ദുബൈ: ദുബൈയില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യുടെ പ്രഖ്യാപനം. തൊട്ടുമുമ്പ് ഏത് രാജ്യത്താണോ പഠിച്ചത്, പഠന രീതി, ഭാഷാപരമായ പരിമിതികള്‍ എന്നിവ കാരണം കുട്ടികളുടെ ക്ലാസ് താഴ്ത്തി പ്രവേശനം നല്‍കുന്ന രീതി ഇതോടെ അവസാനിക്കും.
ദുബൈയിലെ സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. പ്രായം കണക്കാക്കിയുള്ള പ്രവേശന രീതി അവലംബിക്കണമെന്നാണ് കെഎച്ച്ഡിഎ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖ പറയുന്നത്.
ചില വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക സ്‌കൂള്‍ വിദ്യാഭ്യാസം വൈകിയാണ് ആരംഭിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് മുന്‍പ് ആവശ്യത്തിന് വായനാ-എഴുത്തു കഴിവുകള്‍ ഇല്ലെങ്കിലും ദുബൈയില്‍ അവരുടെ പ്രായത്തിന് അനുയോജ്യമായ ക്ലാസുകളില്‍ തന്നെ പ്രവേശനം നല്‍കണം.
ഇത്തരം കുട്ടികളെ സഹായിക്കുന്നതിനായി ക്ലാസ് മുറികളില്‍ പ്രത്യേക ശ്രദ്ധ, തിരുത്തല്‍ അധ്യാപന രീതികള്‍, അടിസ്ഥാന വായനാ-ഗണിത പരിശീലനങ്ങള്‍, ചുരുങ്ങിയ കാലയളവിലേക്കുള്ള വ്യക്തിഗത പഠനപദ്ധതികള്‍ എന്നിവ സ്‌കൂളുകള്‍ നിര്‍ബന്ധമായും ഒരുക്കേണ്ടതുണ്ട്. ആദ്യ ടേമില്‍ തന്നെ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കി സഹപാഠികള്‍ക്കൊപ്പം എത്തുവാന്‍ സ്‌കൂളുകള്‍ സഹായിക്കണം.
സ്‌കൂള്‍ പ്രവേശനം
2026-27 അധ്യയന വര്‍ഷം മുതല്‍ പ്രീ-കെ.ജി മുതല്‍ കെജി 2 വരെയുള്ള പ്രവേശനത്തിന് കുട്ടിയുടെ പ്രായമാണ് പ്രധാന മാനദണ്ഡമാക്കണമെന്നാണ് നിര്‍ദേശം. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളില്‍ ഡിസംബര്‍ 31-നകം പ്രീ-കെജിക്ക് മൂന്ന് വയസ്സും കെജി 1ന് നാല് വയസ്സും കെജി 2-ന് അഞ്ച് വയസ്സും, ഒന്നാം ക്ലാസിന് ആറ് വയസ്സും തികഞ്ഞിരിക്കണം. ഏപ്രില്‍ അധ്യയന വര്‍ഷം പിന്തുടരുന്ന സ്‌കൂളുകളില്‍ മാര്‍ച്ച് 31 ആണ് കണക്കാക്കുന്ന തീയതി.
ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനത്തിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനാണ് (ടിസി) മുന്‍ഗണന നല്‍കുക. അധ്യയന വര്‍ഷത്തിനിടയില്‍ സ്‌കൂള്‍ മാറുന്നവര്‍ക്കും വിദേശത്തുനിന്ന് എത്തുന്നവര്‍ക്കും പുതിയ മാര്‍ഗരേഖ ബാധകമായിരിക്കും. പൊതുവേ കുട്ടികളെ ഒരേ ക്ലാസില്‍ തന്നെ നിലനിര്‍ത്തുന്ന രീതി (തോല്‍പ്പിക്കല്‍) കെഎച്ച്ഡിഎ പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും കുട്ടിക്ക് വളര്‍ച്ചാപരമായ വലിയ പിന്നാക്കാവസ്ഥയുണ്ടെന്ന് വിദഗ്ധ പരിശോധനയിലൂടെ വ്യക്തമായാല്‍ കെഎച്ച്ഡിഎയുടെ പ്രത്യേക അനുമതിയോടെ മാത്രം താഴ്ന്ന ക്ലാസിലേക്ക് മാറ്റാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates