റിയാദ്: സൗദി അറേബ്യൻ പൗരർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലേ സൗദിവൽക്കരണം ശക്തമാക്കി ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം
മാർക്കറ്റിങ്, സെയിൽസ് പ്രൊഫഷനുകളിലെ സൗദിവൽക്കരണ നിരക്കുകൾ ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു.
ഈ മാസം ആദ്യം സ്വകാര്യമേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ വിവിധ തസ്തികകളിലെ നിയമനങ്ങളിൽ സൗദിവൽക്കരണം പ്രാബല്യത്തിൽ വന്നിരുന്നു.
സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് പ്രൊഫഷനുകളിൽ മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ സൗദിവൽക്കരണ നിരക്ക് 60% ആയി ഉയർത്താനാണ് പുതിയ തീരുമാനം വ്യവസ്ഥ ചെയ്തിട്ടുള്ളത്.
സൗദി പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനായാണ് ഈ നിയമം നടപ്പാക്കുന്നതെന്ന് സൗദി അറേബ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ് പി എ റിപ്പോർട്ട് ചെയ്തു.
ഈ മാസം ആദ്യം സ്വകാര്യമേഖലയിൽ ഉൾപ്പടെ 69 തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം സൗദി അറേബ്യ ശക്തമാക്കിയിരുന്നു. സ്വകാര്യമേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ തസ്തികകൾ ഉൾപ്പടെയാണ് ഇതിനായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.
സെക്രട്ടേറിയൽ ജോലി, ട്രാൻസ്ലേഷൻ , ഡേറ്റാ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് സപ്പോട്ട്, എന്നിങ്ങനെ ഉള്ള 69 തസ്തികളിലാണ് സമ്പൂർണ്ണ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ച് മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു.
ഈ തസ്തികകളിൽ ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. നിശ്ചിത തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് തൊഴിൽ നിയമ ലംഘനമായി കണക്കാക്കും.
ഇങ്ങനെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയും മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും എച്ച്ആർഎസ്ഡി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് പ്രൊഫഷനുകളിൽ സൗദിവൽക്കരണം ഏപ്രിൽ 19 മുതലാണ് നിലവിൽ വന്നത്. ഇത് എങ്ങനെ കണക്കാക്കുന്നുവെന്നും നിയമലംഘകർക്ക് നിശ്ചയിച്ചിട്ടുള്ള പിഴകൾ എന്താണെന്നും ഉള്ള നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ വിശദാംശങ്ങൾ, നടപ്പാക്കൽ സംവിധാനങ്ങൾ, സൗദിവൽക്കരണ നിരക്കുകളുടെ കണക്കുകൂട്ടൽ എന്നിവ ഉൾപ്പെടുന്നതായി എസ്പിഎ റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates