Saudi Arabia, Türkiye sign railway deal  
Gulf

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാത വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി സൗദി അറേബ്യയും തുര്‍ക്കിയും. റെയില്‍വേ, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ട് പ്രധാന ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ചരക്കുനീക്കത്തിനും ഒപ്പം യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ ബൃഹദ് പദ്ധതി.

സൗദി ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജി. സ്വാലിഹ് അല്‍ ജാസറും തുര്‍ക്കി ഗതാഗത-അടിസ്ഥാന സൗകര്യ വികസന മന്ത്രി അബ്ദുല്‍ ഖാദിര്‍ ഉറാലോഗ്ലുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ചരിത്ര കരാറുകള്‍ ഒപ്പിട്ടത്. റെയില്‍വേ, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി, മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരവും ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചറും മെച്ചപ്പെടുത്താന്‍ ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുല്‍ ഖാദിര്‍ ഉറാലോഗ്ലു വ്യക്തമാക്കി. അതിര്‍ത്തികള്‍ കടന്നുള്ള ശക്തമായ ഒരു കരഗതാഗത ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള നിര്‍ണായകമായ തുടക്കമാണ് ഈ കരാറുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തുര്‍ക്കി, സിറിയ, ജോര്‍ഡാന്‍ എന്നീ രാജ്യങ്ങളിലെ ഗതാഗത മന്ത്രാലയങ്ങള്‍ ഒപ്പുവെച്ച ചരിത്രപരമായ ത്രികക്ഷി കരാറിന്റെ തുടര്‍ച്ചയായാണ് പദ്ധതി. മേഖലയിലെ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ പുനരുദ്ധരിക്കുന്നതിനും പ്രാദേശിക കണക്റ്റിവിറ്റി ശൃംഖലകള്‍ ശക്തമാക്കുന്നതിനുമായി നാല് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ഒരു സമഗ്ര പ്രവര്‍ത്തന പദ്ധതിക്ക് ഈ സഖ്യം രൂപം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ 15 വര്‍ഷമായി പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റെയില്‍വേ ലൈനുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കി ഇതിനകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു.

ആദ്യഘട്ട രൂപരേഖ അനുസരിച്ച്, തുര്‍ക്കിയുടെ യൂറോപ്യന്‍ റെയില്‍ ശൃംഖലയെ സിറിയന്‍ ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ പാത നിര്‍മിക്കുക. ഈ റെയില്‍ റൂട്ട് സിറിയയിലെ പ്രമുഖ നഗരങ്ങളായ അലപ്പോ, ഡമാസ്‌കസ് എന്നിവ കടന്ന്, ജോര്‍ഡാന്‍ തലസ്ഥാനമായ അമ്മാന്‍ വഴി ചെങ്കടല്‍ തീരത്തെ തന്ത്രപ്രധാനമായ അഖബ തുറമുഖം വരെ നീളുന്നതാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗള്‍ഫ് മേഖലയും യൂറോപ്യന്‍ ഭൂഖണ്ഡവും തമ്മിലുള്ള യാത്രാസമയത്തിലും ഷിപ്പിങ് ചെലവുകളിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Saudi Arabia, Türkiye sign railway deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ