ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി വധത്തിന് പിന്നാലെ അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റവിമുക്തന്‍. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. സജ്ജന്‍കുമാറിന് കലാപാഹ്വാനത്തിലോ കൊലപാതകത്തിലോ പങ്കില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍. 1984ല്‍ നടന്ന കലാപത്തില്‍ ജനക്പുരി - വികാസ്പുരി പ്രദേശങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിലൂടെ കലാപത്തിന്റെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നാല്‍പത്തിരണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് പരാജയപ്പെട്ടത്. കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയാത്തത് നിരാശാജനകമാണെന്നും കലാപത്തില്‍ അച്ഛനെ നഷ്ടപ്പെട്ട യുവതി പ്രതികരിച്ചു. തന്റെ പിതാവിനെ ജീവനോടെ ചുട്ടെരിക്കുന്നത് നേരിട്ട് കണ്ട വ്യക്തിയാണ് താന്‍. വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും അവര്‍ അറിയിച്ചു. കലാപ കാലത്ത് താന്‍ കണ്‍മുന്നില്‍ കണ്ട ദൃശ്യങ്ങള്‍ വിവരിച്ചും പൊട്ടിക്കരഞ്ഞുമായിരുന്നു ഇവരുടെ പ്രതികരണം.
ജനക്പുരി മേഖലയിലെ കലാപവുമായി ബന്ധപ്പെട്ട കേസിലെ വിധിയറിയാന്‍ നിരവധി പേരാണ് കോടതിയില്‍ എത്തിയിരുന്നത്. തന്നെ പോലുള്ള നിരവധി പേരുടെ ജീവിതം കോടതി വരാന്തകളിലേക്ക് തള്ളിവിട്ട കലാപത്തിന് ഉത്തരവാദിയാണ് സജ്ജന്‍ കുമാറെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്നായിരുന്നു വസീര്‍ സിങ് എന്നയാള്‍ പ്രതികരിച്ചത്. നീതി നിഷേധത്തിന് എതിരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള സജ്ജന്‍ കുമാര്‍ നിലവില്‍ ജയിലിലാണുള്ളത്. സരസ്വതി വിഹാറിലുള്ള സിഖുകാരായ അച്ഛനെയും മകനെയും കൊന്ന കേസില്‍ സജ്ജന്‍കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അക്രമി സംഘത്തെ നയിച്ചത് സജ്ജന്‍കുമാറാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates