ഫുജൈറ: ബാങ്ക് ഇടപാടുകാരെ ലക്ഷ്യം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി ഫുജൈറ പൊലീസ്. തട്ടിപ്പിനിരയായ സ്ത്രീയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ മറ്റ് എമിറേറ്റുകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണമിടപാടുകൾ നടത്തുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ബാങ്കിൽ നിന്ന് 195,000 ദിർഹം പണം എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ ഈ സംഘം പിന്തുടർന്നു. വാഹനത്തിന്റെ പിറകെ വശത്തെ ടയറുകൾക്ക് തകരാർ സംഭവിച്ചതായും വാഹനം നിർത്തി പരിശോധിക്കാനും സംഘം ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് യുവതി വാഹനം നിർത്തി ടയറുകൾ പരിശോധിക്കാൻ ആരംഭിച്ചു.
ആ സമയം സംഘത്തിലെ രണ്ടാമത്തെയാൾ വാഹത്തിന്റെ മറ്റൊരു ഡോർ തുറന്നു പണവുമായി കടന്നു കളഞ്ഞു. തുടർന്ന് കാറിൽ കയറിയ യുവതി പണമടങ്ങിയ ബാഗ് തെരഞ്ഞെപ്പോഴാണ് തട്ടിപ്പിന് ഇര ആയതായി മനസിലായത്. ഉടൻ തന്നെ ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേസിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമാനമായ കേസുകൾ മറ്റ് എമിറേറ്റുകളിൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധന നടത്തി.ഷാർജയിൽ ഇതേ പ്രതികൾ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വിവരം പൊലീസിനെ ലഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുകയും പ്രതികളെ പിടികൂടുകയും ചെയ്തു എന്ന് ഫുജൈറ പൊലീസ് വ്യക്തമാക്കി.
ബാങ്കുകളിൽ പണമിടപാട് നടത്തിയ ശേഷം പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും, അപരിചിതരുമായി ഇടപഴകാതിരിക്കാനും, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates