അബുദാബി: മിസൈല്‍ ഭീഷണി നേരിട്ടതിന് പിന്നാലെ വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും കരുത്തറിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും 'ഏറ്റവും കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ' നേരിടാന്‍ സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാനില്‍ നിന്ന് യുഎഇ ലക്ഷ്യമാക്കി തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രവര്‍ത്തന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ മന്ത്രാലയം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
രാജ്യത്തിന് നേരെ എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളില്‍ ആദ്യത്തേത് യുഎഇ സമുദ്ര അതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തേത് സമുദ്ര അതിര്‍ത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാകാതിരിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അധികൃതര്‍, പൊതുജനങ്ങള്‍ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 6.52-നാണ് മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം എത്തിയത്. 'ഉടന്‍ തന്നെ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക' എന്നായിരുന്നു മുന്നറിയിപ്പ് സന്ദേശം. ജൂലൈ 12ന് ശേഷം രാജ്യത്ത് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം വരുന്നത് ഇതാദ്യമായതിനാല്‍ ജനങ്ങള്‍ ഏറെ ജാഗ്രത പാലിച്ചിരുന്നു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates