അബുദാബി: യുഎഇയിലെ വടക്കന്‍ എമിറേറ്റുകളിലെ പൊതു ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചു.ഇന്ധന ടാങ്കറില്‍ നിന്ന് കടലിലേക്ക് എണ്ണ ചോര്‍ന്നതിന് പിന്നാലെ വിപുലമായ കടല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍. ഇന്ധന ചോര്‍ച്ചയെന്ന സംശയത്തില്‍ യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളിലെ ബീച്ചുകള്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് അടച്ചത്.
എല്ലാ പൊതു ബീച്ചുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി അടച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബീച്ചുകള്‍ വീണ്ടും തുറക്കുന്നതുവരെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കടലിലുണ്ടായ എണ്ണച്ചോര്‍ച്ച തീരപ്രദേശങ്ങളിലേക്ക് എത്തിയതായി സാങ്കേതിക നിരീക്ഷണ സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച യുഎഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം മലിനീകരണത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിരുന്നു. എണ്ണച്ചോര്‍ച്ച മൂലം ശക്തമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇത് പൊതുജനാരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഭീഷണിയല്ലെന്നും ധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോര്‍ച്ചയ്ക്ക് കാരണമായ കപ്പല്‍ ഏതാണെന്നോ, ചോര്‍ച്ചയുണ്ടായ കൃത്യമായ കാരണം എന്താണെന്നോ ഫെഡറല്‍ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തീരപ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ മൂന്ന് എമിറേറ്റുകളിലെയും അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഉമ്മുല്‍ ഖുവൈന്‍: സാങ്കേതിക സംഘങ്ങള്‍ ആഘാതം വിലയിരുത്തുന്നതിനും എണ്ണ പടരുന്നത് തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയില്‍, എല്ലാ പൊതു ബീച്ചുകളും തീരപ്രദേശങ്ങളും താല്‍ക്കാലികമായി അടച്ചു. ഷാര്‍ജ: കടലില്‍ ഒഴുകിനടക്കുന്ന എണ്ണപ്പാളികള്‍ തീരത്തേക്ക് എത്തുന്നത് തടയുന്നതിനായി അല്‍ ഹംരിയ ബീച്ച് താല്‍ക്കാലികമായി അടച്ചു.
റാസല്‍ ഖൈമ: റാസല്‍ ഖൈമ പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റും റാസല്‍ ഖൈമ പൊലീസും ചേര്‍ന്ന്, എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ ശനിയാഴ്ച ഉത്തരവിട്ടു. തീരപ്രദേശങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള തീയതികള്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല, ഫീല്‍ഡ് സാഹചര്യങ്ങളെയും സുരക്ഷാ അനുമതികളെയും ആശ്രയിച്ച് അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടാകുമെന്ന് പ്രസ്താവിച്ചു.
പൊങ്ങിക്കിടക്കുന്ന എണ്ണ നിയന്ത്രിക്കുന്നതിനും ബാധിത ജലാശയങ്ങളില്‍ നിന്ന് മലിനീകരണം വേര്‍തിരിച്ചെടുക്കുന്നതിനും ഫെഡറല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക മറൈന്‍ ക്ലീനപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.
ഉം അല്‍ ഖുവൈനില്‍ വ്യാപനം ലഘൂകരിക്കുന്നതിന് മുനിസിപ്പല്‍ ഫീല്‍ഡ് ടീമുകള്‍ തീരപ്രദേശം തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം നിയന്ത്രണ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോടും കടല്‍ത്തീര യാത്രക്കാര്‍ക്കും ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും അടച്ചിട്ട തീരപ്രദേശങ്ങള്‍ ഒഴിവാക്കാനും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പങ്കിടുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates