കുവൈത്ത് സിറ്റി: ഓൺലൈൻ ചൂതാട്ട വെബ്‌സൈറ്റ് നടത്തി കള്ളപ്പണം വെളുപ്പിച്ചതിന് കുവൈത്ത് ക്രിമിനൽ കോടതി ഒമ്പത് പേർക്ക് ഏഴ് വർഷം തടവും 10 ലക്ഷം കുവൈത്ത് ദിനാർ പിഴയും വിധിച്ചു.
കേസിൽ ഉൾപ്പെട്ട കമ്പനിക്ക് 1.839 ദശലക്ഷം ദിനാറിൽ കൂടുതൽ പിഴയും ചുമത്തി. ഈ കമ്പനി നേരിട്ടോ അല്ലാതെയോ ഉള്ള ഏതെങ്കിലും വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നത് സ്ഥിരമായി വിലക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു,
സാമ്പത്തിക കൈമാറ്റം സംബന്ധിച്ച് കമ്പനിക്കുള്ള പങ്കിനെ കുറിച്ച് ഔദ്യോഗിക ഗസറ്റിൽ വിധി പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചു എന്ന് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.
സംഘടിത കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചൂതാട്ടത്തിൽ നിന്നുള്ള വരുമാനം ഒരു മെഡിക്കൽ ക്ലിനിക്കിന്റെയും കൊമേഴ്സ്യൽ കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയതെന്നും, പിന്നീട് നിയമാനുസൃത വരുമാനമായി രേഖപ്പെടുത്തിയ ശേഷം വിദേശത്തേക്ക് മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായ വെബ്‌സൈറ്റുകളുമായി ബന്ധപ്പെടുകയോ അവയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates