

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക സന്ദേശം പൊലീസിന് ലഭിച്ചു. മദ്യപിച്ചതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും ഓഡിയോ സന്ദേശത്തിലുണ്ട്. അപകടം ഉണ്ടായതിന് പിന്നാലെ പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശബ്ദസന്ദേശം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികളിലൊരാള്‍ അയാളുടെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസിന് ലഭിച്ചത്. അപകടം നടന്നതിനെക്കുറിച്ചും, അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ചും, അപകടത്തിന് മുമ്പ് മദ്യപിച്ചിരുന്നതിനെപ്പറ്റിയും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഉടന്‍ തന്നെ അവിടെ നിന്നും രക്ഷപ്പെടാനാണ് മറുതലയ്ക്കല്‍ നിന്നും നിര്‍ദേശം ലഭിച്ചതെന്നും ശബ്ദസന്ദേശത്തിലുണ്ട്.
അപകടം നടന്ന ഉടന്‍ തന്നെ ഒന്നാം പ്രതി സുഹൈല്‍ സജീവ് ആദ്യം പിതാവിനെയാണ് വിളിച്ചതെന്നും പൊലീസ് അറിയിച്ചു. ശബ്ദസന്ദേശം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ സുഹൈല്‍ സജീവ് അടക്കമുള്ള നാലു പ്രതികളുടേയും ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ള സാക്ഷികളെ തിരിച്ചറിയേണ്ടതുണ്ട്. ഇവരെ കണ്ടെത്തി മൊഴികള്‍ കൂടി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിക്കും.
അപകടസമയത്ത് സുഹൈല്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ട്. ഇതിനായുള്ള നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലും കൂടുതല്‍ തെളിവെടുപ്പുകളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഒക്ടോബർ 11 ന് പുലർച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates