അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി 16 പുതിയ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കും. പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാകും. യുഎഇയിലുടനീളം 16 പുതിയ ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു. ജൂലൈ ഒന്നു മുതല്‍ പുതിയ കേന്ദ്രങ്ങള്‍ യുഎഇയില്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകും.
പുതിയ കരാര്‍ ലഭിച്ച പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു. ഇതുവരെ ഈ സേവനങ്ങള്‍ നല്‍കി വന്നിരുന്ന ബിഎല്‍എസ് ഇന്റര്‍നാഷനലിന് പകരം ഇനി മുതല്‍ അല്‍ഹിന്ദ് ഗ്രൂപ്പായിരിക്കും സേവനങ്ങള്‍ നല്‍കുക. ഇന്ത്യന്‍ പ്രവാസികളുടെയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളുടെയും പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ പൂര്‍ണമായും ഈ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുക.
19 ദിര്‍ഹം മാത്രമാണ് ഒരു ട്രാന്‍സാക്ഷന് ഈടാക്കുക. ബയോമെട്രിക് ഫോട്ടോ എടുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടും. പാസ്പോര്‍ട്ട് പുതുക്കല്‍, വിസ പ്രോസസിങ്, ഒസിഐ കാര്‍ഡ് അപേക്ഷകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഈ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും.
ആകെ വരാനിരിക്കുന്ന 16 കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓഫിസുകള്‍ വരുന്നത് അബുദാബിയിലാണ്. അബുദാബിയിലെ അല്‍ ഖാലിദിയ, അല്‍ റീം ഐലന്‍ഡ്, മുസഫ, മദീനാത് സായിദ്, ഗയാത്തി, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ദുബായിലെ വലിയ പ്രവാസി പങ്കാളിത്തം കണക്കിലെടുത്ത് ബര്‍ ദുബായിലും ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലും കൂടുതല്‍ കൗണ്ടറുകളോട് കൂടിയ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഷാര്‍ജയില്‍ അല്‍ മജാസ്, റോള എന്നിവിടങ്ങളിലും പുതിയ ഓഫിസുകള്‍ വരും. ഇതിന് പുറമെ അജ്മാനിലെ അല്‍ ജുര്‍ഫ്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഖോര്‍ഫക്കാനിലെ കോര്‍ണിഷ്, കല്‍ബ എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഈ കേന്ദ്രങ്ങളുടെ പൂര്‍ണമായ വിലാസം പിന്നീട് അധികൃതര്‍ പുറത്തുവിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates