കൊച്ചി: പ്രവാസ ലോകത്തെ നിറമുള്ളതും നിറമില്ലാത്തതുമായി നിരവധി കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ മറുനാട്ടില്‍ മരണം സംഭവിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ ഓര്‍ത്തു നോക്കിയിട്ടുണ്ടോ. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ഒടുവില്‍ ഒന്നും സമ്പാദിക്കാതെ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവരുന്നവരുടെ അനുഭവങ്ങള്‍ ധാരാളമുണ്ട്. അങ്ങനെയൊരു പ്രവാസി മരിച്ചപ്പോഴുണ്ടായ അവസ്ഥ പങ്കുവെക്കുകയാണ് അഷ്‌റഫ് താമരശേരി എന്ന പ്രവാസി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട ആറ് മൃതദേഹങ്ങളില്‍ ഒന്നിന്റെ അവസ്ഥ. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തോളം ഗള്‍ഫില്‍ പല നാടുകളിലും കഷ്ടപ്പെട്ട് അവസാനം ഇവിടെയെത്തി ഒരു കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു. അതിനിടയില്‍ കുടുംബത്തെയും നല്ല രീതിയില്‍ പരിപാലിച്ചു പോന്നു. തന്റെ ജീവിതസമ്പാദ്യമെല്ലാം കുടുംബത്തിനുവേണ്ടി ചിലവഴിച്ചു. പ്രവാസം മതിയാക്കി ശിഷ്ടകാലം ഇനി കുടുംബവുമായി കഴിയുമെന്ന് വിചാരിച്ചാണ് നാട്ടിലേക്ക് പോയത് എന്നാല്‍ അവിടെയെത്തിയ അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു തന്റെ സ്വന്തം വീട്ടില്‍ ഉണ്ടായ അനുഭവങ്ങള്‍. ഇത്രയും നാള്‍ താന്‍ ചോരവിയര്‍പ്പാക്കി അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവും മറ്റ് സമ്പാദ്യവുമെല്ലാം താന്‍ സ്വന്തമെന്ന് കരുതിയിരുന്ന ഭാര്യയും മക്കളും ചേര്‍ന്ന് അവരുടെ പേരുകളില്‍ ആക്കിയിരുന്നു.
ഇദ്ദേഹത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല. വെറുമൊരു കറിവേപ്പിലപോലെ എടുത്തെറിയപ്പെട്ടു. അങ്ങിനെ വീണ്ടും യാതൊരു നിവൃത്തിയുമില്ലാതെ തന്റെ നല്ലവരായ സുഹൃത്തുക്കള്‍ മുഖാന്തിരം വീണ്ടും തനിക്ക് അന്നം നല്‍കിയ ഈ പ്രവാസത്തിലേക്ക് തിരിച്ചുപോന്നു.തന്റെ പഴയ ആ കബനിയില്‍ തന്നെ ജോലി തുടങ്ങി.ജോലികഴിഞ്ഞാല്‍ റൂമില്‍. റൂം വിട്ടാല്‍ ജോലിസ്ഥലം അങ്ങിനെ ആരോടും ഒന്നും പറയാതെ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുകയായിരുന്നു. അതിനിടയിലും തന്റെ കുടുംബത്തിലേക്ക് ചെലവിന് പൈസ അയച്ചുകൊണ്ടിരുന്നു. യാതൊരു പരാതിയും പരിഭവവുമില്ലാതെ സ്‌നേഹബന്ധങ്ങള്‍ക്ക് അതിന്റെതായ പവിത്രത നല്‍കി കുടുംബം ചിന്നഭിന്നമായി പോകാതിരിക്കാന്‍ ശ്രമിച്ചെങ്കിലും തകര്‍ന്നടിഞ്ഞത് തന്റെ ജീവിതവും സ്വാപ്‌നങ്ങളുമൊക്കെയല്ലേ എന്നുള്ള നൊമ്പരം അദ്ദേഹത്തിന്റെ ഹൃദയസത്തിനുള്ളില്‍ അടങ്ങാത്ത കടല് പോലെ തിരയടിച്ചുകൊണ്ടിരുന്നു.
ശരിയല്ലേ മുന്നോട്ട് നോക്കുമ്പോ ശൂന്യം. എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം? ആരായാലും ഈ ഒരു അവസ്ഥയില്‍ തകര്‍ന്നുപോകില്ലേ? ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ആരോടും പരിഭവമില്ലാതെ മരണം വന്നു മാടിവിളിച്ചു കൊണ്ടുപോയി. ഇത്രയേയുള്ളൂ ജീവിതം. ഓരോ പ്രവാസികളും ഇതുപോലെ കുടുംബത്തെ സംരക്ഷിക്കാന്‍ പെടാപാട് പെടുന്നു. തനിക്കായി ഒന്നും നീക്കിവയ്ക്കാതെ, മരുന്നിന് പോലും ഒന്നും മാറ്റിവെക്കാതെ എല്ലാം തന്റെ കുടുംബം, സ്വന്തം, എന്നുള്ള ചിന്തയില്‍ കുടുംബത്തിനുവേണ്ടി സ്വയം ഉരുകി തീര്‍ന്നൊരു മെഴുകുതിരിപോലെ. താന്‍ ഉരുകിയാലും തന്റെ കുടുംബം ബന്ധുക്കള്‍ വെളിച്ചത്തില്‍ പ്രകാശിക്കട്ടെ എന്നുള്ള ചിന്തയിലാണ് ഓരോ പ്രവാസികളും. എന്നാല്‍ ആ കരുതലിന്റെ സ്‌നേഹമനസ്സ് മനസ്സിലാക്കാന്‍ പ്രവാസികുടുംബങ്ങള്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും സങ്കടകരം. ഇങ്ങനെ എത്രയോ ദുരനുഭവകഥകളാണ് ഓരോ പ്രവാസികള്‍ക്കും കണ്ണീരോടെ പറയാനുള്ളത്. നാഥന്‍ തുണക്കട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates