. പണം ലഭിച്ച ശേഷം മൂവരും അപ്രത്യക്ഷരായി. ഭർത്താവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി.
ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരായി കണ്ടെത്തി, ആറ് മാസം തടവ് ശിക്ഷ വിധിച്ചു, വഞ്ചിച്ച കൈക്കലാക്കിയ തുക തിരികെ നൽകണമെന്ന് ഉത്തരവിട്ടു, വ്യാജ രേഖകൾ കണ്ടുകെട്ടി, ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം നാടുകടത്താനും ഉത്തരവിട്ടു.
ദമ്പതികൾ പിന്നീട് തങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടും സിവിൽ കേസ് ഫയൽ ചെയ്തു.
പ്രതികൾ ഇരകളുടെ പണം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും സാമ്പത്തികവും മാനസികവുമായി അവർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നും കണ്ടെത്തിയ സിവിൽ കോടതി ക്രിമിനൽ വിധി ശരിവച്ചു.
തട്ടിപ്പിന് ഇരയായ ദമ്പതികൾക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല, ദുരിതവും വിശ്വാസനഷ്ടവും സാമ്പത്തിക സ്ഥിരതയ്ക്ക് തടസ്സവും ഉണ്ടായതായി കോടതി പറഞ്ഞു. പ്രതികൾ എട്ട് ലക്ഷം ദിർഹം തിരികെ നൽകാനും ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം കൂടി നൽകാനും വിധിച്ചു. ഇതിന് പുറണെ ക്ലെയിം തീയതി മുതൽ പൂർണ്ണമായ ഒത്തുതീർപ്പ് വരെ അഞ്ച് ശതമാനം നിയമപരമായ പലിശയും നൽകാനും ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates