ദുബൈ: യുഎഇയിൽ പുതിയ ബാല ഡിജിറ്റൽ സുരക്ഷാ നിയമം (Child Digital Safety Law, CDS Law,) നിലവിൽ വന്നതിനെത്തുടർന്ന്, യുഎഇയിലെ മാതാപിതാക്കൾക്കും കെയർഗിവർമാർക്കും കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമപരമായ ബാധ്യതയുണ്ടാകും.
ഹാനികരമായ ഓൺലൈൻ ഉള്ളടക്കം, അമിതമായ ഡിജിറ്റൽ ഉപയോഗം, കുട്ടികളുടെ സ്വകാര്യ ഡേറ്റ ശേഖരിക്കൽ, എന്നിവയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കുക എന്നതാണ് പുതിയ സിഡിഎസ് നിയമം ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം ഡിജിറ്റൽ സുരക്ഷ എന്നത് മാർഗ്ഗനിർദ്ദേശം എന്ന കാഴ്ചപ്പാടിൽ നിന്ന് മാറ്റി നിയമപരമായ ഉത്തരവാദിത്തമാക്കുന്നു. രക്ഷിതാക്കൾ, പ്ലാറ്റ്‌ഫോമുകൾ, സേവന ദാതാക്കൾ എന്നിവർക്ക് ഒരുപോലെ വ്യക്തമായ കടമകൾ നിയമം നിർവചിക്കുന്നു.
യുഎഇയിലെ കുട്ടികളെ ലക്ഷ്യം വച്ചുള്ള ആഗോള പ്ലാറ്റ്‌ഫോമുകൾക്കും നിയമം ബാധകമാണ്
യുഎഇയിൽ ആസ്ഥാനമായുള്ള കമ്പനികൾക്ക് മാത്രമല്ല സിഡിഎസ് നിയമം ബാധകമാകുന്നത്. പ്രാദേശികമായി സ്ഥാപനപരമായ സാന്നിധ്യം ഇല്ലെങ്കിൽ പോലും രാജ്യത്ത് സാന്നിദ്ധ്യമുള്ള വിദേശ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമാണ്.
യുഎഇയിലെ കുട്ടികൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഗെയിമിങ് സംവിധാനങ്ങൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ അവയുടെ ആസ്ഥാനം എവിടെയാണെങ്കിലും നിയമം പാലിക്കണം.
പ്രായപരിധി നിർണ്ണയിക്കൽ സംവിധാനങ്ങൾ, ഉള്ളടക്ക ഫിൽട്ടർ ചെയ്യൽ, രക്ഷാകർതൃ നിയന്ത്രണങ്ങൾ, പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങൾക്ക് കർശനമായ പരിധികൾ എന്നിവ നടപ്പിലാക്കുക എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.
രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങൾ ഇപ്പോൾ നിയമത്തിൽ നിർവചിച്ചിരിക്കുന്നു.ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കളും രക്ഷിതാക്കളും ഉൾപ്പെടെ ഒരു കുട്ടിയുടെ പരിചരണത്തിന് ഉത്തരവാദിത്തമുള്ള ഏതൊരാൾക്കും സി ഡി എസ് നിയമം ബാധകമാണ്. രക്ഷിതാക്കൾ, കെയർഗിവർമാർ എന്നിവരൊക്കെ ഈ പരിധിയിൽ വരും.
പുതിയ നിയമപ്രകാരം രക്ഷാർത്താക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡേറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ശേഖരിക്കാനോ ഉപയോഗിക്കാനോ കഴിയില്ല. അവർ എളുപ്പത്തിൽ സമ്മതം പിൻവലിക്കൽ സംവിധാനം നൽകണം, വ്യക്തികളിലേക്കുള്ള അക്‌സസ് പരിമിതപ്പെടുത്തണം, കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ അത്തരം ഡേറ്റാ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് ബിഎസ്എ ലോയിലെ ടിഎംടി അസോസിയേറ്റ് മറീന എൽ ഹാച്ചെമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
18 വയസ്സിന് താഴെയുള്ള കുട്ടികളെ ചൂതാട്ട, വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ വാണിജ്യ ഗെയിമുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ഈ നിയമം വിലക്കുന്നു.
സി ഡി എസ് നിയമപ്രകാരം അപകടകരമായതും പണ സമ്പാദനം നടത്തുന്നതുമായ ഓൺലൈൻ ഇടപാടുകളിൽ ഈ പ്രായത്തിലുള്ല കുട്ടികൾ ഇടപെടുന്നത് തടയുന്നതിന് സുരക്ഷാ നടപടികൾ നടപ്പിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഇന്റർനെറ്റ് സേവന ദാതാക്കളും ബാധ്യസ്ഥരാണ്.
യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ ഡേറ്റാ പ്രകാരം, എട്ട് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 72 ശതമാനം പേരും ദിവസവും സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നു
എന്നാൽ 43 ശതമാനം മാതാപിതാക്കൾ മാത്രമാണ് കുട്ടികളുടെ ഓൺലൈൻ പ്രവർത്തനം പതിവായി നിരീക്ഷിക്കുന്നത് എന്നും ഡേറ്റയിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates