ദുബൈ: വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ അധികൃതർ. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇതിലൂടെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ ) അറിയിച്ചു.
വിസ സേവനങ്ങൾക്കായി അപേക്ഷ നൽകുന്നവർ അവ്യക്തമായ വിവരങ്ങൾ നൽകുന്നത് കാരണം നടപടി ക്രമങ്ങളിൽ കാലതാമസം വരും. ഇത് ഒഴിവാക്കാനായി കൃത്യമായ വിവരങ്ങൾ മാത്രം അപേക്ഷയ്‌ക്കൊപ്പം നൽകുക. ഇതിലൂടെ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. വ്യക്തി വിവരങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേരുകളിലെ സ്പെല്ലിങ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കുക.
വളരെ വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അപേക്ഷകർ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ തുടർ നടപടികൾക്ക് വലിയ കാലതാമസം വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജി ഡി ആർ എഫ് എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates